സർവകക്ഷിയോഗം
സർവകക്ഷിയോഗം

അദാനി വിവാദവും ബിബിസി ഡോക്യുമെന്ററിയും പാർലമെൻ്റിൽ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം; ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

27 പാര്‍ട്ടികളിലെ 37 നേതാക്കള്‍ സർവകക്ഷിയോഗത്തിൽ പങ്കെടുത്തു
Updated on
1 min read

2023-24 ലെ കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായി കേന്ദ്ര സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്തു. ജനുവരി 31 ന് ആരംഭിക്കുന്ന പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് മുന്നോടിയായാണ് സര്‍വകക്ഷിയോഗം വിളിച്ചത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ 27 പാര്‍ട്ടികളിലെ 37 നേതാക്കള്‍ പങ്കെടുത്തു. ഭാരത് ജോഡോ യാത്രയിലായതിനാല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തില്ല.

ഡിഎംകെ, ആംആദ്മി, ആര്‍ജെഡി, സിപിഎം, സിപിഐ, എന്നീ രാഷ്ട്രീയ പാര്‍ട്ടികളാണ് അദാനി വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടത്

സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ അദാനി ഗ്രൂപ്പ് ഗുരുതര ക്രമക്കേടുകളും അക്കൗണ്ട് തിരിമറികളും നടത്തിയെന്ന ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടും ബിബിസി ഡോക്യുമെന്ററി വിലക്കിയ മോദി സര്‍ക്കാരിന്റെ നിലപാടും പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഡിഎംകെ, ആംആദ്മി, ആര്‍ജെഡി, സിപിഎം, സിപിഐ, എന്നീ രാഷ്ട്രീയ പാര്‍ട്ടികളാണ് അദാനി വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ പാര്‍ലമെന്റിലെ വലിയ രണ്ടാമത്തെ പ്രതിപക്ഷ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസ് ഇക്കാര്യം ആവശ്യപ്പെട്ടില്ല.

തൊഴിലില്ലായ്മ, വനിതാ സംവരണ ബില്‍, വിലക്കയറ്റം, ഇന്ധനവില വര്‍ദ്ധനവ് തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് തൃണമൂൽ കോൺഗ്രസ്

തൊഴിലില്ലായ്മ, വനിതാ സംവരണ ബില്‍, വിലക്കയറ്റം, ഇന്ധനവില വര്‍ധനവ് തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. ഗവര്‍ണര്‍ പോര് ആയിരിക്കും ബജറ്റ് സമ്മേളനത്തിൽ പ്രധാനമായും ബിആര്‍എസ് ഉന്നയിക്കാന്‍ പോകുന്ന വിഷയം. ജാതി അടിസ്ഥാനത്തിലുള്ള സാമ്പത്തിക സെന്‍സസ് ആണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് ഉന്നയിക്കാനിരിക്കുന്ന പ്രധാന വിഷയം. അതേസമയം നിയമപ്രകാരം മുഴുവന്‍ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് അറിയിച്ച രാജ്‌നാഥ് സിങ്ങ് പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിന് പ്രതിപക്ഷ പാര്‍ട്ടികളുടെ സഹകരണം ആവശ്യപ്പെട്ടു. ഫെബ്രുവരി ഒന്ന് ബുധനാഴ്ചയാണ് കേന്ദ്ര ബജറ്റ്.

logo
The Fourth
www.thefourthnews.in