സതീഷ് അഗ്നിഹോത്രി
സതീഷ് അഗ്നിഹോത്രി

അഴിമതി ആരോപണം; ബുള്ളറ്റ് ട്രെയിന്‍ പദ്ധതി മേധാവി പുറത്ത്

NHSRCL ല്‍ ഡയറക്ടര്‍ രാജേന്ദ്ര പ്രസാദിനാണ് പകരം ചുമതല
Updated on
1 min read

നാഷണല്‍ ഹൈ സ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് എം ഡി സ്ഥാനത്തുനിന്നും സതീഷ് അഗ്നിഹോത്രിയെ നീക്കി. അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ലോക്പാല്‍ കോടതി ഉത്തരവിട്ട സാഹചര്യത്തിലാണ് നടപടി എന്നാണ് അനൗദ്യോഗികമായ വിവരങ്ങള്‍.NHSRCL ല്‍ ഡയറക്ടര്‍ രാജേന്ദ്ര പ്രസാദിനാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്.

അഗ്നിഹോത്രിയെ പിരിച്ചുവിട്ടു കൊണ്ടുള്ള ഉത്തരവില്‍ കാരണമൊന്നും വ്യക്തമാക്കിയിട്ടില്ല.നിലവില്‍ സി ബി ഐ അന്വേഷണം നേരിടുന്ന അഗ്നിഹോത്രിക്കെതിരെ സാമ്പത്തിക ക്രമക്കേട് അടക്കം നിരവധി ആരോപണങ്ങള്‍ നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.

റെയില്‍ വികാസ് നിഗം ലിമിറ്റഡിന്റെ (ആര്‍വിഎന്‍എല്‍) ചെയര്‍മാനായി പ്രവര്‍ത്തിച്ചിരുന്ന 2010 മുതല്‍ 2018 വരെയുള്ള കാലയളവില്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സ്വകാര്യ കമ്പനിക്ക് അനധികൃതമായി ഫണ്ട് വകമാറ്റിയതുള്‍പ്പെടെ നിരവധി ആരോപണങ്ങളാണ് അദ്ദേഹത്തിനെതിരെയുള്ളത്.

ലോക്പാലിന് മുന്നില്‍ നടന്ന വാദത്തിനിടെ എല്ലാ കുറ്റങ്ങളും നിഷേധിച്ച അഗ്നിഹോത്രി പരാതിക്കാരനെതിരേ നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ പുറത്താക്കിയതിന് ശേഷം പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല.

1982-ലെ ഇന്ത്യന്‍ റെയില്‍വേ സര്‍വീസ് ഓഫ് എഞ്ചിനീയേഴ്‌സിലെ ബാച്ച് ഉദ്യോഗസ്ഥനായ അഗ്നിഹോത്രി 2018 ലാണ് വിരമിച്ചത്. 2021 ജൂലൈയിലാണ് എന്‍എച്ച്എസ്ആര്‍സിഎല്‍ എംഡിയായി നിയമിതനായത്

logo
The Fourth
www.thefourthnews.in