മഹാരാഷ്ട്രയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു; 13 മരണം

മഹാരാഷ്ട്രയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു; 13 മരണം

പൂനെയിൽനിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് പൂനെ- മുംബൈ ദേശീയപാതയിൽ ഷിൻഗ്രോബാ ക്ഷേത്രത്തിന് സമീപത്താണ് അപകടത്തിൽ പെട്ടത്
Updated on
1 min read

മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 13 പേർ മരിച്ചു. ഇരുപത്തിയഞ്ചിലധികം പേർക്ക് പരുക്കേറ്റതായി പോലീസ് അറിയിച്ചു. ശനിയാഴ്ച പുലർച്ചെ അഞ്ചോടെയാണ് അപകടമുണ്ടായത്.

പൂനെയിൽനിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് പൂനെ- മുംബൈ ദേശീയപാതയിൽ ഷിൻഗ്രോബാ ക്ഷേത്രത്തിന് സമീപത്താണ് അപകടത്തിൽ പെട്ടത്. ബസിൽ നാല്പതോളം യാത്രക്കാരുണ്ടായിരുന്നതായും പോലീസ് അറിയിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

മുംബൈയിലെ ഗൂർഗയോൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന പരമ്പരാഗത മ്യൂസിക് ട്രൂപ്പിലെ അംഗങ്ങളാണ് ബസിലുണ്ടായിരുന്നതെന്ന് പോലീസ് അറിയിച്ചു. പൂനെയിലെ പിംപ്രി ചിഞ്ച്വാഡിൽ പരിപാടി അവതരിപ്പിച്ച ശേഷം മടങ്ങവെയായിരുന്നു അപകടം. സിയോണ്‍, ഗൂർഗയോണ്‍, വിരാർ എന്നീ പ്രദേശങ്ങളിലെ ആളുകളാണ് ട്രൂപ്പിലുള്ളതെന്ന് റായ്ഗഡ് എസ്പി സോമനാഥ് ഖാർഗെ പറഞ്ഞു. പരുക്കേറ്റവരെ ഖോപ്പോലി റൂറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അപകടത്തില്‍ കാണാതായവർക്കായി തിരച്ചില്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവം നടന്നയുടൻ തന്നെ പോലീസും മറ്റ് രക്ഷാപ്രവർത്തക സംഘവും സംഭവസ്ഥലത്ത് എത്തി. താഴ്ചയിലേക്ക് മറിഞ്ഞ ബസിന്റെ ചില്ലുകളും മേൽക്കൂരയും ഉൾപ്പെടെ പൂർണമായി തകർന്ന നിലയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വലിയ വടങ്ങൾ താഴ്ചയിലേക്ക് വലിച്ചുകെട്ടിയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

മഹാരാഷ്ട്രയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു; 13 മരണം
'വൃത്തിഹീനമായ തറയിലിരുന്നാണ് പഠിക്കുന്നത്, നല്ല സ്കൂള്‍ പണിതുതരണം മോദിജീ'; വൈറലായി പെണ്‍കുട്ടിയുടെ വീഡിയോ

അതേസമയം, സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും അനുശോചനം രേഖപ്പെടുത്തി. ''മഹാരാഷ്ട്രയിലെ റായ്ഗഡിലുണ്ടായ വാഹനാപകടം ദൗർഭാഗ്യകരമാണ്. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുമായും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായും ഇതുമായി ബന്ധപ്പെട്ട് സംസാരിച്ചു. പ്രാദേശിക ഭരണകൂടം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. മരിച്ചവരുടെ കുടുംബങ്ങളോട് ഞാൻ അനുശോചനം രേഖപ്പെടുത്തുന്നു, പരുക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു''- അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് ഏക്നാഥ് ഷിൻഡെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചു. പരുക്കേറ്റവർക്ക് സർക്കാർ ചിലവിൽ ചികിത്സ ഉറപ്പാക്കുമെന്നും ഷിൻഡെ വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in