ബൈജൂസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബാലാവകാശ സംരക്ഷണ കമ്മീഷൻ : അടിസ്ഥാനരഹിതമെന്ന് കമ്പനി

ബൈജൂസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബാലാവകാശ സംരക്ഷണ കമ്മീഷൻ : അടിസ്ഥാനരഹിതമെന്ന് കമ്പനി

ബാലാവകാശ കമ്മീഷൻ കമ്പനിക്ക് സമൻസ് അയച്ച പശ്ചാത്തലത്തിലാണ് വിശദീകരണം
Updated on
1 min read

പ്രശസ്ത എഡ്യുടെക്ക് കമ്പനിയായ ബൈജൂസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ. ബൈജൂസ്‌ കുട്ടികളുടെയും മാതാപിതാക്കളുടെയും ഡാറ്റാബേസുകൾ വാങ്ങി കമ്പനിയുടെ സേവനം ഉപയോഗപ്പെടുത്താനായി അവരെ ഭീഷണിപ്പെടുത്തിയതായി ബാലാവകാശ കമ്മീഷൻ ആരോപിച്ചു. എന്നാൽ ആരോണങ്ങൾ പൂർണ്ണമായും നിഷേധിച്ച് ബൈജൂസ്‌ രംഗത്തെത്തി. വിദ്യാർഥികളുടെ ഡാറ്റാബേസുകൾ വാങ്ങിയിട്ടില്ലെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ബൈജൂസ്‌ പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. ബാലാവകാശ കമ്മീഷൻ കമ്പനിക്ക് സമൻസ് അയച്ച പശ്ചാത്തലത്തിലാണ് വിശദീകരണം.

" കുട്ടികളുടെയും മാതാപിതാക്കളുടെയും ഫോൺ നമ്പറുകൾ വാങ്ങി , അവരെ പിന്തുടരുകയും അവരുടെ ഭാവി നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി ഞങ്ങൾ മനസ്സിലാക്കി. ഇതിനെതിരെ കർശനമായ നടപടിയെടുക്കും , ആവശ്യമെങ്കിൽ സർക്കാരിന് ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകും. '' - ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ പ്രിയങ്ക് കനൂംഗോ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തിരുന്നു. വിദ്യാർത്ഥികൾക്കുള്ള വിവിധ കോഴ്സുകൾ തെറ്റായി വിൽപ്പന നടത്തുകയും ഉപഭോക്താക്കളെ നിർബന്ധിക്കുകയും ചെയ്‌തെന്ന് ആരോപിച്ച് ഡിസംബർ 23 ന് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് സിഇഒ ബൈജു രവീന്ദ്രന് കമ്മീഷൻ സമൻസ് അയച്ചിരുന്നു.

പിന്നാലെ ആരോപണങ്ങൾ നിഷേധിച്ച് ബൈജൂസ്‌ പ്രസ്താവനയിറക്കി. " 150 ദശലക്ഷത്തിലധികം രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ ഇന്ത്യയിൽ ബൈജൂസ്‌ ബ്രാൻഡിന് കീഴിലുണ്ട്. ഈ സാഹചര്യത്തിൽ പുറത്തുനിന്ന് ഡാറ്റാബേസുകൾ വാങ്ങി ഉപയോഗിക്കേണ്ട ആവശ്യം കമ്പനിക്കില്ല. ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ബ്രാൻഡുകളുടെ ലിസ്റ്റിൽ ബൈജൂസ് 19-ാം സ്ഥാനത്താണ്. ആപ്പ് ഉപയോക്താക്കൾ ഞങ്ങളെ നേരിട്ട് സമീപിക്കുകയും സേവനം പ്രയോജനപ്പെടുത്തുകയുമാണ് ചെയ്യാറുള്ളത് " - കമ്പനി വിശദീകരിക്കുന്നു.

ബൈജൂസിന്റെ സെയിൽസ് ടീം രക്ഷിതാക്കളെ പ്രലോഭിപ്പിച്ച് മക്കൾക്ക് വേണ്ടി ആപ്പ് ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നതായി ചൂണ്ടിക്കാണിച്ച വാർത്താ ലേഖനം ശ്രദ്ധയിൽപ്പെട്ടതോടെയാണ് കമ്മീഷൻ അന്വേഷണം ആരംഭിച്ചത്.

logo
The Fourth
www.thefourthnews.in