ചെലവ് ചുരുക്കൽ നടപടി; ആയിരം ജീവനക്കാരെ കൂടി പിരിച്ചുവിടാൻ ബൈജൂസ്
പ്രമുഖ എഡ്ടെക് സ്റ്റാർട്ടപ്പ് കമ്പനികളിലൊന്നായ ബൈജൂസ് വീണ്ടും കൂട്ട പിരിച്ചുവിടലിന് ഒരുങ്ങുന്നു. സാമ്പത്തികബാധ്യതയുടെ സാഹചര്യത്തിൽ ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് പിരിച്ചുവിടൽ നടപടിയെന്നാണ് റിപ്പോർട്ട്. 1,000 ജീവനക്കാരെയാണ് ഇത്തവണ ബൈജൂസ് പിരിച്ചുവിടാനൊരുങ്ങുന്നത്. കമ്പനിയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർ കൂടുതലുള്ള സെയിൽസ് വിഭാഗത്തിനെയാകും പ്രധാനമായും പിരിച്ചുവിടൽ നടപടികൾ ബാധിക്കുക.
ഈ വർഷമാദ്യം ആയിരം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു
നേരത്തേയും ബൈജൂസ് പിരിച്ചുവിടൽ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞവർഷം ഒക്ടോബറിൽ 2,500ലധികം ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിട്ടത്. ഈ വർഷമാദ്യം ആയിരം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഗ്രൗണ്ട്, സെയിൽസ് മേഖലകളിലുള്ളവരേയാണ് കമ്പനിയിലെ പിരിച്ചുവിടൽ ഏറെയും ബാധിച്ചത്.
മെറ്റ കഴിഞ്ഞ ആറ് മാസത്തിനിടെ മൂന്ന് തവണയായി നടത്തിയ ഏകദേശം 21,000 പേരെ പിരിച്ചുവിട്ടു
ബൈജൂസിന്റെ നേരിട്ടുള്ള സ്റ്റാഫുകളല്ലെങ്കിലും, ചാനൽപ്ലേ, റാൻഡ്സ്റ്റാഡ് തുടങ്ങിയ കമ്പനികളുടെ മാർക്കറ്റിങ് എക്സിക്യൂട്ടീവുകളെയും പിരിച്ചുവിടാൻ തീരുമാനമായി. കമ്പനിക്ക് ആവശ്യമുള്ള ഘട്ടത്തിൽ നിയമിക്കുകയും പിരിച്ചുവിടുകയും ചെയ്യുന്ന കരാർ ജീവനക്കാരാണ് ചാനൽപ്ലേയ്ക്കും റാൻഡ്സ്റ്റാഡിനും കീഴിലുള്ളത്.
ബിസിനസ്സിൽ സ്തംഭനാവസ്ഥ നേരിടുന്ന സാഹചര്യത്തിൽ ഓൺലൈൻ വിദ്യാഭ്യാസ രംഗത്തെ മറ്റൊരു പ്രമുഖ ആപ്പായ ആകാശുമായി കൈകോർക്കാനുള്ള ശ്രമമാണ് ബൈജൂസ് നടത്തുന്നത്. കോവിഡിന് ശേഷം ഓൺലൈൻ കോഴ്സുകൾ മാര്‍ക്കറ്റ് ചെയ്യുന്നതിന് മാന്ദ്യം അനുഭവപ്പെട്ട് തുടങ്ങിയതിനാലാണ് മറ്റ് കമ്പനികളുമായി കൈകോർക്കാൻ ബൈജൂസ് തയ്യാറായതെന്നാണ് വിലയിരുത്തലുകൾ.
ബൈജൂസ് മാത്രമല്ല ടെക് ലോകത്തെ വമ്പന്മാരെല്ലാം കൂട്ടപിരിച്ചുവിടലിന്റെ പാതയിലാണ്. മെറ്റ കഴിഞ്ഞ ആറുമാസത്തിനിടെ മൂന്നുതവണയായി നടത്തിയ പിരിച്ചുവിടലിൽ ഏകദേശം 21,000 പേരെ പിരിച്ചുവിട്ടിരുന്നു. ടെക് ലോകത്തെ മറ്റൊരു അതികായരായ ആമസോൺ പിരിച്ചുവിട്ടത് 27,000 തൊഴിലാളികളെയാണ്. മൈക്രോസോഫ്റ്റ് പതിനായിരം പേരെയും ഗൂഗിൾ 12,000 ജീവനക്കാരെയും പിരിച്ചുവിട്ടിരുന്നു.