സിഎഎ: ബാധിക്കുന്നത് മുസ്‌ലിങ്ങളെ മാത്രമോ? രേഖകളില്ലാത്ത ഹിന്ദുക്കള്‍ക്കും വെല്ലുവിളി

സിഎഎ: ബാധിക്കുന്നത് മുസ്‌ലിങ്ങളെ മാത്രമോ? രേഖകളില്ലാത്ത ഹിന്ദുക്കള്‍ക്കും വെല്ലുവിളി

തിരഞ്ഞെടുപ്പ് ബോണ്ട് സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സുപ്രീം കോടതി ഉത്തരവിട്ടതിന് പിന്നാലെയായിരുന്നു സിഎഎ പ്രാബല്യത്തില്‍ വരുത്തിയെന്നുള്ള വിജ്ഞാപനം പുറത്തിറക്കുന്നത്
Updated on
2 min read

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം (സിഎഎ) പ്രാബല്യത്തില്‍ കൊണ്ടു വന്നിരിക്കുകയാണ്. തിരഞ്ഞെടുപ്പ് ബോണ്ട് സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സുപ്രീം കോടതി ഉത്തരവിട്ടതിന് പിന്നാലെയായിരുന്നു സിഎഎ പ്രാബല്യത്തില്‍ വരുത്തിയെന്നുള്ള വിജ്ഞാപനം പുറത്തിറക്കുന്നത്.

നരേന്ദ്ര മോദി സര്‍ക്കാരിനെ സംബന്ധിച്ച് വലിയ തിരിച്ചടിയായാണ് ഇലക്ടറൽ ബോണ്ടിലെ സുപ്രീം കോടതിയുടെ ഇടപെടലിനെ വിലയിരുത്തുന്നത്. ഇതില്‍ നിന്നും ചര്‍ച്ചകള്‍ വ്യതിചലിപ്പിക്കാന്‍ വേണ്ടിയാണ് സിഎഎ ഇപ്പോള്‍ പ്രാബല്യത്തില്‍ വരുത്തിയതെന്ന വാദവും ശക്തമാണ്.

സിഎഎ: ബാധിക്കുന്നത് മുസ്‌ലിങ്ങളെ മാത്രമോ? രേഖകളില്ലാത്ത ഹിന്ദുക്കള്‍ക്കും വെല്ലുവിളി
ഷഹീൻബാഗ് തുടങ്ങിവെച്ച മാതൃക; പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് വീണ്ടും പ്രതിഷേധം ഉയരുമ്പോൾ

അസമിനെ സംബന്ധിച്ച് നിയമ പ്രാബല്യം വലിയ ഞെട്ടലുളവാക്കിയിരുന്നില്ല. സിഎഎയ്‌ക്കെതിരെ പ്രതിഷേധിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത്വ ബിശ്വ ശര്‍മ മുന്നറിയിപ്പ് നല്‍കിയിരുന്നു. നിയമം പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ ഡല്‍ഹിയിലും കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ആക്ടിവിസ്റ്റുകളില്‍ ചിലരെ ഡല്‍ഹി പോലീസ് വിളിക്കുകയും ഒരു സമര പ്രവര്‍ത്തനത്തിലും ഇടപെടരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടായിരുന്നു.

ഹിന്ദുക്കളുടെ അതേ അളവിലോ വിധത്തിലോ മുസ്‌ലിങ്ങള്‍ക്ക് ഇന്ത്യയില്‍ ജീവിക്കാനാകില്ലെന്ന് മോദി സര്‍ക്കാരിന്റെ സിഎഎയെ ഒറ്റവാക്യത്തില്‍ നിര്‍വചിക്കാം. ഹിന്ദുക്കളെ ഉള്‍പ്പെടുത്താനും മുസ്‌ലിങ്ങളെ ഒഴിവാക്കാനുമുള്ള മാര്‍ഗങ്ങള്‍ സംസ്ഥാനങ്ങള്‍ കണ്ടെത്തുകയും ചെയ്യും.

എന്നാല്‍ അസമിനെ സംബന്ധിച്ച് ഹിന്ദുക്കളെ പോലും ഈ നിയമം സംരക്ഷിക്കുന്നില്ലെന്നാണ് വിദഗ്ദാഭിപ്രായം. പൗരത്വ രജിസ്റ്ററില്‍ നിന്നും (എന്‍ആര്‍സി) ഒഴിവാക്കിയതോടെ അസമിലെ ഹിന്ദുക്കളും ഈ നിയമം മൂലം ബുദ്ധിമുട്ടുമെന്നാണ് അഭിഭാഷകനായ അമന്‍ വദൂദ് പറയുന്നത്. ഇവര്‍ക്ക് ഇന്ത്യയിലാണ് താമസിക്കുന്നതെന്ന് തെളിയിക്കാനുള്ള രേഖകള്‍ വ്യക്തമാക്കാനില്ലാത്തതാണ് ഇതിന് കാരണം.

പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നും പീഡിപ്പിക്കപ്പെടുന്ന മുസ്‌ലിങ്ങളൊഴികെയുള്ള എല്ലാ മതക്കാരെയും സംരക്ഷിക്കുന്നതാണ് സിഎഎയെന്നാണ് അവകാശവാദം. എന്നാല്‍ ഇന്ത്യക്കാരാണെങ്കിലും ബിജെപി സര്‍ക്കാര്‍ ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ സാധിക്കാത്ത ഹിന്ദുക്കള്‍ക്കും സിഎഎ സംരക്ഷണം നല്‍കുന്നില്ല.

സിഎഎ: ബാധിക്കുന്നത് മുസ്‌ലിങ്ങളെ മാത്രമോ? രേഖകളില്ലാത്ത ഹിന്ദുക്കള്‍ക്കും വെല്ലുവിളി
പൗരത്വ നിയമം കേരളത്തിന് നടപ്പാക്കാതിരിക്കാന്‍ സാധിക്കുമോ? ഭരണഘടന പ്രതിസന്ധിയെന്ന വാദം ബിജെപി ഉയര്‍ത്തും

എല്ലാ ഹിന്ദുക്കളും നിയമത്തിന്റെ പരിധിയില്‍ വരുമെന്നാണ് ബിജെപി സര്‍ക്കാരും നേതാക്കളും അവകാശപ്പെടുന്നത്. എന്നാല്‍ പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ പൗരന്മാരായിരുന്നു അവര്‍ എന്ന് തെളിയിക്കണം. ഈ രേഖകള്‍ അവര്‍ എങ്ങനെ ഹാജരാക്കുമെന്നാണ് സംശയം. ഏകദേശം 15 ലക്ഷത്തിലധികം വരുന്ന ഹിന്ദു പൗരന്മാരും സംസ്ഥാനമില്ലാത്തവരാകും. അതേസമയം എന്‍ആര്‍സിയോടൊപ്പം ചേര്‍ത്ത് വായിക്കുമ്പോള്‍ മാത്രമേ സിഎഎയുടെ പ്രാധാന്യം മനസിലാകുകയുള്ളു. എന്‍ആര്‍സി ഒരു ഒഴിവാക്കല്‍ പ്രക്രിയയാണെങ്കില്‍ സിഎഎ ഒരു ഉള്‍ക്കൊള്ളല്‍ പ്രക്രിയയാണ്.

എന്‍ആര്‍സിയിലൂടെ പുറത്ത് നിന്നുള്ളവരെ പുറത്താക്കുമെന്നും സിഎഎ ഹിന്ദുക്കളെ ഉള്‍ക്കൊള്ളുമെന്നാണ് ബിജെപി നേതാക്കളും ആഭ്യന്തര മന്ത്രിയും വ്യക്തമാക്കുന്നത്. ഇന്ത്യന്‍ പൗരത്വത്തില്‍ എന്‍ആര്‍സി സുപ്രധാന മാറ്റങ്ങളാണ് കൊണ്ടുവരുന്നതെന്നും അടിവരയിട്ട് പറയേണ്ടതുണ്ട്. എന്‍ആര്‍സിയിലൂടെ ജന്മം കൊണ്ടുള്ള പൗരത്വത്തില്‍ നിന്നും വംശപരമായ പൗരത്വത്തിലേക്ക് മാറുന്നതും വ്യക്തമാണ്.

സിഎഎയിലും എന്‍ആര്‍സിയിലും ഉള്‍പ്പെടുന്നവര്‍

എന്‍ആര്‍സി വഴി പൗരത്വ പുനപരിശോധന നടത്തുന്നതിനുള്ള പരീക്ഷണശാലയായി അസമിനെ മാറ്റുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. പഴയ കിഴക്കന്‍ ബംഗാളിലെ വംശപരമ്പരയിലെ ഹിന്ദുക്കളെയോ, മുസ്‌ലിങ്ങളെയോയാണ് അസമില്‍ എന്‍ആര്‍സിയുടെ പരിധിയില്‍ വിദേശികളെന്ന് വിശേഷിപ്പിക്കുന്നത്. 'അനധികൃത ബംഗാള്‍ കുടിയേറ്റ'ക്കാരെ തിരിച്ചറിയുന്നതിനിടയില്‍ ആസാമീസ് ദേശീയവാദികള്‍ക്ക് മതം ഒരു പ്രശ്‌നമായി വരുന്നില്ല.

നിലവില്‍ എന്‍ആര്‍സിയില്‍ നിന്നും 19 ലക്ഷം പേരെയാണ് ഒഴിവാക്കിയിട്ടുള്ളത്. അസമിലെ ഇന്റലിജന്‍സ് ബ്രാഞ്ചില്‍ നിന്നുള്ള സബ്രങ് റിപ്പോര്‍ട്ട് പ്രകാരം ബംഗാള്‍ വംശജരായ മുസ്‌ലിങ്ങളില്‍ 4.89 ലക്ഷം പേരാണ് ഒഴിവാക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നത്. ബംഗാളി ഹിന്ദുക്കള്‍ (6.90ലക്ഷം), ഗോര്‍ഖ (85,000), അസ്സാമീസ് ഹിന്ദു (60,000), കൊച്ച് രജ്‌ബോന്‍ഷി (58,000) ഗോരിയ മോരിയ ദേശി (35,000) ബോഡോ (20,000), കര്‍ബി (9,000), രബ്‌ന (8,000), മിഷിങ് (7,000), അഹോം (3,000), ഗരോ (2,500), മടക് (1,500), ദിമാശ (1,100), സോനോവള്‍ കച്ചരി (1,000), മാരാന്‍ (900), ബിഷ്ണുപുരിയ മണിപ്പൂരി (2000), നാഗ (125) ഹ്‌മര്‍ (75), കുകി (85), തഡൗ (50), ബെയ്റ്റ് (85) എന്നീ വിഭാഗങ്ങളാണ് ഒഴിവാക്കപ്പെട്ട മറ്റുള്ളവര്‍.

സിഎഎ: ബാധിക്കുന്നത് മുസ്‌ലിങ്ങളെ മാത്രമോ? രേഖകളില്ലാത്ത ഹിന്ദുക്കള്‍ക്കും വെല്ലുവിളി
പൗരത്വനിയമം ലക്ഷ്യം വയ്ക്കുന്നത് മുസ്ലിങ്ങളെ, നിയമം പിൻവലിക്കാനുള്ള രാഷ്ട്രീയ നീക്കം നടത്തുമെന്ന് സിപിഎം

ഇതില്‍ കുറച്ച് പേര്‍ക്ക് മാത്രമേ സിഎഎ പ്രകാരമുള്ള പൗരത്വത്തിന് അപേക്ഷിക്കാന്‍ സാധിക്കുകയുള്ളു. അസമിലെ ബംഗാള്‍ വംശജരായ മുസ്‌ലിങ്ങളെ മാത്രമാണ് സിഎഎ വിജ്ഞാപനത്തിലൂടെ പുറത്താകുന്നത്. എന്‍ആര്‍സിയും സിഎഎയും മുസലിം വിരുദ്ധ പദ്ധതികളാണെന്ന് ഒറ്റ നോട്ടത്തില്‍ മനസിലാകും. സിഎഎയിലൂടെ അയല്‍ രാജ്യങ്ങളിലെ മുസ്‌ലിം ഇതര ന്യൂനപക്ഷങ്ങളെ രക്ഷിക്കുകയാണെന്ന അവകാശവാദങ്ങളും ഉന്നയിക്കപ്പെടുന്നു. എന്നാല്‍ രേഖകളില്ലാത്ത ഹിന്ദുക്കളെ സിഎഎ സഹായിക്കുന്നുമില്ല.

logo
The Fourth
www.thefourthnews.in