'ഏഴ് ദിവസത്തിനുള്ളില്‍ പൗരത്വ ഭേദഗതി നടപ്പാക്കും, ഇതെന്റെ ഉറപ്പ്'; പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി
വലിയൊരു ഇടവേളയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും പൗരത്വ ഭേദഗതി നിയമം ചര്‍ച്ചയാകുന്നു. കേന്ദ്ര മന്ത്രി ശന്തനു താക്കൂർ ആണ് പൊതു വേദിയില്‍ വീണ്ടും പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് പരാമര്‍ശിച്ചത്. ഏഴ് ദിവസത്തിനുള്ളിൽ രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്നാണ് കേന്ദ്ര മന്ത്രി ശന്തനു താക്കൂറിന്റെ പ്രതികരണം. ഞായറാഴ്ച പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു ബിജെപി എംപിയുടെ പ്രഖ്യാപനം.
"അയോധ്യയിൽ രാമക്ഷേത്രം ഉദ്ഘാടനം കഴിഞ്ഞു. അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ സി എ എ നടപ്പിലാകും. ഇത് എന്റെ ഉറപ്പാണ്. പശ്ചിമ ബംഗാളിൽ മാത്രമല്ല, രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും സിഎഎ ഏർപ്പെടുത്തും" ബംഗാളിൽ നിന്നുള്ള എംപികൂടിയായ കേന്ദ്ര മന്ത്രി പറഞ്ഞു.
നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിന് എതിരെ രാജ്യത്ത് വലിയ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. നിയമത്തിലെ വ്യവസ്ഥകള്‍ വർഗീയ വിഭജനം സൃഷ്ടിക്കുന്നതാണെന്ന് ആരോപിച്ച് വലിയ പ്രതിഷേധങ്ങളാണ് നടന്നത്. പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലിൽ നൂറുകണക്കിന് ആളുകൾ ജീവൻ നഷ്ടമാകുകയും ചെയ്തിരുന്നു.
സിഎഎ നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് ബംഗ്ലാദേശ്, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽനിന്ന് 2014 ഡിസംബർ 31 വരെ ഇന്ത്യയിലെത്തിയ മുസ്ലീം ഇതര കുടിയേറ്റക്കാർക്ക് ( ഹിന്ദുക്കൾ, സിഖുകാർ, ജൈനർ, ബുദ്ധമതക്കാർ, പാർസികൾ, ക്രിസ്ത്യാനികൾ) ഇന്ത്യൻ പൗരത്വം നൽകുമെന്നായിരുന്നു പ്രധാന പ്രഖ്യാപനം.
2019 ഡിസംബറിൽ പാർലമെൻ്റ് സിഎഎ പാസാക്കുകയും തുടർന്ന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ വലിയ ജനകീയ പ്രക്ഷോഭങ്ങളായിരുന്നു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അരങ്ങേറിയത്. കഴിഞ്ഞ വർഷം ഡിസംബർ 27ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, സിഎഎ നടപ്പാക്കുന്നത് തടയാൻ ആർക്കും കഴിയില്ലെന്ന് പറഞ്ഞിരുന്നു. സിഎഎ നടപ്പാക്കാൻ ബിജെപി പ്രതിജ്ഞാബദ്ധരാണെന്ന് അമിത് ഷാ കൊൽക്കത്തയിൽ നടന്ന പാർട്ടി യോഗത്തിലാണ് വ്യക്തമാക്കിയത്.
വിവാദമായ സിഎഎ നടപ്പാക്കുമെന്ന വാഗ്ദാനമായിരുന്നു കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും പശ്ചിമ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലും ബിജെപിയുടെ പ്രധാന ആയുധം. പാർലമെൻ്ററി നടപടിക്രമങ്ങളുടെ മാനുവൽ അനുസരിച്ച്, ഏതെങ്കിലും നിയമനിർമ്മാണത്തിനുള്ള ചട്ടങ്ങൾ രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച് ആറ് മാസത്തിനുള്ളിൽ നടപ്പിലാക്കുകയോ അല്ലെങ്കിൽ ലോക്സഭയിലെയും രാജ്യസഭയിലെയും നിയമനിർമ്മാണ സമിതികളിൽനിന്ന് കാലാവധി നീട്ടാനുള്ള അനുവാദം വാങ്ങുകയോ ചെയ്യണം. 2020 മുതൽ നിരവധി തവണയായി സി എ എ നിയമം നടപ്പിലാക്കാതെ നീട്ടിവയ്ക്കുകയാണ്.
അതിനിടെ, 1995ലെ പൗരത്വ നിയമപ്രകാരം അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽനിന്ന് വരുന്ന ഹിന്ദുക്കൾ, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യൻ എന്നിവർക്ക് ഇന്ത്യൻ പൗരത്വം നൽകാൻ കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഒമ്പത് സംസ്ഥാനങ്ങളിലെ 30-ലധികം ജില്ലാ മജിസ്‌ട്രേറ്റുകൾക്കും ആഭ്യന്തര സെക്രട്ടറിമാർക്കും അധികാരം നൽകിയിട്ടുണ്ട്.