നിയമവും ധാര്‍മികതയും; ഡല്‍ഹി മുഖ്യമന്ത്രിയായി കെജ്‌രിവാളിന് ജയിലില്‍ തുടരാനാകുമോ?
ഡല്‍ഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത് റിമാന്‍ഡിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് മുന്നില്‍ ഇനിയെന്ത്? രാജ്യം ചര്‍ച്ച ചെയ്യുന്ന ചോദ്യങ്ങളില്‍ ഒന്നാണിത്. തുടര്‍ച്ചയായി സമന്‍സുകള്‍ അവഗണിച്ച കെജ്‌രിവാള്‍ അന്വേഷണവുമായി സഹകരിക്കില്ലെന്ന ഇ ഡിയുടെ വാദം അംഗീകരിച്ചാണ് ഡല്‍ഹി റോസ് ഹൗസ് കോടതി മുഖ്യമന്ത്രിയെ റിമാന്‍ഡ് ചെയ്തത്.
എന്നാല്‍, മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവെക്കില്ലെന്നാണ് കോടതി നടപടിക്കുശേഷം കെജ്‌രിവാള്‍ വ്യക്തമാക്കിയത്. ജയിലില്‍ പോയാലും കെജ്‌രിവാള്‍ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്ന് ആം ആദ്മി നേതാക്കളും ആവര്‍ത്തിക്കുന്നു. ജനാധിപത്യ സര്‍ക്കാരിലെ നിര്‍ണായക പദവി വഹിക്കാന്‍ ഭരണഘടനാപരമായ ധാര്‍മികതയും മികച്ച ഭരണനിര്‍വഹണവും ഭരണഘടനാപരമായ വിശ്വാസ്യതയും ആവശ്യമാണെന്ന് പലതവണ കോടതികളും സുപ്രീംകോടതിയും വ്യക്തമാക്കിട്ടിയിട്ടുള്ള സാഹചര്യത്തില്‍ കെജ്‌രിവാളിന് മുന്നില്‍ ഇനിയുള്ള വഴികളെന്താണ്.
സെന്തില്‍ ബാലാജി കേസും സുപ്രീം കോടതിയും
തമിഴ്നാട് വൈദ്യുതിമന്ത്രിയായിരുന്ന സെന്തില്‍ ബാലാജിക്ക് കള്ളപ്പണ നിരോധന നിയമപ്രകാരമെടുത്ത ഇ ഡി കേസില്‍ ജയിലില്‍ പോകേണ്ടി വന്നപ്പോഴാണ് ഈ വിഷയം അവസാനമായി സജീവ ചര്‍ച്ചയായത്. വിഷയം പരിഗണിച്ച മദ്രാസ് ഹൈക്കോടതി പ്രധാനമായും പരിശോധിച്ചത് അഴിമതി കേസില്‍ അന്വേഷണ വിധേയമായി കസ്റ്റഡിയില്‍ തുടരുന്ന ഒരേ സമയം മന്ത്രിയുടെ പദവി തുടരാനാകുമോ എന്നതായിരുന്നു. ജയിലില്‍ കഴിയുമ്പോഴും സെന്തില്‍ ബാലാജി മന്ത്രിയായി തന്നെ തുടര്‍ന്നു. എന്നാല്‍ അദ്ദേഹത്തിന് പ്രത്യേകിച്ച് ഒരു വകുപ്പുമുണ്ടായിരുന്നില്ല.
മദ്രാസ് ഹൈക്കോടതിയില്‍ നടന്ന വാദം 2014ല്‍ മനോജ് നെരുല വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ എന്ന കേസില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച മറ്റൊരു വിധിയിലേക്കാണ് നീണ്ടത്. ഒരു സര്‍ക്കാരിന്റെ ഭാഗമായ സുപ്രധാന പദവിയില്‍ തുടരണമെങ്കില്‍ ഒരാള്‍ക്ക് മൂന്നുകാര്യങ്ങള്‍ വേണമെന്നാണ് ഈ കേസിലെ വിധിയില്‍ പറഞ്ഞിരുന്നത്.
ഭരണഘടനാപരമായ ധാര്‍മികത
മികച്ച ഭരണ നിര്‍വഹണം
ഭരണഘടനാപരമായ വിശ്വാസ്യത
പ്രായോഗികമായ ബുദ്ധിമുട്ട്
സെന്തിൽ ബാലാജി വിഷയത്തിൽ മദ്രാസ് ഹൈക്കോടതിയിൽ ഉയർന്ന പ്രധാനപ്പെട്ട ചർച്ച തടവിൽ കഴിയുമ്പോൾ ഔദ്യോഗിക കൃത്യനിർവഹണം നടത്തുന്നതിൽ നേരിടാൻ സാധ്യതയുള്ള പ്രായോഗിക ബുദ്ധിമുട്ടുകളാണ്. ജയിലിൽ കഴിയുന്ന മന്ത്രിക്ക് വകുപ്പ് സെക്രട്ടറിയോട് ഫയലുകൾ ആവശ്യപ്പെടാൻ സാധിക്കില്ല. ഇനി ആവശ്യപ്പെടുകയാണെങ്കിൽതന്നെ ജയിൽ അധികൃതരുടെ പരിശോധനയ്ക്കുശേഷമല്ലാതെ ഈ ഫയലുകൾ മന്ത്രിയുടെ കൈകളിൽ എത്തില്ല.
സെന്തിൽ ബാലാജി മന്ത്രി സ്ഥാനത്ത് തുടരുകയാണെങ്കിൽ ഫയലുകൾ കൃത്യമായി പരിശോധിച്ചശേഷം മാത്രമേ ജയിലിനകത്തേക്ക് പ്രവേശിപ്പിക്കാവൂയെന്ന് കോടതി നിർദേശം നൽകിയിരുന്നു. മറ്റൊരു പ്രധാനപ്പെട്ട കാര്യം പ്രത്യേകിച്ച് ചുമതലകളൊന്നും വഹിക്കാത്ത മന്ത്രിമാർക്ക് സംസ്ഥാന ഖജനാവിൽനിന്ന് ശമ്പളം കൊടുക്കേണ്ടതുണ്ടോ എന്നതാണ്.
അധികാരത്തിലിരിക്കുന്ന വ്യക്തികൾ ധാർമികതയുള്ളവരാണെന്നാണ് പൊതുവിൽ ജനം കരുതുക എന്നും ജനങ്ങളുടെ വിശ്വാസ്യത നിലനിർത്താൻ സാധിക്കുകയാണ് ഏറ്റവും പ്രധാനപ്പെട്ടതെന്നുമാണ് ഹൈക്കോടതി സെന്തിൽ ബാലാജി കേസിൽ പറഞ്ഞത്.
ധാർമികത മാത്രം
എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യരാക്കപ്പെടുന്നതുവരെ ഒരു ജനപ്രതിനിധി മന്ത്രിസ്ഥാനത്ത് തുടരുന്നതിൽ ജനപ്രാതിനിധ്യ നിയമപ്രകാരം പ്രശ്ങ്ങളൊന്നുമില്ല. എന്നാൽ ധാർമികമായി അത് ശരിയാണോയെന്നാണ് പരിശോധിക്കേണ്ടതെന്ന് മദ്രാസ് ഹൈക്കോടതി പറയുന്നു. അധികാരത്തിലിരിക്കുന്ന വ്യക്തികൾ ധാർമികതയുള്ളവരാണെന്നാണ് പൊതുവിൽ ജനം കരുതുകയെന്നും ജനങ്ങളുടെ വിശ്വാസ്യത നിലനിർത്താൻ സാധിക്കുകയാണ് ഏറ്റവും പ്രധാനപ്പെട്ടതെന്നുമാണ് ഹൈക്കോടതി സെന്തിൽ ബാലാജി കേസിൽ പറഞ്ഞത്.
സെന്തിൽ ബാലാജി കേസ് പരിശോധിക്കുമ്പോൾ സാങ്കേതികമായി മുഖ്യമന്ത്രിസ്ഥാനത്ത് തുടരുന്നതിൽ കെജ്‌രിവാളിന് പ്രശ്നമുണ്ടാകില്ല. എന്നാൽ മുഖ്യമന്ത്രിയുടെ ദൈനംദിന ജോലികളില്‍ ഏർപ്പെടുന്നതിന് ബുദ്ധിമുട്ടുണ്ടാകുമെന്നതുകൊണ്ടുതന്നെ അത് എത്രത്തോളം പ്രയോഗികമായിരിക്കും എന്നതാണ് ചോദ്യം.
2019ൽ അവതരിപ്പിച്ച ഡൽഹി മദ്യനയക്കേസിലാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇപ്പോൾ ഇ ഡിയുടെ കസ്റ്റഡിയിലായത്. 2023 ഫെബ്രുവരി 26ന് മന്ത്രിസഭയിലെ രണ്ടാമനായ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇതേ കേസിൽ അറസ്റ്റു ചെയ്യപ്പെട്ടിരുന്നു.
അരവിന്ദ് കെജ്‌രിവാളിനെ ചോദ്യം ചെയ്യുന്നതിനായി ഒൻപത് തവണ സമൻസ് അയച്ചെങ്കിലും കെജ്‌രിവാൾ ഹാജരായിരുന്നില്ല. ഒടുവിൽ മാർച്ച് 21ന് രാത്രി ഔദ്യോഗിക വസതിയിലെത്തി ഇ ഡി ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുകയായിരുന്നു. ശേഷം തന്നെ അറസ്റ്റ് ചെയ്തതിനെതിരെ കെജ്‌രിവാൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും അവസാന നിമിഷം ഹർജി പിൻവലിക്കുകയായിരുന്നു. ഒടുവിൽ റോസ് അവന്യു കോടതി മാർച്ച് 28വരെ ആറ് ദിവസത്തേക്ക് ഇ ഡി കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.