തലൈവര്‍ക്ക് കഴിയാത്തത് ദളപതിക്ക് കഴിയുമോ? തമിഴകം പിടിക്കാന്‍ വിജയ് ഒരുങ്ങുമ്പോള്‍

തലൈവര്‍ക്ക് കഴിയാത്തത് ദളപതിക്ക് കഴിയുമോ? തമിഴകം പിടിക്കാന്‍ വിജയ് ഒരുങ്ങുമ്പോള്‍

രജിനിയെ പോലെ ആകാനാഗ്രഹിച്ച വിജയ്, സിനിമയില്‍ രജിനിക്കൊപ്പമെത്തി. ഇപ്പോഴാവട്ടെ, രജിനി പലകുറി പാതിവഴിയില്‍ ഉപേക്ഷിച്ച രാഷ്ട്രീയയാത്ര വിജയ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നു
Updated on
2 min read

പതിനഞ്ച് വര്‍ഷം മുന്‍പുള്ള ഒരു സീനാണ്... രജിനികാന്തിന്റെ രാഷ്ട്രീയപ്രവേശം തമിഴകത്ത് സജീവ ചര്‍ച്ചയായിരുന്ന സമയം. രജിനിയെ അറിയുന്നവരെല്ലാം ഒരേ സ്വരത്തില്‍ പറഞ്ഞു തലൈവര്‍ക്ക് രാഷ്ട്രീയത്തിലിറങ്ങാനാകില്ല, അദ്ദേഹവും രാഷ്ട്രീയപ്രവര്‍ത്തനവും തമ്മില്‍ ഒത്തുപോകില്ല. മറ്റുചിലരാകട്ടെ തലൈവര്‍ ആഗ്രഹിച്ച് വന്നാല്‍ സ്വാഗതം ചെയ്യാം, പക്ഷേ വരുമോയെന്ന് സംശയമാണെന്ന് പ്രതികരിച്ചു. അന്ന്, തലൈവര്‍ രാഷ്ട്രീയത്തിലിറങ്ങണമെന്ന് സംശയമേതുമില്ലാതെ ഉറച്ച ശബ്ദത്തില്‍ ആവശ്യപ്പെട്ടത് ഒരാള്‍ മാത്രമാണ്, വിജയ്. രജിനി ആരാധകനായ, അണ്ണാമലൈയിലെ രംഗം അഭിനയിച്ച് വീട്ടുകാരെ അഭിനയമോഹം അറിയിച്ച, തലൈവരുടെ വഴിയെ സിനിമയില്‍ നടക്കാനാഗ്രഹിച്ച ദളപതി വിജയ്.

രജിനിയെ പോലെ ആകാനാഗ്രഹിച്ച വിജയ്, സിനിമയില്‍ രജിനിക്കൊപ്പമെത്തി. ഇപ്പോഴാവട്ടെ, രജിനി പലകുറി പാതിവഴിയില്‍ ഉപേക്ഷിച്ച രാഷ്ട്രീയയാത്ര വിജയ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നു. ആ തീരുമാനം ഇന്നോ ഇന്നലെയോ ഉണ്ടായതല്ല. 'വിജയ് മക്കള്‍ ഇയക്ക'ത്തിന്റെ രൂപീകരണം മുതല്‍ ആ സംഘടന നടത്തുന്ന സന്നദ്ധപ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയപ്പാര്‍ട്ടിയിലേക്കുള്ള ചുവടുവയ്പുകള്‍ കൂടിയായിരുന്നു. 'വിജയ് മക്കള്‍ ഇയക്ക'മെന്ന ആരാധകക്കൂട്ടായ്മ സംഘടനാതലത്തില്‍ തന്നെ രാഷ്ട്രീയപാര്‍ട്ടിയായി മാറി പ്രവര്‍ത്തിച്ച് തുടങ്ങിയിട്ടും വര്‍ഷങ്ങളായി. തദ്ദേശ തിരഞ്ഞെടുപ്പില്‍ നേരത്തെ തന്നെ നൂറിലേറെ സീറ്റും നേടിയിട്ടുണ്ട്.

എഴുപതിലേറെ വര്‍ഷത്തെ പാരമ്പര്യമുള്ള രണ്ട് വലിയ പാര്‍ട്ടികളാണ് 'തമിഴക വെട്രി കഴക'ത്തിന്റെ മുഖ്യ എതിരാളികള്‍. 30 മുതല്‍ 35 ശതമാനം വരെയുള്ള പാരമ്പര്യ വോട്ട് ബാങ്കാണ് തമിഴകത്ത് ഡിഎംകെയുടെ മുതല്‍ക്കൂട്ട്. ഡിഎംകെ വിരുദ്ധ വോട്ടുകളിലാണ് എഐഡിഎംകെയുടെ സാധ്യത. അഞ്ച് ശതമാനത്തിലേറെ വോട്ട് നേടുന്ന ഒട്ടേറെ ചെറുപാര്‍ട്ടികള്‍ വേറെയുമുണ്ട്. ഈ സമവാക്യങ്ങളൊക്കെ മാറ്റിമറിക്കണമെങ്കില്‍ ഇതുവരെ ഒപ്പം നടന്ന ഡിഎംകെയെ വിജയ് ആദ്യം മുഖ്യശത്രുവായി പ്രഖ്യാപിക്കണം. ഇപ്പോഴത്തെ തമിഴ്‌നാട് സര്‍ക്കാരിനെതിരേ ഇതുവരെ ഇല്ലാതിരുന്ന ശക്തമായ പ്രതിപക്ഷ ശബ്ദമായി വിജയ് മാറേണ്ടി വരും. പ്രളയദുരന്തത്തില്‍ ജനങ്ങളിലേക്ക് നേരിട്ടെത്തിയെങ്കിലും സര്‍ക്കാരിനെതിരെ സംസാരിക്കാന്‍ തയാറായിരുന്നില്ല. പാര്‍ട്ടി പ്രഖ്യാപിച്ച സ്ഥിതിക്ക് ആശയവ്യക്തത വരുത്തേണ്ടതും നേതൃപാടവം തെളിയിക്കേണ്ടതും വിജയ്‌യുടെ ഉത്തരവാദിത്തമാണ്. ശക്തമായൊരു രാഷ്ട്രീയബദലാണെന്ന വിശ്വാസം നേടിയെടുക്കാനായാല്‍ മാത്രമേ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പോരാട്ടമെങ്കിലും സാധ്യമാകൂ.

തമിഴ് സിനിമയില്‍ വലിയ സ്വാധീനമുള്ള വിജയ്ക്ക് പക്ഷേ പ്രത്യക്ഷത്തില്‍ ഇനി ആ മേഖലയില്‍നിന്ന് വലിയ പിന്തുണ ലഭിക്കാനിടയില്ല. കാരണം തമിഴ് സിനിമ ഇപ്പോഴും ഡിഎംകെയുടെ സ്വാധീനത്തിലാണ്. റെഡ് ജയന്റ് മൂവിസും സണ്‍പിക്ചേഴ്‌സും അടങ്ങുന്ന നിര്‍മാണ, വിതരണ കമ്പനികളാണ് തമിഴ് സിനിമയെ നിയന്ത്രിക്കുന്നത്. ലൈക്ക പ്രൊഡക്ഷന്‍സും സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയും രാജ് കമല്‍ മൂവീസുമൊക്കെ ആ അര്‍ത്ഥത്തില്‍ ചെറുമീനുകള്‍ മാത്രം. പാ രഞ്ജിത്തിനെ പോലെയുള്ള ചുരുക്കം ചിലരുടെ മാത്രം പിന്തുണയെ ഇനി പ്രതീക്ഷിക്കേണ്ടതുള്ളൂ. മാത്രമല്ല സിനിമതാരങ്ങള്‍ക്ക് പാര്‍ട്ടിയില്‍ വലിയ പ്രധാന്യം നല്‍കേണ്ടതില്ലെന്ന തീരുമാനം തമിഴക വെട്രി കഴകത്തിനുണ്ടെങ്കില്‍ അത് കൂടുതല്‍ ശത്രുക്കളെയും ഉണ്ടാക്കുകയും ചെയ്യും.

എംജിആറും കരുണാനിധിയും ജയലളിതയും സിനിമയില്‍നിന്ന് രാഷ്ട്രീയത്തിലെത്തി വിജയിച്ച മാതൃകകളാണെങ്കില്‍ ശിവാജി ഗണേശന്‍ മുതല്‍ കമല്‍ഹാസനും ശരത് കുമാറും വരെയുളള പരാജിതരും പാഠപുസ്തകങ്ങളായി വിജയ്ക്ക് മുന്നിലുണ്ട്. പക്ഷേ ഇതുമാത്രം മതിയാകില്ല ദ്രാവിഡമണ്ണില്‍ ചുവടുറപ്പിക്കാന്‍. ജനപ്രിയനായ എംജിആറും കുശാഗ്രബുദ്ധിയുള്ള കരുണാനിധിയും പവര്‍ പൊളിറ്റിക്സ് പയറ്റിയ ജയലളിതയും അത്ര എളുപ്പത്തില്‍ അധികാരത്തിലെത്തിയവരല്ല. തലമുറ മാറ്റത്തില്‍ മുതലമച്ചറായി വന്നതല്ല സ്റ്റാലിനും... അതുകൊണ്ട് ഒരു വിജയ് സിനിമ വിജയിപ്പിക്കുന്നതുപോലെ ലളിതമാകില്ല ആരാധകര്‍ക്കും കാര്യങ്ങള്‍. 2026-ല്‍ സര്‍ക്കാരുണ്ടാക്കാനാകുമോ എന്നതിനേക്കാളും 2031-ലെ 'വെട്രി'യാകും വിജയ് ലക്ഷ്യം വയ്ക്കുന്നത്. എപ്പോഴും അവസരങ്ങളുടെ കലവറയാണല്ലോ രാഷ്ട്രീയം. അവിടെ എന്തുസംഭവിക്കാം...

സര്‍ക്കാരിന്റെ ഓഡിയോ ലോഞ്ചില്‍ അവതാരകനും സുഹൃത്തുമായ പ്രസന്ന വിജയ്‌യോട് ചോദിച്ചു... ഈ സിനിമയില്‍ മുതലമച്ചറാണോ? അല്ലെന്നായിരുന്നു മറുപടി. ഇനി മുതലമച്ചറായാലോ? പ്രസന്നയുടെ അടുത്ത ചോദ്യം. ''മുതലമച്ചറായി നടിക്കമാട്ടേ, ഉണ്‍മയാറുപ്പേ (മുഖ്യമന്ത്രിയായി അഭിനയിക്കില്ല, സത്യസന്ധനായിരിക്കും)'' എന്നായിരുന്നു വിജയ്‌യുടെ മറുപടി. പാര്‍ട്ടി പ്രഖ്യാപനത്തിന് പിന്നാലെ ഈ സീനാകും ഓരോ വിജയ് ആരാധകന്റെയും മനസില്‍ ആദ്യം വന്നിട്ടുണ്ടാവുക.

logo
The Fourth
www.thefourthnews.in