'പൊതുസുരക്ഷയ്ക്ക് ഭീഷണിയായ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ ഏര്‍പ്പെടുന്നു'; ഏജന്റുമാര്‍ക്ക് ലോറന്‍സ് ബിഷ്‌ണോയ് സംഘവുമായി ബന്ധമെന്ന് കാനഡ

'പൊതുസുരക്ഷയ്ക്ക് ഭീഷണിയായ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ ഏര്‍പ്പെടുന്നു'; ഏജന്റുമാര്‍ക്ക് ലോറന്‍സ് ബിഷ്‌ണോയ് സംഘവുമായി ബന്ധമെന്ന് കാനഡ

മുംബൈയില്‍ എന്‍സിപി നേതാവ് ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിനു പിന്നില്‍ ബിഷ്‌ണോയ് സംഘത്തിന്‌റെ പങ്ക് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുമ്പോഴാണ് പുതിയ ആരോപണം ഉയരുന്നത്
Updated on
2 min read

ഇന്ത്യന്‍ ഏജന്‌റുമാര്‍ ലോറന്‍സ് ബിഷ്‌ണോയ് സംഘവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി കാനഡ. തങ്ങളുടെ മണ്ണിലെ 'ഗുരുതരമായ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍' ഇന്ത്യ നേരിട്ട് പങ്കാളിയാണെന്നും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചു.

ആരോപണങ്ങള്‍ സാധൂകരിക്കാന്‍ തെളിവുകള്‍ പങ്കുവെച്ചില്ലെങ്കിലും കാനഡയിലുള്ള ഇന്ത്യന്‍ ഏജന്‌റുമാര്‍ ഖാലിസ്ഥാന്‍ അനുകൂല ഘടകങ്ങളെ ലക്ഷ്യമിട്ട് ലോറന്‍സ് ബിഷ്‌ണോയ് സംഘവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നു ട്രൂഡോ ആരോപിച്ചു. ദക്ഷിണേഷ്യന്‍ കനേഡിയന്‍ വംശജരെ ലക്ഷ്യമിട്ടുള്ള രഹസ്യ ഓപ്പറേഷനുകള്‍ ഉള്‍പ്പെടെ പൊതുസുരക്ഷയ്ക്ക് ഭീഷണിയായ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ ഏര്‍പ്പെടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുംബൈയില്‍ എന്‍സിപി നേതാവ് ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിനു പിന്നില്‍ ബിഷ്‌ണോയ് സംഘത്തിന്‌റെ പങ്ക് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുമ്പോഴാണ് പുതിയ ആരോപണം ഉയരുന്നത്.

ഹര്‍ദീപ് സിങ് നിജ്ജാര്‍ കൊലപാതക ഗൂഢാലോചനയില്‍ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ സഞ്ജയ് വര്‍മയ്ക്കും മറ്റ് നയതന്ത്രജ്ഞര്‍ക്കും പങ്കാളിത്തമുണ്ടെന്ന കാനഡയുടെ ആരോപണത്തിനു പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളാവുകയും ഇന്ത്യയിലെ കനേഡിയന്‍ പ്രതിനിധി വിളിച്ചുവരുത്തുകയും കാനഡയിലെ നയതന്ത്ര പ്രതിനിധികളെ പിന്‍വലിക്കുകയും ചെയ്തതിനു പിന്നാലെയാണ് വീണ്ടും ആരോപണങ്ങളുമായി കാനഡ രംഗത്തെത്തിയിരിക്കുന്നത്.

'പൊതുസുരക്ഷയ്ക്ക് ഭീഷണിയായ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ ഏര്‍പ്പെടുന്നു'; ഏജന്റുമാര്‍ക്ക് ലോറന്‍സ് ബിഷ്‌ണോയ് സംഘവുമായി ബന്ധമെന്ന് കാനഡ
നിജ്ജാർ കൊലപാതകം: കാനഡയ്ക്കെതിരെ കടുപ്പിച്ച് ഇന്ത്യ; പ്രതിനിധിയെ വിളിപ്പിച്ച് വിദേശകാര്യമന്ത്രാലയം, ഇന്ത്യൻ ഹൈക്കമ്മിഷണറെ പിൻവലിച്ചു

ഹര്‍ദീപ് സിങ് നിജ്ജാറിന്‌റെ കൊലപാതകവും മറ്റ് അക്രമസംഭവങ്ങളുമായി ഇന്ത്യന്‍ ഏജന്‌റുമാര്‍ക്കുള്ള ബന്ധങ്ങള്‍ വെളിപ്പെടുത്തുന്ന തെളിവുകളുണ്ടെന്ന് റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ സഞ്ജയ് വര്‍മയ്ക്കും മറ്റു നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും പങ്കാളിത്തമുണ്ടെന്ന കാനഡയുടെ ആരോപണത്തിനു പിന്നാലെയാണ് പ്രസ്താവന ഇറക്കിയത്.

''കാനഡയിലും വിദേശത്തുമുള്ള വിവിധ സ്ഥാപനങ്ങളെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിന്‌റെ ഏജന്‌റുമാര്‍ ഉപയോഗിച്ചുണ്ടെന്ന് തെളിവുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ ചില വ്യക്തികളെയും ബിസിനസുകാരെയും ഇന്ത്യ സര്‍ക്കാരിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ ഭീഷണിപ്പെടുത്തി. ഇന്ത്യൻ സർക്കാരിനുവേണ്ടി ശേഖരിക്കുന്ന വിവരങ്ങള്‍ ദക്ഷിണേന്ത്യന്‍ സമൂഹത്തിലെ അംഗങ്ങളെ ലക്ഷ്യമിട്ടാണ് ഉപയോഗിച്ചിരുന്നത്,'' റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ്‌ പറഞ്ഞു.

സിഖ് സമുദായത്തിലെ അംഗങ്ങളെ ഇന്ത്യന്‍ ഏജന്‌റുമാര്‍ ലക്ഷ്യമിടുന്നുണ്ടോയെന്ന ചോദ്യത്തിന് ദക്ഷിണേന്ത്യന്‍ സമൂഹത്തെയാണ് ഈ ഗ്രൂപ്പുകള്‍ പ്രധാനമായും ലക്ഷ്യമിടുന്നതെന്നും എന്നാല്‍ കാനഡയിലെ ഖാലിസ്ഥാന്‍ അനുകൂല ഘടകങ്ങളെ അവര്‍ പ്രത്യേകം ലക്ഷ്യംവെയ്ക്കുന്നുണ്ടെന്നും റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് അസിസ്റ്റന്‌റ് കമ്മിഷണര്‍ ബ്രിജിറ്റ് ഗൗവിന്‍ പറഞ്ഞു.

''അവര്‍ സംഘടിത കുറ്റകൃത്യങ്ങള്‍ ചെയ്യുന്നു. ബിഷ്‌ണോയ് ഗ്രൂപ്പിലെ ഒരു സംഘടിതി ക്രൈം ഗ്രൂപ് ഇത് പരസ്യമായി അവകാശപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ ഗ്രൂപ്പിന് ഇന്ത്യൻ സർക്കാരിന്റെ ഏജന്‌റുമാരുമായി ബന്ധമുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,'' ഗൗവിന്‍ പറഞ്ഞു.

'പൊതുസുരക്ഷയ്ക്ക് ഭീഷണിയായ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ ഏര്‍പ്പെടുന്നു'; ഏജന്റുമാര്‍ക്ക് ലോറന്‍സ് ബിഷ്‌ണോയ് സംഘവുമായി ബന്ധമെന്ന് കാനഡ
ഉത്തരേന്ത്യ മുഴുവൻ വ്യാപിച്ച് കിടക്കുന്ന അധോലോക ശൃംഖല, 700 ഷൂട്ടർമാർ; എന്താണ് ലോറൻസ് ബിഷ്‌ണോയ്‌യും സംഘവും?

കനേഡിയൻ മണ്ണിൽ ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യൻ സർക്കാർ ഏജൻ്റുമാർക്കു പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതിനു പിന്നാലെയുണ്ടായ സാഹചര്യങ്ങളെ തുടർന്ന്, കഴിഞ്ഞ വർഷം സെപ്തംബർ മുതൽ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വളരെ മോശം നിലയിലാണ്.

നിജ്ജാറിൻ്റെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ കാനഡ ഇന്ത്യൻ ഹൈക്കമ്മിഷണർ സഞ്ജയ് കുമാർ വർമയും ഉൾപ്പെട്ടുവെന്ന കാനഡയുടെ വെളിപ്പെടുത്തലോടെയാണ് വിഷയം വീണ്ടും വഷളായിരിക്കുന്നത്. 36 വർഷമായി മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും മുതിർന്ന നയതന്ത്രജ്ഞനാണ് സഞ്ജയ് കുമാർ വർമ.

logo
The Fourth
www.thefourthnews.in