ബാഗ് വയ്ക്കാൻ സഹായം തേടി; അർബുദബാധിതയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു, വിശദീകരണം തേടി ഡിജിസിഎ

ബാഗ് വയ്ക്കാൻ സഹായം തേടി; അർബുദബാധിതയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു, വിശദീകരണം തേടി ഡിജിസിഎ

അമേരിക്കൻ എയർലൈൻസിന്റെ ഡൽഹി-ന്യൂയോർക്ക് എഎ–293 വിമാനത്തിൽ ജനുവരി 30 നാണ് സംഭവം
Updated on
1 min read

ബാഗ് വയ്ക്കാൻ സഹായം തേടിയ അർബുദബാധിതയായ യുവതിയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി. ബാഗ് വയ്ക്കാൻ സഹായം ആവശ്യപ്പെട്ടപ്പോള്‍ വിസമ്മതിച്ചുവെന്നും തുടർന്ന് വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടെന്നും ആരോപിച്ച് മീനാക്ഷി സെൻഗുപ്ത എന്ന യുവതിയാണ് ഫ്ലൈറ്റ് അറ്റൻഡന്റിനെതിരെ ഡൽഹി പോലീസിനും സിവിൽ എയറിനും പരാതി നൽകിയത്. അമേരിക്കൻ എയർലൈൻസിന്റെ ഡൽഹി-ന്യൂയോർക്ക് എ എ–293 വിമാനത്തിൽ ജനുവരി 30 നാണ് സംഭവം.

വിമാനത്തിലേക്ക് കയറിയപ്പോള്‍ കൈയ്യിലുള്ള ബാഗ് മുകളിലുള്ള ക്യാബിനിലേക്ക് എടുത്ത് വയ്ക്കാന്‍ മീനാക്ഷിയോട് ഫ്ലൈറ്റ് അറ്റൻഡന്റ് ആവശ്യപ്പെട്ടു. കുറച്ച് ദിവസങ്ങൾക്ക് മുന്‍പ് ശസ്ത്രക്രിയ കഴിഞ്ഞതിനാല്‍ ഒറ്റയ്ക്ക് ചെയ്യാന്‍ സാധിക്കില്ലെന്നും ബാഗ് മുകളിലേക്ക് വയ്ക്കാന്‍ തന്നെ സഹായിക്കണമെന്ന് യുവതി എയർഹോസ്റ്റസിനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. അത് നിരസിച്ച എയർഹോസ്റ്റസ് ഇത് തന്റെ ജോലി അല്ലെന്ന് പറയുകയും തുട‍ർന്ന് മീനാക്ഷിയോട് വിമാനത്തില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെടുകയുമായിരുന്നുവെന്നാണ് പരാതി. സംഭവത്തില്‍ അമേരിക്കൻ എയർലൈൻസിനോട് ഡിജിസിഎ വിശദീകരണം തേടിയിട്ടുണ്ട്.

ബാഗിന് 5 പൗണ്ടിൽ കൂടുതൽ ഭാരമുണ്ടായിരുന്നു, അടുത്തിടെ ശസ്ത്രക്രിയ കഴിഞ്ഞതിനാല്‍ ശാരീരികമായി ദുർബലയായിരുന്നതിനാലാണ് സഹായം ആവശ്യപ്പെട്ടത്

മീനാക്ഷി സെൻഗുപ്ത

ബാഗിന് 5 പൗണ്ടിൽ കൂടുതൽ ഭാരമുണ്ടായിരുന്നെന്നും അടുത്തിടെ ശസ്ത്രക്രിയ കഴിഞ്ഞതിനാല്‍ ശാരീരികമായി ദുർബലയായിരുന്നതിനാലാണ് സഹായം ആവശ്യപ്പെട്ടതെന്നും മീനാക്ഷി പരാതിയിൽ വ്യക്തമാക്കുന്നു. വളരെ മോശമായാണ് ജീവനക്കാർ പെരുമാറിയതെന്നും ഇതൊന്നും തങ്ങളുടെ ജോലിയല്ലെന്ന് മറുപടി നല്‍കിയതായും ഇറക്കി വിടാനുള്ള തീരുമാനത്തില്‍ അവർ ഒറ്റക്കെട്ടായിരുന്നെന്നും യുവതി പരാതിയില്‍ പറയുന്നു.

എന്നാല്‍ ജീവനക്കാരുടെ നിർദേശങ്ങൾ പാലിക്കാത്തതിനാലാണ് യാത്രക്കാരിയെ വിമാനത്തിൽനിന്ന് ഇറക്കി വിട്ടതെന്നാണ് അമേരിക്കൻ എയർലൈൻസിന്റെ വിശദീകരണം. അവരുടെ ടിക്കറ്റിന്റെ പണം തിരികെ നല്‍കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഡി ജി അരുണ്‍കുമാര്‍ വ്യക്തമാക്കി.

അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ മീനാക്ഷി ഇന്ത്യയിൽ അവധിക്ക് വന്നപ്പോഴാണ് അർബുദ ബാധിതയാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ഇവിടെ വച്ചുതന്നെ ശസ്ത്രക്രിയ നടത്തുകയായിരുന്നു. തുടർ ചികിത്സകൾക്കായി അമേരിക്കയില്‍ ഡോക്ടറുടെ അപ്പോയിന്റ്മെന്റും എടുത്തിരുന്നു. വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടതിനെ തുടർന്ന് മറ്റൊരു വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്ത് അവർ അമേരിക്കയിലേക്ക് പോയി.

logo
The Fourth
www.thefourthnews.in