കാവേരി നദീജല തർക്കം: തമിഴ്നാടിന് കൂടുതൽ വെള്ളം നൽകാനാകില്ലെന്ന് കർണാടക സുപ്രീംകോടതിയിൽ
കാവേരി വിഷയത്തില്‍ തീരുമാനം കടുപ്പിച്ച് കര്‍ണാടക. കാവേരി, കൃഷ്ണ നദീതടങ്ങളില്‍ കടുത്ത വരള്‍ച്ച നേരിടുന്നതിനാല്‍ സെപ്റ്റംബര്‍ 12ന് ശേഷം തമിഴ്‌നാടിന് കൂടുതല്‍ ജലം വിട്ടുനല്‍കുന്നത് പ്രായോഗികമല്ലെന്ന് കര്‍ണാടക സുപ്രീംകോടതിയില്‍ അറിയിച്ചു. കാവേരി നദീജലം പങ്കിടല്‍ വിഷയത്തില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കര്‍ണാടക തീരുമാനം വ്യക്തമാക്കിയത്.
ദിവസേന 24,000 ക്യൂസെക്സ് വെള്ളം പുറത്തുവിടണമെന്ന് കര്‍ണാടകയോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ അപേക്ഷയ്ക്ക് മറുപടിയായിട്ടാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.
തമിഴ്‌നാട് വിവേകപൂര്‍വമായി വെള്ളം ഉപയോഗിച്ചിരുന്നെങ്കില്‍ കുറേ നാളത്തേയ്ക്ക് കൂടി ജലം ലഭിക്കുമായിരുന്നു എന്ന് കേന്ദ്ര പ്രതിനിധി 23-ാമത് കാവേരി വാട്ടര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ (സി.ഡബ്ല്യൂ.എം.എ) യോഗത്തിൽ പറഞ്ഞതും സത്യവാങ്മൂലത്തില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ക്ക് തമിഴ്‌നാടിനെയാണ് കുറ്റപ്പെടുത്തേണ്ടത്. 2023-24 കാലയളവില്‍ മേട്ടൂര്‍ റിസര്‍വോയറില്‍ നിന്ന് വലിയ തോതിലാണ് ജലം തുറന്നുവിട്ടത് . ദുരിതാവസ്ഥ കണക്കിലെടുത്ത് തമിഴ്‌നാട് ജലം വിവേകപൂര്‍വമായി ഉപയോഗിച്ചിരുന്നെങ്കില്‍ ദീര്‍ഘകാലത്തേയ്ക്ക് മികച്ച അളവിൽ വെള്ളം ലഭിക്കുമായിരുന്നു എന്നായിരുന്നു യോഗത്തിൽ കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ പ്രതിനിധിയുടെ ആരോപണം.
സെപ്റ്റംബര്‍ 4ന് കാവേരി നദീതടത്തിലെ വെള്ളത്തിന്റെ തത്സമയ സംഭരണം 56.043 ടിഎംസി ആണെന്നും പ്രതീക്ഷിക്കുന്ന ഒഴുക്ക് ഏകദേശം 40 ടിഎംസിയാണെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ കാവേരിയിൽ നിന്നുള്ള നിലവിലെ വെള്ളത്തിന്റെ ലഭ്യത മതിയാകില്ല. വരും കാലങ്ങളില്‍ കര്‍ണാടകയുടെ വെളളത്തിന്റെ ആവശ്യം 140 ടിഎംസിയാണ്. അതിനാല്‍, ഓഗസറ്റ് 29ന് നടന്ന കാവേരി വാട്ടര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ യോഗത്തിലെ നിര്‍ദേശങ്ങള്‍ മുന്‍നിര്‍ത്തി സെപ്റ്റംബര്‍ 12 മുതല്‍ തമിഴ്‌നാടിന് കൂടുതല്‍ വെള്ളം നല്‍കാന്‍ സാധിക്കില്ലെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.
കര്‍ണാടകയിലെ ജലസംഭരണികള്‍ക്ക് താഴെയുള്ള പ്രദേശങ്ങളിലും സംസ്ഥാനങ്ങളുടെ അതിര്‍ത്തിയിലും 66 ശതമാനം മഴയുടെ കുറവുണ്ടെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു. 2023-24 കാലയളവ് ഒരു സാധാരണ ജലവര്‍ഷമാണെന്നത് തികച്ചും ന്യായീകരിക്കാനാവാത്തതും തെറ്റായ അനുമാനത്തെ അടിസ്ഥാനമാക്കിയുമുള്ളതാണ്. അതുകൊണ്ട് തന്നെ തമിഴ്‌നാടിന്റെ അപേക്ഷ തള്ളണമെന്ന് കര്‍ണാടക സര്‍ക്കാര്‍ കോടതിയോട് അഭ്യര്‍ഥിച്ചു.