മുൻ ഭാര്യക്കുള്ള ജീവനാംശത്തിൽ കിഴിവിന് 'കൃത്രിമ' ഐഡിയയുമായി ഭർത്താവ്; ഹർജി തള്ളി കർണാടക ഹൈക്കോടതി

മുൻ ഭാര്യക്കുള്ള ജീവനാംശത്തിൽ കിഴിവിന് 'കൃത്രിമ' ഐഡിയയുമായി ഭർത്താവ്; ഹർജി തള്ളി കർണാടക ഹൈക്കോടതി

ഹർജിക്കാരന്റെ ശമ്പളത്തിന് അനുസരിച്ചു തന്നെയാണ് കുടുംബ കോടതി ജീവനാംശം നിശ്ചയിച്ചിരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാണിച്ചു
Updated on
1 min read

ശമ്പളത്തിലെ വെട്ടിച്ചുരുക്കലുകള്‍ ചൂണ്ടിക്കാണിച്ച് മുന്‍ ഭാര്യക്ക് നല്‍കേണ്ട ജീവനാംശ തുകയില്‍ കിഴിവ് തേടി ഭർത്താവ് സമർപ്പിച്ച ഹർജി തള്ളി കർണാടക ഹൈക്കോടതി. സിആർപിസി 125-ാം വകുപ്പ് പ്രകാരം ഭാര്യക്ക് 15,000 രൂപയും മകള്‍ക്ക് 10,000 രൂപയും നല്‍കണമെന്ന കുടുംബ കോടതിയുടെ ഉത്തരവിനെതിരെയാണ് ഹർജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്. വെട്ടിച്ചുരുക്കലുകള്‍ കഴിഞ്ഞ് തനിക്ക് ലഭിക്കുന്ന ശമ്പളത്തെ അപേക്ഷിച്ച് ജീവനാംശ തുക കൂടുതലാണെന്നായിരുന്നു ഹർജിക്കാരന്റെ വാദം.

"ആദായനികുതിയും പ്രൊഫഷണല്‍ നികുതിയുമാണ് നിർബന്ധമായും കുറയ്ക്കാന്‍ സാധിക്കുന്നത്. ഹർജിക്കാരന്റെ ശമ്പളത്തില്‍ നിന്നുള്ള വെട്ടിക്കുറയ്ക്കലുകള്‍ വീട്ടുവാടക, പ്രോവിഡന്റ് ഫണ്ട് സംഭാവന, ഹർജിക്കാരന്റെ ലോണ്‍, ഉത്സവ ബത്ത തുടങ്ങിയവയാണ്. ഇവയെല്ലാം ഹർജിക്കാരന് മാത്രം പ്രയോജനം ഉണ്ടാകുന്ന കിഴിവുകളാണ്. ജീവനാംശ തുകയുടെ കാര്യത്തില്‍ ഇവ പരിഗണിച്ചുകൊണ്ട് കിഴിവ് വരുത്താന്‍ സാധിക്കില്ല,'' കോടതിയെ ഉദ്ധരിച്ചുകൊണ്ട് ലൈവ് ലൊ റിപ്പോർട്ട് ചെയ്തു.

മുൻ ഭാര്യക്കുള്ള ജീവനാംശത്തിൽ കിഴിവിന് 'കൃത്രിമ' ഐഡിയയുമായി ഭർത്താവ്; ഹർജി തള്ളി കർണാടക ഹൈക്കോടതി
ഇലക്ടറല്‍ ബോണ്ട്: വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കാനുള്ള സമയപരിധി നീട്ടണമെന്ന് എസ്ബിഐ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ (എസ്‌ബിഐ) ബ്രാഞ്ച് മാനേജർ പോസ്റ്റിലാണ് ഹർജിക്കാരന്‍ ജോലി ചെയ്യുന്നത്. ഭാര്യക്ക് നല്‍കേണ്ട ജീവനാംശ തുക ലഭിക്കുന്ന ശമ്പളത്തെ അപേക്ഷിച്ച് വലിയ തുകയാണെന്നും ഹർജിക്കാരന്‍ ചൂണ്ടിക്കാണിച്ചു. ലഭിക്കുന്ന ശമ്പളത്തിലെ വെട്ടിക്കുറയ്ക്കലുകള്‍ തെളിയിക്കുന്നതിനായി ഹർജിക്കാരന്‍ സാലറി സ്ലിപ്പ് കോടതിയില്‍ ഹാജരാക്കിയിരുന്നു.

ഇതിന് അനുമതി നല്‍കിയാല്‍ സമാന ഹർജികള്‍ ഭാവിയില്‍ കോടതിയിലെത്താനും ജീവനാംശ തുക കുറയ്ക്കുന്നതിനായി കൃത്രിമ സാലറി സ്ലിപ്പുകള്‍ സൃഷ്ടിക്കാനുള്ള സാധ്യതകളുണ്ടെന്നും കോടതി നിരീക്ഷിച്ചു.

ജീവനാംശം കുറച്ച് നല്‍കുക എന്ന ഉദ്ദേശ്യത്തോടെ ശമ്പളത്തില്‍ കൂടുതല്‍ വെട്ടിച്ചുരുക്കലുകള്‍ കാണിക്കാന്‍ ഭർത്താവ് ഏർപ്പാടുചെയ്തതായി ഇതോടെ തെളിഞ്ഞിരിക്കുന്നു. അതിനാല്‍ ജീവനാംശത്തില്‍ കിഴിവ് നല്‍കുന്നതിന് മേല്‍പ്പറഞ്ഞ കാരണങ്ങള്‍ പരിഗണിക്കാനാകില്ല. ഹർജിക്കാരന് പ്രതിമാസം ഒരു ലക്ഷം രൂപ ശമ്പളം ലഭിക്കുന്നുണ്ട്. ഇതനുസരിച്ചാണ് ജീവനാംശ തുക കുടുംബ കോടതി നിശ്ചയിച്ചിരിക്കുന്നതെന്നും ഹർജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in