'റിപോർട്ട് കണ്ടിരുന്നു, ആധികാരികതയെ കുറിച്ച് പ്രതികരിക്കാനില്ല'; ന്യൂസ് ക്ലിക്ക്- ചൈന ബന്ധത്തെ കുറിച്ച് യുഎസ്
ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് ബന്ധം ആരോപിച്ച് മാധ്യമസ്ഥാപനമായ ന്യൂസ് ക്ലിക്കിന് എതിരായ പോലീസ് നടപടിയി പ്രതികരിക്കാന്‍ തയ്യാറാകാതെ യുഎസ്. ന്യൂസ് ക്ലിക്ക് - ചൈന ബന്ധത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളെ കുറിച്ച് അറിവുണ്ട്. റിപ്പോര്‍ട്ടിന്റെ ആധികാരികതയെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാന്‍ സാധിക്കില്ലെന്നാണ് യുഎസ് നിലപാട്. യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് പ്രിൻസിപ്പൽ ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. വിവാദങ്ങളുടെയും നടപടികളുടെയും പശ്ചാത്തലത്തില്‍ മാധ്യമപ്രവർത്തകരുടെ മനുഷ്യാവകാശങ്ങളെ കുറിച്ച് ഇന്ത്യന്‍ സര്‍ക്കാരുമായി ആശയ വിനിമയം നടത്തിയതായും വേദാന്ത് പട്ടേൽ വാഷിംഗ്ടൺ ഡിസിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
ചൈനീസ് അനുകൂല പ്രചാരണങ്ങള്‍ക്കുവേണ്ടി ധനസഹായം സ്വീകരിച്ചുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ന്യൂസ്‌ക്ലിക്കിന് എതിരായ നടപടി
ന്യൂസ് ക്ലിക്കിന്റെ ചൈന ബന്ധം സംബന്ധിച്ച റിപ്പോർട്ടുകളെക്കുറിച്ച് അറിവുണ്ടോ എന്ന ചോദ്യത്തിന് അറിയാം എന്നായിരുന്നു യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് പ്രിൻസിപ്പൽ ഡെപ്യൂട്ടി വക്താവിന്റെ പ്രതികരണം. “ റിപ്പോർട്ടുകളുമായി ബന്ധപ്പെട്ട ആശങ്കകളെക്കുറിച്ച് യുഎസിന് ബോധ്യമുണ്ട്. മാധ്യമ സ്ഥാപനത്തിന്റെ ചൈന ബന്ധത്തെക്കുറിച്ച് റിപ്പോർട്ട് ശ്രദ്ധയില്‍പെട്ടിരുന്നു. പക്ഷേ ആ അവകാശവാദങ്ങളുടെ സത്യാവസ്ഥയെക്കുറിച്ച് ഇപ്പോൾ അഭിപ്രായം പറയാൻ കഴിയില്ല," വേദാന്ത് പട്ടേൽ വ്യക്തമാക്കി.
"ജനാധിപത്യത്തിൽ സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള മാധ്യമങ്ങളുടെ ശക്തമായ പങ്കിനെ യുഎസ് സർക്കാർ ശക്തമായി പിന്തുണയ്ക്കുന്നു. നമ്മുടെ ഉഭയകക്ഷി ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യൻ ഗവൺമെന്റുമായും ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായും ഈ വിഷയങ്ങളിലെ ആശങ്കകൾ യുഎസ് പങ്കുവെക്കുന്നുണ്ട്. ഓൺലൈനിലും ഓഫ്‌ലൈനിലും ഉള്ള അഭിപ്രായ സ്വാതന്ത്ര്യം ഉൾപ്പെടെ, മാധ്യമപ്രവർത്തകരുടെ മനുഷ്യാവകാശങ്ങളെ മാനിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇന്ത്യൻ സർക്കാരിനോട് സംസാരിച്ചിട്ടുണ്ട്". വേദാന്ത് പട്ടേൽ വ്യക്തമാക്കുന്നു.
ചൈനീസ് അനുകൂല പ്രചാരണങ്ങള്‍ക്കുവേണ്ടി ധനസഹായം സ്വീകരിച്ചുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ന്യൂസ്‌ക്ലിക്കിന് എതിരായ നടപടി. എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയെയും എച്ച് ആര്‍ മേധാവിയെയും ബുധനാഴ്ച അറസ്റ്റ് ചെയ്യുകയും ചെയ്തു. 'ന്യൂയോര്‍ക്ക് ടൈംസ്' ഓഗസ്റ്റ് അഞ്ചിന് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ന്യൂസ് ക്ലിക്കിനെതിരായ നടപടി. ന്യൂസ് ക്ലിക്ക് വെബ്‌സൈറ്റിനെതിരെ യുഎപിഎ പ്രകാരം കേസെടുത്തശേഷമാണ് അതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ് നടത്തിയത്. ഒക്ടോബർ മൂന്നാം തിയ്യതി പുലർച്ചെയായിരുന്നു റെയ്ഡ്.
മാധ്യമപ്രവര്‍ത്തകര്‍ക്ക് പുറമെ കോമേഡിയന്‍ സഞ്ജയ് റജൗറ, ചരിത്രകാരന്‍ സൊഹൈല്‍ ഹാഷ്മി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരുടെ വീടുകളിലും റെയ്ഡ് നടന്നു. പ്രബീര്‍ പുരകായസ്തയെ കൂടാതെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പരഞ്ജയ ഗുഹ തക്കുര്‍ത്ത, സഞ്ജയ് രാജൗറ, ഭാഷ സിങ്, ഉര്‍മിലേഷ്, അഭിസര്‍ ശര്‍മ്മ, ഔനിന്ദയോ ചക്രബര്‍ത്തി, എന്നിവരുടെ വീടുകളിലും പരിശോധന നടന്നിരുന്നു.