സോളാര്‍ പ്ലാന്റിനായി 2000 കോടിയുടെ കൈക്കൂലി, വായ്പ തട്ടിപ്പ്; ഗൗതം അദാനിയും അനന്തരവന്‍ സാഗര്‍ അദാനിയും അടക്കം ഏഴു പേര്‍ക്കെതിരെ യുഎസില്‍ കേസ്
സൗരോര്‍ജ്ജ വിതരണ കരാറുകള്‍ക്കായി 2,029 കോടി രൂപ (265 ദശലക്ഷം യുഎസ് ഡോളര്‍) കൈക്കൂലി വാഗ്ദാനം ചെയ്ത സംഭവത്തില്‍ യുഎസ് കോടതിയിൽ കുറ്റപത്രം. അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി, അദ്ദേഹത്തിന്റെ അനന്തരവന്‍ സാഗര്‍ അദാനി, മറ്റ് ആറ് പേരുമാണ് പ്രതികൾ.
20 വര്‍ഷത്തിനുള്ളില്‍ ഏകദേശം പതിനാറായിരം കോടി രൂപ ലാഭം പ്രതീക്ഷിക്കുന്ന കരാറുകള്‍ നേടുന്നതിനും ഇന്ത്യയിലെ ഏറ്റവും വലിയ സോളാര്‍ പവര്‍ പ്ലാന്റ് വികസിപ്പിക്കുന്നതിനും ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഏകദേശം 2,029 കോടി രൂപ കൈക്കൂലി നല്‍കാന്‍ അദാനിയും അദ്ദേഹത്തിന്റെ അനന്തരവന്‍ സാഗര്‍ അദാനി ഉള്‍പ്പെടെ ഏഴ് പ്രതികളും ശ്രമിച്ചതായാണ് യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ വ്യക്തമാക്കുന്നത്.
അതുകൂടാതെ, അദാനിയും അദാനി ഗ്രീന്‍ എനര്‍ജിയിലെ മറ്റൊരു എക്സിക്യൂട്ടീവും മുന്‍ സിഇഒ വിനീത് ജെയ്‌നും വായ്പക്കാരില്‍ നിന്നും നിക്ഷേപകരില്‍ നിന്നും മറച്ചുവെച്ച് 25,000 കോടി രൂപയുടെ വായ്പകളും ബോണ്ടുകളും സമാഹരിച്ച സംഭവത്തില്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷനും കേസ് എടുത്തിട്ടുണ്ട്.
അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡിന്റെ സിഇഒ ആയ വിനീത് ജെയിന്‍ , രഞ്ജിത് ഗുപ്ത (2019 നും 2022 നും ഇടയില്‍ അസൂര്‍ പവര്‍ ഗ്ലോബല്‍ ലിമിറ്റഡിന്റെ സിഇഒ ആയിരുന്നു), രൂപേഷ് അഗര്‍വാള്‍, ഓസ്ട്രേലിയയിലെയും ഫ്രാന്‍സിലെയും പൗരനായ സിറില്‍ കബനീസ്, സൗരഭ് അഗര്‍വാള്‍, ദീപക് മല്‍ഹോത്ര എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.
അതേസമയം, കുറ്റപത്രത്തിലെ കുറ്റങ്ങള്‍ ആരോപണങ്ങളാണെന്നും കുറ്റം തെളിയിക്കപ്പെട്ടില്ലെങ്കില്‍ പ്രതികള്‍ നിരപരാധികളാണെന്നും അദാനി ഗ്രൂപ്പിന്റെ വൃത്തങ്ങള്‍ പറഞ്ഞു. അദാനി ഗ്രൂപ്പ് ഉടന്‍ പ്രസ്താവന ഇറക്കുമെന്ന് അദാനി ഗ്രൂപ്പ് വക്താവ് പറഞ്ഞു. ഫോര്‍ബ്‌സ് മാഗസിന്‍ പ്രകാരം 69.8 ബില്യണ്‍ ഡോളറാണ് 62 കാരനായ അദാനിയുടെ ആസ്തി, കൂടാതെ യുഎസില്‍ ക്രിമിനല്‍ കുറ്റം ചെയ്തതായി ഔദ്യോഗികമായി ആരോപിക്കപ്പെടുന്ന ചുരുക്കം ചില ശതകോടീശ്വരന്മാരില്‍ ഒരാള്‍ കൂടി ആയി മാറുകയാണ് അദാനി.