വിമാനത്തിൽ പുകവലി; വാതിൽ തുറക്കാൻ ശ്രമം, യാത്രക്കാരനെ കൈയും കാലും കെട്ടിയിട്ട് പോലീസിന് കൈമാറി ജീവനക്കാർ
വിമാനത്തിൽ പുകവലിക്കുകയും സഹയാത്രികരോടും ജീവനക്കാരോടും മോശമായി പെരുമാറുകയും ചെയ്ത അമേരിക്കൻ പൗരനെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ത്യൻ വംശജനായ അമേരിക്കൻ പൗരൻ രമാകാന്തി (37)നെയാണ് മുംബൈ സഹർ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ത്യന്‍ ശിക്ഷാ നിയമവും എയര്‍ ക്രാഫ്റ്റ് ആക്ട് പ്രകാരവുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഭയന്ന യാത്രക്കാരും ജീവനക്കാരും ചേർന്ന് രമാകാന്തിന്റെ കൈ കാലുകൾ കെട്ടിയിട്ട് സീറ്റിൽ കൊണ്ടിരുത്തുകയായിരുന്നു
ലണ്ടനിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലാണ് കഴിഞ്ഞ ദിവസം കേസിന് ആസ്പദമായ സംഭവം നടന്നത്. രമാകാന്ത് വിമാനത്തിലെ ശുചിമുറിയിൽ കയറിയത് മുതൽ വിമാനത്തിൽ അലാറം അടിക്കുകയായിരുന്നു. ഓടിയെത്തിയ ജീവനക്കാരും യാത്രക്കാരും ശുചിമുറിയുടെ വാതിൽ തുറന്നപ്പോൾ സിഗരറ്റുമായി നിൽക്കുന്ന രമാകാന്തിനെ കണ്ടെത്തി. ഇയാളുടെ കയ്യിൽ നിന്നും സിഗരറ്റ് പിടിച്ചുവാങ്ങിയതോടെ രമാകാന്ത് ജീവനക്കാരോടും മറ്റ് യാത്രക്കാരോടും ആക്രോശിച്ചു.
ഏറെ നേരത്തിന് ശേഷം ഇയാളെ തിരികെ സീറ്റിൽ ഇരുത്തിയെങ്കിലും പിന്നീട് ഇയാൾ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചു. ഇതോടെ ഭയന്ന യാത്രക്കാരും ജീവനക്കാരും ചേർന്ന് രമാകാന്തിന്റെ കൈ കാലുകൾ കെട്ടിയിട്ട് സീറ്റിൽ കൊണ്ടിരുത്തുകയായിരുന്നു. വിമാനത്തിലെ ജീവനക്കാരിലൊരാൾ പറഞ്ഞു .
ബാഗിൽ മരുന്നുകൾ ഉണ്ടെന്ന് രമാകാന്ത് പറഞ്ഞതനുസരിച്ച് നടത്തിയ പരിശോധനയിൽ സിഗരറ്റ് അല്ലാതെ മറ്റൊന്നും ലഭിച്ചതുമില്ല
വിമാനത്തിലുണ്ടായിരുന്ന ഒരു ഡോക്ടർ രമാകാന്തിനെ പരിശോധിച്ചപ്പോൾ വിചിത്രമായാണ് ഇയാൾ പെരുമാറിയത്. ബാഗിൽ മരുന്നുകൾ ഉണ്ടെന്ന് രമാകാന്ത് പറഞ്ഞതനുസരിച്ച് നടത്തിയ പരിശോധനയിൽ സിഗരറ്റ് അല്ലാതെ മറ്റൊന്നും ലഭിച്ചതുമില്ല. തുടർന്ന് മുംബൈയിൽ വിമാനം ലാൻഡ് ചെയ്ത ഉടനെ ഇയാളെ സഹർ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. രമാകാന്ത് മദ്യപിച്ചിരുന്നോ എന്നറിയാൻ ഇയാളുടെ രക്തസാംപിള്‍ പരിശോധനയ്ക്ക് അയച്ചതായി പോലീസ് പറഞ്ഞു. ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടോയെന്നുള്‍പ്പടെയുള്ള കാര്യങ്ങൾ പരിശോധിക്കുമെന്നും പോലീസ് വ്യക്തമാക്കി. ഇന്ത്യക്കാരനായാണ് ജനിച്ചതെങ്കിലും നിലയിൽ അമേരിക്കൻ പൗരനാണ് രമാകാന്ത്.
ഇൻഡിഗോ വിമാനത്തിലെ ശുചിമുറിയിൽ പുകവലിച്ചതിനെ തുടർന്ന് സിയാൽദാ സ്വദേശിയായ പ്രിയങ്ക എന്ന യുവതിയും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കൊൽക്കത്തയിൽ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം. പ്രിയങ്ക സിഗരറ്റ് വലിച്ചെന്ന് സംശയം തോന്നിയ ജീവനക്കാർ ശുചിമുറിയിൽ നടത്തിയ പരിശോധനയിൽ വേസ്റ്റ് ബിന്നിൽ നിന്നും സിഗരറ്റ് കുറ്റി കണ്ടെത്തുകയായിരുന്നു.