'ജയിലുകളിലെ ജാതിവിവേചനം ഞെട്ടിച്ചു, അത് അവസാനിപ്പിച്ചേ തീരൂ'; നോഡല്‍ ഓഫീസറെ നിയമിക്കാന്‍ ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ്
രാജ്യത്തെ ജയിലുകളില്‍ കടുത്ത ജാതിവിവേചനം നിലനില്‍ക്കുന്നുവെന്ന റിപ്പോര്‍ട്ട് അസ്വസ്ഥത ഉളവാക്കുന്നതും ഞെട്ടിപ്പിക്കുന്നതുമാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ജയിലറകളില്‍ തടവുകാര്‍ നേരിടുന്ന ഈ വിവേചനം അവസാനിപ്പിച്ചേ തീരൂവെന്നും അതിന് അടിയന്തര നടപടി കൈക്കൊള്ളാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.
മാധ്യമപ്രവര്‍ത്തക സുകന്യ ശാന്ത നല്‍കിയ പൊതു താത്പര്യ ഹര്‍ജി പരിഗണിക്കവെയായിരുന്നു ചീഫ് ജസ്റ്റിസശന്റ ഹര്‍ജിയിന്മേലായിരുന്നു ചീഫ് ജസ്റ്റിസിന്റെ സുപ്രധാന നിരീക്ഷണം. ചീഫ് ജസ്റ്റിസിനു പുറമേ ജസ്റ്റിസുമാരായ ജെബി പര്‍ദ്ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ജയിലുകളില്‍ ചില ജനവിഭാഗങ്ങളെ മാത്രം ചില പ്രത്യേക ജോലികള്‍ക്കായി മാറ്റിനിര്‍ത്തുന്നതും ചില വിഭാഗങ്ങളെ ചില ജോലികളില്‍ നിന്ന് ഒഴിവാക്കുന്നതുമടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു ഹര്‍ജിക്കാര്‍ വാദമുഖങ്ങള്‍ അവതരിപ്പിച്ചത്. വാദത്തിനിടെ ചീഫ് ജസ്റ്റിസ് തന്നെ ജയില്‍ ചട്ടങ്ങളിലെ വിവേചനപരമായ പരാമര്‍ശങ്ങളും ഭാഗങ്ങളും ചൂണ്ടിക്കാട്ടി.
ചില പരാമര്‍ശങ്ങള്‍ തീര്‍ത്തു ഞെട്ടിക്കുന്നതും ലജ്ജിപ്പിക്കുന്നതുമാണെന്നും ചീഫ് ജസ്റ്റിസ് വാദത്തിനിടെ അഭിപ്രായപ്പെട്ടു. 'തോട്ടിപ്പണി ചെയ്യുന്ന വിഭാഗം' എന്ന് ജയില്‍ ചട്ടങ്ങളില്‍ പരാമര്‍ശിക്കുന്നത് തീര്‍ത്തും ലജ്ജാകരവും ഞെട്ടിക്കുന്നതുമാണെന്ന് അഭിപ്രായപ്പെട്ട ചീഫ് ജസ്റ്റിസ് അവ എത്രയും പെട്ടെന്ന് നീക്കം ചെയ്യാനും നിര്‍ദേശിച്ചു.
തുടര്‍ന്നാണ് ജയില്‍ ചട്ടങ്ങളും മറ്റും ഭേദഗതി ചെയ്യാനും ജാതി വിവേചനം ഇല്ലാതാക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യക്ഷമമായ മാനുവല്‍ രൂപീകരിക്കാനും പ്രത്യേക നോഡല്‍ ഓഫീസറെ നിയമിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടാന്‍ ബെഞ്ച് തീരുമാനിച്ചത്.
ജയിലുകളില്‍ നടക്കുന്ന ജാതിവിവേചനം സംബന്ധിച്ച പൊതുതാല്‍പര്യ ഹര്‍ജി ഈ വര്‍ഷമാദ്യമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ മുമ്പിലെത്തുന്നത്. കേരളമുള്‍പ്പടെയുള്ള വിവിധ സംസ്ഥാനങ്ങളിലെ ജയില്‍ചട്ടങ്ങളില്‍ നിലനില്‍ക്കുന്ന വിവേചനപരമായ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു ഹര്‍ജി.
ഹര്‍ജി ഫയലില്‍ സ്വീകരിച്ച ബെഞ്ച് അന്ന് സംസ്ഥാനങ്ങളോട് മറുപടി ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ കേരളം ഉള്‍പ്പടെ ഭൂരിഭാഗം സംസ്ഥാനങ്ങളും അതിന് മറുപടി അയച്ചില്ല. ഇതിനിടെ കേസില്‍ കക്ഷിചേര്‍ന്ന കേന്ദ്ര സര്‍ക്കാരും സംസ്ഥാനങ്ങളോട് മറുപടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്രത്തിനും മറുപടി നല്‍കാന്‍ സംസ്ഥാനങ്ങള്‍ തയാറായില്ല.
തുടര്‍ന്ന് വീണ്ടും കേസ് പരിഗണിച്ചപ്പോള്‍ ഹര്‍ജിക്കാര്‍ സംസ്ഥാനങ്ങളുടെ നിരുത്തരവാദപരമായ സമീപനം ചൂണ്ടിക്കാട്ടി. ഇതോടെയാണ് ബെഞ്ച് ഈ വിഷയത്തെ ഗൗരവത്തോടെ സമീപിക്കാന്‍ തയാറാകണമെന്ന് സംസ്ഥാനങ്ങള്‍ക്ക് അന്ത്യശാസനം നല്‍കി വാദം കേള്‍ക്കാന്‍ ആരംഭിച്ചത്.
തുടര്‍ന്ന് ഇന്നലെ വാദം കേള്‍ക്കല്‍ ആരംഭിച്ചപ്പോള്‍ ഓരോ സംസ്ഥാനത്തെയും ജയില്‍ ചട്ടങ്ങളിലെ വിവേചന പരമര്‍ശങ്ങളും മറ്റും ഹര്‍ജിക്കാര്‍ ഒന്നൊന്നായി കോടതിയെ അറിയിച്ചു. തമിഴ്‌നാട്ടില്‍ താഴ്ന്ന ജാതിക്കാരെയും ദളിതരെയും പ്രത്യേക ജയില്‍മുറികളില്‍ കൂട്ടമായി അടയ്ക്കുന്നതും ഉയര്‍ന്ന ജാതിക്കാര്‍ക്ക് മുന്തിയ സൗകര്യങ്ങളോടെ പ്രത്യേക ജയില്‍ മുറികള്‍ അനുവദിക്കാനുള്ള ചട്ടങ്ങളുമെല്ലാം ഹര്‍ജിക്കാര്‍ കോടതി മുമ്പാകെ ചൂണ്ടിക്കാട്ടി. രാജസ്ഥാനിലെ ജയിലുകളില്‍ ബ്രാഹ്മണര്‍ക്ക് അടുക്കള ജോലി മാത്രമേ നല്‍കാവൂയെന്ന ചട്ടവും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
ആകെ നാല് സംസ്ഥാനങ്ങള്‍ മാത്രമാണ് വിഷയത്തില്‍ കോടതിക്കു മുമ്പാകെ മറുപടി നല്‍കിയിട്ടുള്ളത്. മറ്റു സംസ്ഥാനങ്ങളുടെ മറുപടി കൂടി ലഭിച്ച ശേഷം തുടര്‍വാദം കേള്‍ക്കാമെന്നും അതിനു ശേഷം കേസില്‍ വിധി പ്രസ്താവിക്കാമെന്നും ബെഞ്ച് അറിയിച്ചു.