'ജാതി ഇന്ത്യയെ ഏകീകരിക്കുന്ന ഘടകം, തകര്‍ക്കാന്‍ കോണ്‍ഗ്രസ് ശ്രമം'; ജാതി വ്യവസ്ഥയെ ന്യായീകരിച്ച് ആര്‍എസ്എസ് മുഖമാസിക

'ജാതി ഇന്ത്യയെ ഏകീകരിക്കുന്ന ഘടകം, തകര്‍ക്കാന്‍ കോണ്‍ഗ്രസ് ശ്രമം'; ജാതി വ്യവസ്ഥയെ ന്യായീകരിച്ച് ആര്‍എസ്എസ് മുഖമാസിക

ജാതിബോധം ഉപേക്ഷിക്കുന്നത് രാജ്യത്തെ ഒറ്റുകൊടുക്കുന്നതിന് തുല്യമാണ് എന്നാണ് പാഞ്ചജന്യം എഡിറ്റര്‍ ഹിതേഷ് ശങ്കര്‍ എഴുതിയ ലേഖനത്തില്‍ പറയാന്‍ ശ്രമിക്കുന്നത്
Updated on
1 min read

രാജ്യത്തെ ജാതി വ്യവസ്ഥയെ ന്യായീകരിച്ച് ആര്‍എസ്എസ് മുഖ മാസിക പാഞ്ചജന്യം. കഴിഞ്ഞ ദിവസം പുറത്തിറക്കിയ പുതിയ പതിപ്പിലാണ് ജാതിവ്യവസ്ഥയെ അനുകൂലിച്ചും ജാതി സെന്‍സസിനെ എതിര്‍ത്തും ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജാതിവ്യവസ്ഥയാണ് ഇന്ത്യയെ ഒരുമിപ്പിച്ചുനിര്‍ത്തുന്നത്, അത്തരത്തിലുള്ള ഐക്യം തകര്‍ക്കാനാണ് കോണ്‍ഗ്രസ് ജാതി സെന്‍സസ് ആവശ്യം ഉയര്‍ത്തുന്നതെന്നാണ് 'ഹേ നേതാജി ! കോന്‍ ജാത് ഹേ' എന്ന മുഖപ്രസംഗം ആരോപിക്കുന്നത്.

തൊഴിലിന്റെയും ജീവിതരീതികളുടെയും അടിസ്ഥാനത്തില്‍ പല വിഭാഗങ്ങളിലായാണ് ജനങ്ങള്‍ രാജ്യത്ത് ജീവിച്ചിരുന്നത്. ഇവരെ ഒരുമിപ്പിച്ചത് ജാതി വ്യവസ്ഥയായിരുന്നു. രാജ്യത്ത് അധിനി വേശം നടത്തിയവരെല്ലാം ഈ ഐക്യം തകര്‍ക്കാന്‍ ശ്രമിച്ചു. മുകുളന്‍മാര്‍ ആയുധങ്ങള്‍ ഉപയോഗിച്ചു. മിഷണറിമാര്‍ നവോഥാനത്തിന്റെയും സേവനത്തിന്റെയും പേരില്‍ ജാതിവ്യവസ്ഥ തകര്‍ക്കാന്‍ ശ്രമിച്ചു. ജാതിബോധം ഉപേക്ഷിക്കുന്നത് രാജ്യത്തെ ഒറ്റുകൊടുക്കുന്നതിന് തുല്യമാണ് എന്നാണ് പാഞ്ചജന്യം എഡിറ്റര്‍ ഹിതേഷ് ശങ്കര്‍ എഴുതിയ ലേഖനത്തില്‍ പറയാന്‍ ശ്രമിക്കുന്നത്.

അടുത്തിടെ പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ജാതിയെക്കുറിച്ച് ബിജെപി എംപി അനുരാഗ് ഠാക്കൂര്‍ നടത്തിയ പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് പുതിയ ലേഖനമെന്നതെന്നും ശ്രദ്ധേയമാണ്. ബ്രിട്ടീഷുകാരുടെ മാതൃകയില്‍, ജാതിയുടെ അടിസ്ഥാനത്തില്‍ ലോക്സഭാ സീറ്റുകള്‍ വിഭജിച്ച് രാജ്യത്ത് വിഭജനം വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ജാതി സെന്‍സസ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുമായി മുന്നിട്ടിറങ്ങുന്നത് എന്നും ലേഖനം പറയുന്നു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷത്തെ ലക്ഷ്യമിട്ടാണ് ഈ ആരോപണങ്ങള്‍.

''ജാതിയെ ചുറ്റിപ്പറ്റിയാണ് ഹിന്ദു ജീവിതം രൂപീകരിക്കപ്പെട്ടിട്ടുള്ളത്. അന്തസ്സും ധാര്‍മികതയും ഉത്തരവാദിത്തവും സാമുദായിക സാഹോദര്യവും ഉള്‍പ്പെടുന്നതാണ് ജാതി വ്യവസ്ഥ. മിഷനറിമാര്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്ത കാര്യവും ഇതായിരുന്നു. മതപരിവര്‍ത്തനത്തിന് ജാതിയെ ഒരു ഘടകമായാണ് മിഷനറിമാര്‍ കണ്ടതെങ്കില്‍, കോണ്‍ഗ്രസ് അതിനെ ഹിന്ദു ഐക്യത്തിലെ ഒരു വിള്ളലായി കാണുന്നു.'' ലേഖനം കുറ്റപ്പെടുത്തുന്നു.

അതേസമയം, ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്തിന്റ മുന്‍ നിലപാടിന് വിരുദ്ധമാണ് പാഞ്ചജന്യത്തിലെ ലേഖനം എന്നതും ശ്രദ്ധേയമാണ്. 200 വര്‍ഷം സംവരണം നല്‍കിയാല്‍പോലും ജാതീയമായ പിന്നാക്കാവസ്ഥ മാറില്ലെന്നായിരുന്നു മോഹന്‍ ഭാഗവത് അടുത്തിടെ അവകാശപ്പെട്ടത്. സ്വന്തം സമൂഹത്തില്‍ പരിഗണന ലഭിക്കാതിരിക്കുമ്പോഴാണ് ആളുകള്‍ മതപരിവര്‍ത്തനത്തെ കുറിച്ച് ചിന്തിക്കുന്നതെന്ന് ആര്‍എസ്എസ് മേധാവി കഴിഞ്ഞ ഏപ്രിലില്‍ പറഞ്ഞിരുന്നു.

logo
The Fourth
www.thefourthnews.in