കാവേരി ബന്ദ്: പ്രതിഷേധക്കടലായി ബെംഗളൂരു; ആത്മാഹുതിക്ക് ശ്രമിച്ച് കര്‍ഷകന്‍

കാവേരി ബന്ദ്: പ്രതിഷേധക്കടലായി ബെംഗളൂരു; ആത്മാഹുതിക്ക് ശ്രമിച്ച് കര്‍ഷകന്‍

കാവേരി പ്രശ്‌നത്തില്‍ തമിഴ്‌നാടിന് വെള്ളം വിട്ടുനല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് വിവിധ സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തത്
Updated on
2 min read

കാവേരി പ്രശ്‌നത്തില്‍ കന്നഡ സംഘടനകള്‍ ആഹ്വാനം ചെയ്ത ബെംഗളൂരു ബന്ദ് ഭാഗികം. ഐടി - ബിടി സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചതിനാല്‍ നഗരം ഏറെക്കുറെ വിജനമായി. മിക്ക ഇടങ്ങളിലും രാവിലെ കടകമ്പോളങ്ങള്‍ തുറന്നെങ്കിലും ബന്ദനുകൂലികള്‍ ഇറങ്ങിയതോടെ വ്യാപാരികള്‍ അടച്ചു.

സര്‍ക്കാര്‍ ഓഫിസുകള്‍ കോടതികള്‍ എന്നിവിടങ്ങളില്‍ ഹാജര്‍നില കുറവാണ്. അവശ്യ സര്‍വീസുകളെ ഹര്‍ത്താല്‍ ബാധിച്ചില്ല. പൊതുഗതാഗത സംവിധാനങ്ങള്‍ സര്‍വീസ് നടത്തിയെങ്കിലും യാത്രക്കാര്‍ കുറവായതിനാല്‍ പിന്നീട് സര്‍വീസ് വെട്ടിച്ചുരുക്കി. കെ എസ് ആര്‍ ടി സി - ബിഎംടിസി ബസുകള്‍ മുഴുവന്‍ സര്‍വീസ് നടത്തുമെന്ന് തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. സ്വകാര്യ ടാക്‌സി, ഓട്ടോ സര്‍വീസുകളും തടസപ്പെട്ടില്ല.

കാവേരി ബന്ദ്: പ്രതിഷേധക്കടലായി ബെംഗളൂരു; ആത്മാഹുതിക്ക് ശ്രമിച്ച് കര്‍ഷകന്‍
കാവേരി ബന്ദ് തുടങ്ങി; ബെംഗളുരുവില്‍ ഇന്ന് സ്‌കൂളുകള്‍ക്ക് അവധി, കനത്ത സുരക്ഷയില്‍ നഗരം, ബുധനാഴ്ച രാത്രിവരെ നിരോധനാജ്ഞ

ബന്ദിനോടനുബന്ധിച്ച് സംസ്ഥാനത്ത് അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കര്‍ണാടക-തമിഴ്നാട് അതിര്‍ത്തിയില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. പ്രധാന കേന്ദ്രങ്ങളിലെല്ലാം ദ്രുതകര്‍മസേനയെ വിന്യസിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍നിന്നുള്ള ബസുകള്‍ അതിര്‍ത്തിയായ സുസുവാടിയില്‍ സര്‍വീസ് അവസാനിപ്പിച്ചു. കര്‍ണാടകയിലേക്കുള്ള യാത്രക്കാര്‍ രണ്ട് കിലോമീറ്റര്‍ നടന്ന് അതിര്‍ത്തി കടന്ന് അത്തിബല്ലയില്‍നിന്ന് ബസ് കയറേണ്ടി വന്നു. സ്വകാര്യവാഹനങ്ങളെ ബന്ദനുകൂലികള്‍ തടഞ്ഞില്ല.

ബന്ദിന് ആഹ്വാനം ചെയ്ത കര്‍ണാടക ജലസംരക്ഷണ സമിതി ബെംഗളൂരുവില്‍ വിവിധ ഇടങ്ങളില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. നൂറുകണക്കിനാളുകള്‍ സമരപരിപാടികളുടെ ഭാഗമായി. പ്രതിഷേധത്തിനിടെ കര്‍ഷകന്‍ ആത്മാഹുതിക്ക് ശ്രമിച്ചു. പോലീസ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി .

പ്രതിദിനം 5000 ക്യൂസെക്‌സ് വെള്ളം തമിഴ്‌നാടിന് നല്‍കണമെന്ന കോടതി ഉത്തരവ് പാലിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ഒരുക്കമായതോടെയായിരുന്നു കന്നഡ സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തത്. ജീവന്‍ പോയാലും കാവേരി നദിയില്‍നിന്ന് ഒരു തുള്ളി വെള്ളം തമിഴ്‌നാടിന് നല്‍കാന്‍ സമ്മതിക്കില്ലെന്നാണ് കര്‍ഷകരുടെ നിലപാട്.വരുന്ന സംസ്ഥാന ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ് കര്‍ഷകരും കന്നഡ സംഘടനകളും.

logo
The Fourth
www.thefourthnews.in