വീണ്ടും കാവേരി നദീജലത്തർക്കം; തമിഴ്നാടിനു വെള്ളം നൽകാനുള്ള തീരുമാനത്തിൽ കർണാടകയിൽ പ്രതിഷേധം
ഒരിടവേളക്ക് ശേഷം കാവേരി നദീജല വിഷയം കർണാടകയില്‍ വീണ്ടും സജീവ ചർച്ചയാകുന്നു. സുപ്രീം കോടതി നിർദേശ പ്രകാരം തമിഴ്നാടിനു ജലം വിട്ടുനൽകാനുള്ള കർണാടക സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷവും കർഷക സംഘടനകളും രംഗത്ത്. തമിഴ്നാടിന് 10 ടിഎംസി ജലം വിട്ടുനൽകാൻ സർക്കാർ തീരുമാനിച്ചതായി ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ അറിയിച്ചതോടെയാണ് ബിജെപിയും ജെഡിഎസും കർഷക സംഘടനകളും സർക്കാരിനെതിരെ തിരിഞ്ഞത്.
'ഇന്ത്യ' സഖ്യത്തിലെ ഘടക കക്ഷിയായ ഡിഎംകെയെ പ്രീണിപ്പിക്കാനുള്ള നീക്കമെന്ന് ബിജെപി
'ഇന്ത്യ' സഖ്യത്തിലെ ഘടക കക്ഷിയായ ഡിഎംകെയെ പ്രീണിപ്പിക്കാനാണ് കോൺഗ്രസ് സർക്കാർ കാവേരി നദീജലം പങ്കിടാനുള്ള തീരുമാനമെടുത്തതെന്ന് ബിജെപി ആരോപിച്ചു. ബിജെപി ഇതിനെതിരെ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. കർണാടക ജലദൗർലഭ്യം കൊണ്ട് ബുദ്ധിമുട്ടുമ്പോൾ തന്നെ കോൺഗ്രസ് സർക്കാർ ഇങ്ങനെ ഒരു തീരുമാനം കൈകൊണ്ടത് ആശ്ചര്യകരമെന്നു മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച് ഡി കുമാരസ്വാമി കുറ്റപ്പെടുത്തി. കുടിവെള്ളത്തിനും കാർഷിക ആവശ്യങ്ങൾക്കും ജലം ഇല്ലാതെ മിക്ക ജില്ലകളും വരൾച്ച അനുഭവിക്കുകയാണ്. ഈ സമയത്തു തമിഴ്നാടിനു ജലം വിട്ടു നൽകുന്നത് അംഗീകരിക്കാനാവില്ല, വിഷയത്തില്‍ ജെഡിഎസും സമരമുഖത്തേക്കിറങ്ങുമെന്ന് കുമാരസ്വാമി അറിയിച്ചു .
തമിഴ്നാടിനു വെള്ളം നൽകാനുള്ള തീരുമാനത്തിനെതിരെ കർഷക സംഘടനകൾ തെരുവിലിറങ്ങി കഴിഞ്ഞു. മണ്ടിയയിൽ കർഷകർ ബെംഗളൂരു - മൈസൂരു ദേശീയ പാത ഉപരോധിച്ച് പ്രതിഷേധിച്ചു. തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറിയില്ലെങ്കിൽ പ്രക്ഷോഭം എന്ന നിലപാടിലാണ് കർഷക സംഘടനകൾ .
അതേസമയം, സുപ്രീം കോടതി നിർദേശ പ്രകാരമുള്ള ജലമാണ് തമിഴ്നാടിനു വിട്ടു നൽകുന്നതെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ . സുപ്രീം കോടതിയുടെ ഉത്തരവ് എന്താണെന്ന് അറിയുന്നവരാണ് സർക്കാരിനെതിരെ ഡി എം കെ പ്രീണനം ആരോപിച്ചു വാളോങ്ങുന്നതെന്നു ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ പ്രതികരിച്ചു.
ബ്രിട്ടീഷ് ഭരണകാലം മുതൽ തുടങ്ങിയ കാവേരി നദീജല തർക്കം ഇതുവരെയും പരിഹാരമില്ലാതെ തുടരുകയാണ്. സുപ്രീം കോടതി നിർദേശ പ്രകാരം രൂപീകരിച്ച കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റിയാണ് നിലവിൽ നദീ ജല വിതരണം സംബന്ധിച്ചുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. കർണാടകയിലെ കുടകിൽ നിന്ന് ഉത്ഭവിച്ചു കേരളത്തിലൂടെയും തമിഴ്നാട്ടിലൂടെയും പുതുച്ചേരിയിലൂടെയും ഒഴുകി ബംഗാൾ ഉൾക്കടലയിൽ പതിക്കുന്ന നദിയാണ് കാവേരി . കാവേരി നദീജല തർക്ക വിഷയത്തിൽ സുപ്രീം കോടതിയിൽ നിന്ന് 2018 ൽ പുറത്തു വന്ന വിധി പ്രകാരം തമിഴ് നാടിന് 404.25 ടി എം സി , കർണാടകക്ക് 285.75 ടി എം സി യും കേരളത്തിന് 30 ടി എം സി യും പുതുച്ചേരിക്ക് 7 ടി എം സി ജലവുമാണ് അനുവദിച്ചിരിക്കുന്നത്.