കാവേരി പ്രശ്നം: ബെംഗളൂരുവിലും മൈസൂർ മേഖലയിലും നാളെ ബന്ദ്, പൊതുഗതാഗതം ഉൾപ്പടെ സ്തംഭിക്കും
കാവേരി നദിയിൽനിന്ന് തമിഴ്നാടിന് വെള്ളം വിട്ടുനൽകുന്നതിൽ പ്രതിഷേധിച്ച് കർണാടകയിൽ ചൊവ്വാഴ്ച ബന്ദിന് ആഹ്വാനം ചെയ്ത് വിവിധ സംഘടനകളുടെ കൂട്ടായ്മ. ബെംഗളൂരു, ഓൾഡ് മൈസൂരു മേഖലയിലാണ് ബന്ദ്. കാവേരി നദീതീര ജില്ലകളായ മൈസൂരു, മണ്ടിയ, രാമനാഗര ജില്ലകളെയും ബെംഗളൂരുവിനെയും ബന്ദ് സാരമായി ബാധിച്ചേക്കും.
കർണാടകയിലെ 175 ഓളം സംഘടനകളാണ് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ബന്ദിൽ പൊതുഗതാഗത സംവിധാനങ്ങൾ ഉൾപ്പടെ തടസപ്പെട്ടേക്കും. കർണാടക ആർടിസി, ബിഎംടിസി ബസ്സ് ജീവനക്കാരുടെ സംഘടനകൾ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ടാക്സി ഓട്ടോ തൊഴിലാളികളും ബന്ദിനെ അനുകൂലിക്കുന്നു. സ്വകാര്യ ഓൺലൈൻ ടാക്സി സർവീസായ ഓല ചൊവ്വാഴ്ച സർവീസ് നടത്തില്ല. സ്കൂൾ-കോളജുകൾ അടച്ചിട്ട് ബന്ദിനെ അനുകൂലിക്കാനാണ് സ്വകാര്യ വിദ്യാഭ്യാസ മാനേജ്‌മെന്റുകളുടെ തീരുമാനം. മെട്രോ - റെയിൽ സേവനങ്ങൾ തടസപ്പെടില്ല.
ബെംഗളൂരു - മൈസൂരു അതിവേഗ പാതയും ദേശീയപാതയും ബന്ദ് അനുകൂലികൾ ഉപരോധിക്കാൻ സാധ്യതയുണ്ട്. കേരളത്തിൽനിന്നുള്ള യാത്രക്കാരെ ഇത് പ്രതിസന്ധിയിലാക്കും. സുപ്രീം കോടതി ഉത്തരവ് പ്രകാരം പ്രതിദിനം 5000 ക്യൂസെക്സ് വെള്ളം തമിഴ്നാടിന് വിട്ടുനൽകാനാണ് കാവേരി ജല മാനേജ്‌മെന്റ് അതോറിറ്റി കർണാടക സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാൽ, മഴ കുറവ് കാരണം കർണാടകയുടെ കാവേരി തീരങ്ങൾ വരൾച്ച അനുഭവിക്കുന്ന സാഹചര്യത്തിൽ വെള്ളം വിട്ടുനൽകാൻ പാടില്ലെന്നാണ് സംസ്ഥാനത്തെ കർഷക - സാംസ്‌കാരിക സംഘടനകൾ ആവശ്യപ്പെടുന്നത്. വിഷയത്തിൽ മൂന്നാഴ്ചയായി മണ്ടിയയിൽ അനിശ്ചിതകാല സമരം തുടരുകയാണ് കർഷകർ.