ഐആര്‍സിടിസി അഴിമതിക്കേസ്; ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വിക്കെതിരെ സിബിഐ
ബിഹാര്‍ ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവിനെതിരെ സിബിഐ. ഐആര്‍സിടിസി അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് സിബിഐ നടപടി. കേസില്‍ തേജസ്വി യാദവിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ ഡല്‍ഹി കോടതിയെ സമീപിച്ചു. സിബിഐയുടെ ഹര്‍ജിയില്‍ പ്രത്യേക ജഡ്ജി ഗീതാഞ്ജലി ഗോയല്‍ തേജസ്വി യാദവിന് നോട്ടീസ് അയച്ചതായും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
അടുത്തിടെ തേജസ്വി നടത്തിയ വാർത്താസമ്മേളനത്തിൽ, സിബിഐ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായി ആരോപണം ഉണ്ടായിരുന്നു. ഈ സാഹചര്യം ചൂണ്ടിക്കാട്ടുന്ന സിബിഐ കേസിനെ സ്വാധീനിക്കാനാണു തേജസ്വി ശ്രമിക്കുന്നതെന്നും ആരോപിക്കുന്നു.
എന്താണ് ഐആർസിടിസി അഴിമതിക്കേസ്?
2004 ൽ ആർജെഡി അദ്ധ്യക്ഷനും തേജസ്വി യാദവിന്റെ പിതാവുമായ ലാലു പ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരുന്നപ്പോൾ ഇന്ത്യൻ റെയിൽവേ കാറ്ററിംങ് ആൻഡ് ടൂറിസംകോർപറേഷന്റെ (ഐആർസിടിസി) റാഞ്ചിയിലെയും പുരിയിലെയും ഹോട്ടലുകളുടെ നടത്തിപ്പുകരാർ സുജാത ഹോട്ടൽസ് എന്ന സ്വകാര്യ കമ്പനിക്കു നൽകുകയും അതിനു പകരം കൈക്കൂലിയായി പട്നയിൽ മൂന്ന് ഏക്കറോളം ഭൂമി സ്വന്തമാക്കി എന്നുമാണ് കേസ്. കേസിൽ ലാലു പ്രസാദ് യാദവ് , ഭാര്യ റാബ്റി ദേവി മകൻ തേജസ്വി യാദവ് തുടങ്ങിയവർക്കെതിരെയും മറ്റു പതിനൊന്നു പേർക്കെതിരെയും സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസിൽ വിചാരണ വേഗത്തിൽ ആക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു.
2017 ജൂലൈയിൽ അന്വേഷണം ആരംഭിച്ച സിബിഐ 2018 ഏപ്രിലിൽ പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. റെയിൽവേ മന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവും മറ്റ് നാലു പേരും അവരുടെ ഔദ്യോഗിക പദവികള്‍ ദുരുപയോഗം ചെയ്തതെന്ന് കണ്ടെത്തുകയായിരുന്നു.