യോഗ്യതയില്ലാത്ത വിദേശ മെഡിക്കല്‍ ബിരുദധാരികളുടെ പ്രാക്ടീസ്; രാജ്യവ്യാപക പരിശോധനയുമായി സിബിഐ
യോഗ്യതയില്ലാതെ ഇന്ത്യയില്‍ പ്രാക്ടീസ് നടത്തുന്ന വിദേശ മെഡിക്കല്‍ ബിരുദധാരികള്‍ക്കെതിരെയും അനുമതി നല്‍കിയ സംസ്ഥാന കൗണ്‍സിലുകള്‍ക്കെതിരെയും സിബിഐ അന്വേഷണം. വിദേശ മെഡിക്കല്‍ ബിരുദ പരീക്ഷയില്‍ യോഗ്യത നേടാതെ ഇന്ത്യയില്‍ പ്രാക്ടീസ് നടത്തുന്ന 73 വിദേശ മെഡിക്കല്‍ ബിരുദധാരികള്‍ക്കെതിരെയും 14 സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലുകള്‍ക്കെതിരെയുമാണ് സിബിഐ നടപടി. അഴിമതി, ക്രിമിനല്‍ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തതിന് പിന്നാലെയാണ് സിബിഐ നീക്കം.
വിദേശ മെഡിക്കല്‍ ബിരുദധാരികള്‍ക്ക് രാജ്യത്ത് പ്രാക്ടീസ് നടത്തണമെങ്കില്‍ യോഗ്യതാ പരീക്ഷ പാസ്സാകണം
രാജ്യത്തെ 91 ഇടങ്ങളില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു. ഇതിന് ശേഷമാണ് ബിരുദധാരികള്‍ക്കും മെഡിക്കല്‍ കൗണ്‍സിലുകള്‍ക്കുമെതിരെ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യയിലെ മാനദണ്ഡമനുസരിച്ച് വിദേശ മെഡിക്കല്‍ ബിരുദധാരികള്‍ക്ക് രാജ്യത്ത് പ്രാക്ടീസ് നടത്തണമെങ്കില്‍ നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ നടത്തുന്ന പരീക്ഷയില്‍ യോഗ്യത നേടിയിരിക്കണം.
വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ മെഡിക്കല്‍ കൗണ്‍സിലുകള്‍ പരിശോധിച്ചുറപ്പിച്ചില്ല
യോഗ്യതാ പരീക്ഷകളുടെ ഫലം നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലുകള്‍ക്ക് നേരിട്ട് അയക്കാറുണ്ട്. വിദേശ ബിരുദധാരികള്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചപ്പോള്‍ മെഡിക്കല്‍ കൗണ്‍സിലുകള്‍ക്ക് ഈ റിസല്‍ട്ട് പരിശോധിച്ച് ഉറപ്പു വരുത്താമായിരുന്നു. എന്നാല്‍ സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലുകള്‍ ഇത്തരം പരിശോധന നടത്തുന്നതില്‍ പരാജയപ്പെട്ടെന്നും സിബിഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലുകളുടെ രജിസ്‌ട്രേഷന്‍ ലഭ്യമായിതിന് പിന്നില്‍ കൈക്കൂലിയുള്‍പ്പെടെ ഇടപാടുകളുണ്ടോ എന്നുള്‍പ്പെടെയാണ് സിബിഐ പരിശോധിക്കുന്നത്.
സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലുകളുടെ രജിസ്‌ട്രേഷന്‍ ലഭ്യമായിതിന് പിന്നില്‍ കൈക്കൂലിയുള്‍പ്പെടെ ഇടപാടുകളുണ്ടോ എന്നുള്‍പ്പെടെയാണ് സിബിഐ പരിശോധിക്കുന്നത്. ഉദ്യോഗസ്ഥരുടേതുള്‍പ്പെടെയുള്ള പങ്കും പരിശോധിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് 73 ഉദ്യോഗാര്‍ഥികളുടെ മൊഴിയുള്‍പ്പെടെ ശേഖരിച്ച് വരികയാണ്. ഇത്തരത്തില്‍ പ്രാക്ടീസ് ചെയ്യുന്ന യോഗ്യതയില്ലാത്ത വിദേശ മെഡിക്കല്‍ ബിരുദധാരികളുടെ കൂട്ടത്തില്‍ യുക്രെയ്‌നില്‍ നിന്നെത്തിയ ഉദ്യോഗാര്‍ഥികള്‍ ഉണ്ടോ എന്ന് വ്യക്തമല്ലെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.