പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ്; എയര്‍ ഇന്ത്യ അഴിമതിക്കേസ് ഏഴ് വര്‍ഷത്തിനുശേഷം അവസാനിപ്പിച്ച് സിബിഐ
നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) നേതാവ് പ്രഫുല്‍ പട്ടേല്‍ (അജിത് പവാര്‍ പക്ഷം) ഉള്‍പ്പെട്ട അഴിമതിക്കേസ് അവസാനിപ്പിച്ച് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ). 2017ല്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് അവസാനിപ്പിച്ചത്.
കൂടുതല്‍ വിമാനങ്ങള്‍ വാങ്ങേണ്ടതില്ലെന്ന വിദഗ്ധ സമിതി റിപ്പോര്‍ട്ട് തള്ളിയാണ് പ്രഫുല്‍ പട്ടേല്‍ വ്യോമയാന മന്ത്രിയായിരുന്ന സമയത്ത് വിമാനങ്ങള്‍ പാട്ടത്തിനെടുത്തത്. ഇത് സംബന്ധിച്ച് ആരോപണങ്ങള്‍ ഉയര്‍ന്നതിനെതുടര്‍ന്ന് സുപ്രീംകോടതി നിര്‍ദേശപ്രകാരം 2017 മേയിലാണ് വ്യോമയാന മന്ത്രാലയത്തിലെയും എയര്‍ ഇന്ത്യയിലെയും ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണം സിബിഐ ഏറ്റെടുത്തത്.
പ്രഫുല്‍ എയര്‍ ഇന്ത്യക്കും വ്യോമയാന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കും സ്വകാര്യ വ്യക്തികള്‍ക്കുമൊപ്പം വലിയ അളവില്‍ വിമാനം വാങ്ങിക്കുന്നതില്‍ തന്റെ പദവി ദുരുപയോഗം ചെയ്തുവെന്നാണ് ആരോപണം. എയര്‍ ഇന്ത്യയ്ക്കായി വിമാനങ്ങള്‍ ഏറ്റെടുക്കല്‍ പരിപാടി നടക്കുമ്പോഴായിരുന്നു വിമാനങ്ങള്‍ പാട്ടത്തിനെടുത്തതെന്നുള്ള ആരോപണവും ഉയര്‍ന്നിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രുഫുല്‍ പട്ടേലിനും ഉദ്യോഗസ്ഥര്‍ക്കും സിബിഐ ക്ലീന്‍ ചിറ്റ് നല്‍കുകയായിരുന്നു. കേസ് അവസാനിപ്പിക്കുന്നെന്ന റിപ്പോര്‍ട്ടും സിബിഐ കോടതിക്ക് മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്.
വലിയ തോതിലുള്ള വിമാനം ഏറ്റെടുക്കലും, വിദേശ വിമാനങ്ങള്‍ അടക്കം നിരവധി വിമാനങ്ങള്‍ വലിയ നഷ്ടത്തില്‍ ഓടുന്നതും കാരണമാണ് എയര്‍ ഇന്ത്യക്ക് വേണ്ടി വ്യോമയാന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും എന്‍എല്‍ഐഎലും (നാഷണല്‍ ഏവിയേഷന്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്) ചേര്‍ന്ന് വിമാനങ്ങള്‍ പാട്ടത്തിനെടുത്തതെന്ന് എഫ്‌ഐആറില്‍ സിബിഐ സൂചിപ്പിച്ചിരുന്നു.
വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള പാട്ടക്കരാര്‍ നേരത്തെ അവസാനിപ്പിക്കാനുള്ള വ്യവസ്ഥയില്ലാത്തതിനാല്‍ എന്‍എസിഐഎല്ലിന് പാട്ടക്കരാര്‍ അവസാനിപ്പിക്കാന്‍ സാധിക്കില്ലെന്ന് മാത്രമല്ല, അങ്ങനെ ചെയ്താല്‍ എല്ലാ ചെലവുകളും എന്‍എസിഐഎല്‍ നല്‍കേണ്ടി വരുമെന്നും അന്വേഷണത്തിനിടയില്‍ വെളിപ്പെടുത്തിയിരുന്നു. പൈലറ്റുകള്‍ പോലും ഇല്ലാതിരുന്ന 15 വിലകൂടിയ വിമാനങ്ങളും പാട്ടത്തിനെടുത്തിരുന്നുവെന്നും ഇത് കമ്പനിക്ക് വലിയ നഷ്ടമുണ്ടാക്കിയെന്നും സിബിഐ അന്വേഷണത്തില്‍ കണ്ടെത്തി.
''സ്വകാര്യ വ്യക്തികള്‍ക്ക് നേട്ടമുണ്ടാകാന്‍ 2006ല്‍ അഞ്ച് വര്‍ഷക്കാലത്തേക്ക് എയര്‍ഇന്ത്യ നാല് ബോയിങ് 777 വിമാനം പാട്ടത്തിനെടുത്തു. 2007ല്‍ എയര്‍ ഇന്ത്യക്ക് സ്വന്തം വിമാനം നല്‍കാനിരിക്കവേയായിരുന്നു ഇത്. ഇതിന്റെ ഫലമായി അഞ്ച് ബോയിങ് 777, അഞ്ച് ബോയിങ് 737ഉം കാരണം 2077-2009 വര്‍ഷം 840 കോടി നഷ്ടമാണ് വരുത്തിവച്ചത്'', സിബിഐ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വിമാനങ്ങള്‍ പാട്ടത്തിനെടുക്കുന്നത് തുടരുന്നതിനെയും എയര്‍ ഇന്ത്യയ്ക്ക് പുതിയ വിമാനങ്ങള്‍ ലഭിച്ചിട്ടും കരാറുകള്‍ പുതുക്കിയതിനെയും ഗതാഗതം, ടൂറിസം, സംസ്‌കാരം എന്നിവയുടെ പാര്‍ലമെന്ററി കമ്മിറ്റി 2010 ജനുവരി 21നും പബ്ലിക് അണ്ടര്‍ടേക്കിങ് കമ്മിറ്റി 2010 മാര്‍ച്ച് 12നും അവരുടെ റിപ്പോര്‍ട്ടില്‍ വ്യോയാന മന്ത്രാലയത്തെ വിമര്‍ശിച്ചിരുന്നു.
അതേസമയം എന്‍ഡിഎയോട് സഖ്യം ചേര്‍ന്ന മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായ അജിത് പവാര്‍ പക്ഷമായ എന്‍സിപി, പ്രഫുല്‍ പട്ടേലിനെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. കഴിഞ്ഞ ജൂണില്‍ പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ യോഗത്തിന് വേണ്ടി ശരദ് പവാറിനൊപ്പം പങ്കെടുക്കാന്‍ പോയപ്പോള്‍ അവിടുത്തെ സന്ദര്‍ഭം കണ്ട് ചിരി വന്നുവെന്നും അന്നത്തെ വര്‍ക്കിങ് പ്രസിഡന്റ് കൂടിയായ പ്രഫുല്‍ പട്ടേല്‍ പറഞ്ഞിരുന്നു. ''17 പ്രതിപക്ഷ പാര്‍ട്ടികള്‍ അവിടെ ഉണ്ടായിരുന്നു. അതില്‍ ഏഴ് പാര്‍ട്ടികള്‍ക്ക് ഒരു എംപി മാത്രമേ ലോക്‌സഭയിലുള്ളു, ഒരു പാര്‍ട്ടിക്ക് ഒരു എംപി പോലുമില്ല'', പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇപ്പോള്‍ പ്രഫുല്‍ പട്ടേലിന് സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്.