'നയതന്ത്ര വിവരങ്ങൾ ചോർത്തി'; മാധ്യമ പ്രവർത്തകനെതിരെ ചാരവൃത്തിക്ക് കേസെടുത്ത് സിബിഐ

'നയതന്ത്ര വിവരങ്ങൾ ചോർത്തി'; മാധ്യമ പ്രവർത്തകനെതിരെ ചാരവൃത്തിക്ക് കേസെടുത്ത് സിബിഐ

ഒഫീഷ്യൽസ് സീക്രട്ട്സ് ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്
Updated on
1 min read

ചാരവൃത്തി നടത്തിയെന്ന ആരോപിച്ച് മാധ്യമ പ്രവർത്തകനെതിരെ കേസെടുത്ത് സിബിഐ. വിവേക് രഘുവംശിയെന്ന സ്വതന്ത്ര മാധ്യമ പ്രവർത്തകനെതിരെയാണ് കേസെടുത്തത്. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയുമായും സൈന്യവുമായും ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങൾ ശേഖരിച്ച് വിദേശ രാജ്യങ്ങളിലെ രഹസ്യാന്വേഷണ ഏജൻസികളുമായി പങ്കുവച്ചുവെന്നാണ് കേസ്.

ഒഫീഷ്യൽസ് സീക്രട്ട്സ് ആക്ടിലെ മൂന്നാം വകുപ്പ് പ്രകാരം ചാരവൃത്തിക്കും ഇന്ത്യൻ പീനൽ കോഡിലെ 120 ബി വകുപ്പ് പ്രകാരം ക്രിമിനൽ ഗൂഢാലോചനയ്ക്കുമാണ് കേസെടുത്തിരിക്കുന്നതെന്ന് സിബിഐ വൃത്തങ്ങൾ അറിയിച്ചു. പ്രതിരോധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അമേരിക്ക ആസ്ഥാനമായുള്ള വെബ്സൈറ്റിന്റെ ഇന്ത്യൻ കറസ്പോണ്ടന്റാണ് രഘുവംശി. ജയ്പൂരിലും ഡൽഹിയിലുമടക്കം ഇയാളുമായി ബന്ധപ്പെട്ട 12 ഇടങ്ങളിൽ സിബിഐ റെയഡ് നടത്തി.

റെയ്ഡിൽ തന്ത്രപ്രധാനമായ പലരേഖകളും കണ്ടെത്തിയെന്ന് സിബിഐ വൃത്തങ്ങൾ പറയുന്നു. ഈ രേഖകൾ നിയമപരമായ കാര്യങ്ങൾ പരിശോധിക്കാൻ അയച്ചിരിക്കുകയാണ്. രഘുവംശി, ഇന്ത്യൻ സായുധ സേനകൾ ഭാവിയിൽ നടത്താനിരിക്കുന്ന ആയുധ സംഭരണങ്ങളുടെ വിശദാംശങ്ങൾ ശേഖരിക്കുകയും വിദേശ രഹസാന്വേഷണ ഏജൻസികൾക്ക് കൈമാറുകയും ചെയ്തെന്ന് സിബിഐ ഉദ്യോഗസ്ഥൻ പറഞ്ഞു. ഡിആർഡിഒയുടെയും സൈനിക പദ്ധതികളുടെയും രഹസ്യസ്വഭാവമുള്ള മിനുട്സുകൾ, അയൽ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നയതന്ത്ര വിവരങ്ങൾ അടക്കം ഇയാൾ കൈമാറിയെന്നും അന്വേഷണ ഏജൻസി വ്യക്തമാക്കുന്നു.

അതേസമയം, ജർമ്മൻ മൾട്ടിനാഷണൽ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിന്റെ ഇന്ത്യയിൽ നിന്നുള്ള ഇൻവെസ്റ്റ്‌മെന്റ് കൺസൾട്ടന്റായി വിവേക് രഘുവംശി പ്രവർത്തിക്കുന്നതായും ഇയാളുമായി അടുത്ത ബന്ധമുള്ളവർ പറയുന്നു. മാധ്യമരംഗത്ത് 30 വർഷത്തിലേറെ പ്രവർത്തന പരിചയമുണ്ട് രഘുവംശിക്ക്. 2 ദിവസം മുൻപാണ് രഘുവംശിയുടെ അവസാനമായി വാർത്ത പ്രസിദ്ധീകരിച്ചത്. പ്രതിരോധ കരാറുമായി ബന്ധപ്പെട്ട കുടിശിക പരിഹരിക്കുന്ന വിഷയത്തിൽ ഇന്ത്യയും റഷ്യയും എങ്ങനെ ഒത്തുതീർപ്പിൽ എത്തിയെന്നതായിരുന്നു ഇതിന്റെ ഉള്ളടക്കം.

2020ൽ ഫ്രീലാൻസ് ജേണലിസ്റ്റ് രാജീവ് ശർമയും സമാനമായ കേസിൽ അറസ്റ്റിലായിരുന്നു. ചൈനീസ് രഹസ്യാന്വേഷണ ഏജൻസികൾക്ക് തന്ത്രപ്രധാനമായ വിവരങ്ങൾ കൈമാറിയെന്നതായിരുന്നു ആരോപണം. 48 ലക്ഷം രൂപ വിലമതിക്കുന്ന സ്വത്തുകളും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇയാളിൽ നിന്ന് കണ്ടുകെട്ടിയിരുന്നു.

logo
The Fourth
www.thefourthnews.in