'ചാരക്കേസ്'; മനീഷ് സിസോദിയ അടക്കം ഏഴ് പേർക്കെതിരെ എഫ്‌ഐആർ
ഡല്‍ഹി 'ചാരക്കേസിൽ' മുൻ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കം ഏഴ് പേർക്കെതിരെ സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഡല്‍ഹി സര്‍ക്കാരിന്റെ 'ഫീഡ്ബാക്ക് യൂണിറ്റില്‍' ക്രമക്കേട് ആരോപിച്ചാണ് നടപടി. അഴിമതി നിരോധന നിയമപ്രകാരമാണ് കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17 പ്രകാരം സിസോദിയയെ പ്രോസിക്യൂട്ട് ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സിബിഐക്ക് അനുമതി നൽകിയിരുന്നു. ക്രിമിനൽ ഗൂഢാലോചന, വഞ്ചനയ്ക്കായി വ്യാജരേഖ ചമയ്ക്കൽ, അക്കൗണ്ടുകളിൽ കൃത്രിമം കാണിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് എഫ്‌ഐആർ.
നേരത്തെ ഡല്‍ഹിയിലെ പുതിയ മദ്യനയവുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ ഉപമുഖ്യമന്ത്രി സിസോദിയ ഉള്‍പ്പടെ 15 പേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു
സിസോദിയക്ക് പുറമെ മുൻ വിജിലൻസ് സെക്രെട്ടറി സുകേഷ് കുമാർ ജെയിൻ, എഫ്ബിയു മുൻ ജോയിന്റ് ഡയറക്ടർ രാകേഷ് കുമാർ സിൻഹ, മുൻ ഡെപ്യൂട്ടി ഡയറക്ടർ പ്രദീപ് കുമാർ പുഞ്ച്, ഫീഡ് ബാക്ക് ഓഫീസറായിരുന്ന സതീഷ് ഖേത്രപാൽ, മുഖ്യമന്ത്രിയുടെ അഴിമതി നിരോധന ഉപദേഷ്ടാവ് ഗോപാൽ മോഹൻ തുടങ്ങിയവർക്കെതിരെയാണ് എഫ്‌ഐആർ.
എഎപി അധികാരത്തിലിരിക്കെ, 2015ലാണ് എഫ്ബിയു രൂപീകരിച്ചത്. സിസോദിയയാണ് ഈ യൂനിറ്റിന് നേതൃത്വം നൽകിയത് എന്നാണ് സിബിഐയുടെ വാദം. അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാൻ ഡൽഹി സർക്കാർ രുപീകരിച്ച ഫീഡ് ബാക്ക് യൂണിറ്റ്, ആവശ്യമായ വിവരങ്ങൾ ശേഖരിക്കുന്നതിന് പുറമെ മറ്റ് സുപ്രധാന വിവരങ്ങളും ചോർത്തിയതായി അന്വേഷണത്തിൽ വ്യക്തമായതായി സിബിഐ അറിയിച്ചു. എഫ്ബിയു ശേഖരിച്ച വിവരങ്ങളിൽ 40 ശതമാനവും അതിന്റെ പ്രവർത്തന പരിധിക്കും അപ്പുറത്തുള്ളതാണ്.
ഇതിൽ രാഷ്ട്രീയ എതിരാളികളുടെയും മന്ത്രിമാരുടെയും വിവരങ്ങളും ഉൾപ്പെടുന്നു. 2016 ഏപ്രിൽ 22 ൽ പ്രദീപ് കുമാർ പുഞ്ച് കൈമാറിയ കുറിപ്പിലൂടെ മുന്നോട്ട് വച്ച നിർദ്ദേശപ്രകാരമാണ് എഫ്ബിയുവിനുള്ള പ്രത്യേക അലവൻസിന് സിസോദിയ അംഗീകാരം നൽകിയതെന്നും അന്വേഷണത്തിൽ വ്യക്തമായി. ഇതിനായി സർക്കാർ ഖജനാവിൽ നിന്ന് ഏകദേശം 36 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട് എന്നും സിബിഐ വ്യക്തമാക്കി.
അതേസമയം സിസോദിയയെ വ്യാജകേസുകളിൽപെടുത്തി വളരെക്കാലം കസ്റ്റഡിയിൽ വയ്ക്കുക എന്നതാണ് പ്രധാനമന്ത്രിയുടെ പദ്ധതിയെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ പ്രതികരിച്ചു. മനീഷ് സിസോദിയക്കെതിരെ സിബിഐ രജിസ്റ്റർ ചെയ്യുന്ന രണ്ടാമത്തെ കേസ് ആണിത്. നേരത്തെ ഡല്‍ഹിയിലെ മദ്യനയവുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ സിസോദിയ ഉള്‍പ്പടെ 15 പേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.