'സിബിഐ അന്വേഷണത്തിന് മേല്‍നോട്ടം തുടരണം'; നരേന്ദ്ര ദാബോല്‍ക്കറുടെ മകള്‍ സുപ്രീംകോടതിയില്‍

'സിബിഐ അന്വേഷണത്തിന് മേല്‍നോട്ടം തുടരണം'; നരേന്ദ്ര ദാബോല്‍ക്കറുടെ മകള്‍ സുപ്രീംകോടതിയില്‍

മേല്‍നോട്ടം തുടരാന്‍ ബോംബെ ഹൈക്കോടതി വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് മകള്‍ സുപ്രീംകോടതിയെ സമീപിച്ചത്
Updated on
1 min read

യുക്തിവാദിയും സാമൂഹ്യപ്രവര്‍ത്തകനുമായ നരേന്ദ്ര ദാബോല്‍ക്കറുടെ കൊലപാതകത്തില്‍ സിബിഐ അന്വേഷണത്തിന് മേല്‍നോട്ടം തുടരണമെന്ന് ആവശ്യപ്പെട്ട് മകള്‍ സുപ്രീംകോടതിയില്‍. മേല്‍നോട്ടം തുടരാന്‍ ബോംബെ ഹൈക്കോടതി വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് മകള്‍ മുക്ത ദാബോല്‍ക്കര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

ജസ്റ്റിസുമാരായ സജ്ജയ് കിഷന്‍ കൗള്‍, അസാനുദ്ദീന്‍ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചാണ് കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ചത്. ഹര്‍ജിയുടെ പകര്‍പ്പുകളും ബോംബെ ഹൈക്കോടതിയുടെ ഉത്തരവും സിബിഐയ്ക്ക് കൈമാറാന്‍ ബെഞ്ച് നിര്‍ദേശിച്ചു.

ഒളിവിലുള്ള രണ്ട് പ്രതികളെ ഇതുവരെ കണ്ടെത്തുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് അഭിഭാഷകന്‍

മുതിര്‍ന്ന അഭിഭാഷകന്‍ ആനന്ദ് ഗ്രോവറാണ് മുക്തയ്ക്ക് വേണ്ടി ഹാജരായത്. ഒളിവിലുള്ള രണ്ട് പ്രതികളെ ഇതുവരെ കണ്ടെത്തുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അതേസമയം, കൊലപാതക ഗൂഢാലോചനയുടെ വ്യാപ്തി ഉൾപ്പെടെ സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്ന് സിബിഐ കോടതിയെ അറിയിച്ചു.

ചില നിരീക്ഷണം നല്ലതാണ്, എന്നാല്‍ സ്ഥിരമായ നിരീക്ഷണം സാധ്യമല്ലെന്ന് കോടതി

അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കില്ലെന്നും കൂടുതല്‍ നിരീക്ഷണം ആവശ്യമില്ലെന്നും ഏപ്രിലിലാണ് ബോംബെ ഹൈക്കോടതി അറിയിച്ചത്. ''ചില നിരീക്ഷണം നല്ലതാണ്, എന്നാല്‍ സ്ഥിരമായ നിരീക്ഷണം സാധ്യമല്ല. കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ പ്രതികളുടെ അവകാശങ്ങള്‍ പരിഗണിക്കണമെന്നത് നിയമമാണ്,'' ബോംബെ ഹൈക്കോടതി വ്യക്തമാക്കി.

2013 ഓഗസ്റ്റ് 20 നാണ് നരേന്ദ്ര ദാബോല്‍ക്കറെ ബൈക്കിലെത്തിയ അക്രമിസംഘം വെടിവച്ച് കൊലപ്പെടുത്തിയത്.

logo
The Fourth
www.thefourthnews.in