ജോലിക്ക് പകരം ഭൂമി; ബിഹാർ മുൻ മുഖ്യമന്ത്രി റാബ്‌റി ദേവിയുടെ വസതിയിൽ സിബിഐ റെയ്ഡ്
ജോലിക്ക് പകരം ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കേസിൽ ബിഹാർ മുൻ മുഖ്യമന്ത്രി റാബ്‌റി ദേവിയുടെ പട്‌നയിലെ വസതിയിൽ സിബിഐ റെയ്ഡ്. ഇന്ത്യൻ റെയിൽവേ കേറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) അഴിമതിക്കേസുമായി ബന്ധപ്പെട്ട് സിബിഐ ഉദ്യോഗസ്ഥർ റാബ്‌റി ദേവിയെ ചോദ്യം ചെയ്തുവരികയാണ്. ഡൽഹി മദ്യനയക്കേസിൽ ആം ആദ്മി നേതാവ് മനീഷ് സിസോദിയയുടെ അറസ്റ്റിൻ്റെ പശ്ചാത്തലത്തിൽ, കേന്ദ്ര ഏജൻസികളെ ദുരുപയോഗിക്കുന്നു എന്ന് ആരോപിച്ച് പ്രതിപക്ഷ നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചതിന് പിന്നാലെയാണ് സിബിഐ റാബ്റി ദേവിയുടെ വസതിയിലെത്തിയത്.
റെയിൽവേ മന്ത്രിയായിരിക്കുന്ന സമയത്താണ് തൊഴിൽ തട്ടിപ്പ് നടന്നത്. റെയിൽവേയിൽ നിയമനത്തിനു പകരമായി ലാലുവിൻ്റെ കുടുംബത്തിന് ഭൂമി സമ്മാനമായി നൽകുകയോ വിൽക്കുകയോ ചെയ്തുവെന്നാണ് കുറ്റപത്രത്തിലെ ആരോപണം. 2022 ഒക്ടോബറിൽ ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്‌റി ദേവി, മകൾ മിസ ഭാരതി, സെൻട്രൽ റെയിൽവേ മുൻ ജനറൽ മാനേജർ സൗമ്യ രാഘവൻ, മുൻ സിപിഒ കമൽ ദീപ് മൈൻറായ്, പകരക്കാരായി നിയമിച്ച ഏഴു പേർ, നാല് സ്വകാര്യ വ്യക്തികൾ എന്നിവർക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു.
2004 മുതൽ 2009 വരെ ലാലു പ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരിക്കെ അഴിമതി നടന്നുവെന്നാണ് ആരോപണം. രാഷ്ട്രീയ ജനതാദൾ (ആർജെഡി) തലവനെ കൂടാതെ അന്നത്തെ റെയിൽവേ ജനറൽ മാനേജരുടെ പേരും കുറ്റപത്രത്തിലുണ്ട്. മുംബൈ, ജബൽപൂർ, കൊൽക്കത്ത, ജയ്പൂർ, ഹാജിപൂർ എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്ന റെയിൽവേയുടെ വിവിധ സോണുകളിൽ ഗ്രൂപ്പ് ഡി തസ്തികകളിൽ പകരക്കാരായി നിയമിച്ചതായാണ് എഫ്‌ഐആറിൽ ആരോപിക്കുന്നത്. വാങ്ങിയ ഭൂമി എകെ ഇൻഫോസിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെയും കുടുംബ അംഗങ്ങളുടെ പേരിലേക്ക് മാറ്റിയെന്നും സിബിഐ പറയുന്നു. പട്‌നയിൽ മാത്രം ഏകദേശം 1,05,292 ചതുരശ്ര അടി ഭൂമിയാണ് ലാലു പ്രസാദ് യാദവിന്റെ കുടുംബാംഗങ്ങൾ തട്ടിയെടുത്തത്.
നിലവിലുള്ള സർക്കിൾ നിരക്കിനേക്കാൾ കുറഞ്ഞ വിലയ്ക്കും മാർക്കറ്റ് വിലയേക്കാൾ വളരെ കുറഞ്ഞ വിലയ്ക്കും ആണ് ലാലു പ്രസാദിന്റെ കുടുംബം ഭൂമി വാങ്ങിയതെന്നാണ് സിബിഐയുടെ ആരോപണം. നിലവിലുള്ള സർക്കിൾ നിരക്ക് പ്രകാരം ഭൂമിയുടെ വില ഏകദേശം 4.39 കോടി രൂപയായിരുന്നു. പകരക്കാരെ നിയമിക്കുന്നതിന് റെയിൽവേ അതോറിറ്റി പുറപ്പെടുവിച്ച നടപടിക്രമങ്ങളും മാർഗനിർദേശങ്ങളും പാലിച്ചില്ലെന്നുകണ്ട് പിന്നീട് ഇവരുടെ സേവനങ്ങൾ ക്രമപ്പെടുത്തുകയും ചെയ്തു.
കേസിൽ 14 പേർക്കും ഫെബ്രുവരി 27ന് ഡൽഹി റോസ് അവന്യൂ കോടതി സമൻസ് അയച്ചിരുന്നു. പ്രതികളോട് മാർച്ച് 15ന് കോടതിയിൽ ഹാജരാകാൻ പ്രത്യേക ജഡ്ജി ഗീതാഞ്ജലി ഗോയൽ നിർദേശിക്കുകയും ഉണ്ടായി.
കഴിഞ്ഞ വർഷം ആഗസ്റ്റിൽ ബിഹാർ ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച്, നിർമാണത്തിലിരിക്കുന്ന മാളിൽ ഉൾപ്പെടെ 27 സ്ഥലങ്ങളിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു. എംഎൽസി സുനിൽ സിംഗ്, രാജ്യസഭാ എംപിമാരായ അഷ്ഫാഖ് കരീം, ഫയാസ് അഹമ്മദ്, മുൻ എംഎൽസി സുബോധ് റായ് എന്നിവരുൾപ്പെടെ നിരവധി ആർജെഡി നേതാക്കളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലും സിബിഐ റെയ്ഡ് നടത്തി.
കേസിൽ മുൻ റെയിൽവേ മന്ത്രി ലാലു പ്രസാദ് യാദവിനെ പ്രോസിക്യൂട്ട് ചെയ്യാൻ സി ബി ഐയ്ക്ക് കേന്ദ്രസർക്കാർ ജനുവരിയിൽ അനുമതി നൽകിയിരുന്നു. സെൻട്രൽ റെയിൽവേയുടെ അന്നത്തെ ജി എം, സിപിഒ എന്നിവരുമായി ഗൂഢാലോചന നടത്തിയ പ്രതികൾ അവരുടെ പേരിലോ അടുത്ത ബന്ധുക്കളുടെ പേരിലോ ലഭിച്ച ഭൂമിക്കു പകരമായി വ്യക്തികളെ ജോലിക്കു നിയമിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് സി ബി ഐ ആരോപിക്കുന്നത്.