ബിഹാറില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ ആര്‍ജെഡി നേതാക്കളുടെ വീട്ടില്‍ സിബിഐ റെയ്ഡ്

ബിഹാറില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ ആര്‍ജെഡി നേതാക്കളുടെ വീട്ടില്‍ സിബിഐ റെയ്ഡ്

ലാലു പ്രസാദ് യാദവിനെതിരായ റെയില്‍വേ അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്
Updated on
1 min read

ബിഹാറില്‍ ആര്‍ജെഡിയിലെ രണ്ട് മുതിര്‍ന്ന നേതാക്കളുടെ വീട്ടില്‍ സിബിഐ റെയ്ഡ്. ആര്‍ജെഡി എംഎല്‍സി സുനില്‍ സിങിന്റേയും എംപി അഷ്ഫാഖ് കരീമിന്റെയും വീടുകളിലാണ് ബുധനാഴ്ച റെയ്ഡ് നടന്നത്. ആര്‍ജെഡിയുടെ ട്രഷറര്‍ കൂടിയാണ് സുനില്‍ സിങ്. ലാലു പ്രസാദ് യാദവിനെതിരായ റെയില്‍വേ അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടന്നത്. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു-ആർജെഡി സര്‍ക്കാര്‍ ബുധനാഴ്ച സഭയില്‍ വിശ്വാസ വോട്ടെടുപ്പ് തേടാനിരിക്കെയാണ് റെയ്ഡ്. രണ്ട് ആഴ്ച്ച മുന്‍പാണ് ജനതാദള്‍ ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ച് ആര്‍ജെഡിയുമായി കൈകോര്‍ത്തത്.

ലാലു പ്രസാദും  തേജസ്വി യാദവും
ലാലു പ്രസാദും തേജസ്വി യാദവും

ബുധനാഴ്ച രാവിലെയാണ് ആര്‍ജെഡിയുടെ രാജ്യസഭാ എംപി അഹമ്മദ് അഷ്ഫാഖ് കരീമിന്റെയും നിയമസഭാംഗം സുനില്‍ സിങ്ങിന്റെയും പാറ്റ്‌നയിലെ വീടുകളില്‍ സിബിഐ എത്തിയത്. റെയ്ഡ് ഗൂഢാലോചനയുടെ ഭാഗമാണെന്നും ഭയം കാരണം തങ്ങളുടെ എംഎല്‍എമാര്‍ അവരോടൊപ്പം ചേരുമെന്ന പ്രതീക്ഷയില്‍ ഭയപ്പെടുത്താന്‍ നോക്കുകയാണെന്നും സുനില്‍ സിങ് പ്രതികരിച്ചു. ബിഹാറിലെ അധികാരം നഷ്ടമാകുന്നതിന്റെ പ്രതികാരമായി സിബിഐയും മറ്റ് കേന്ദ്ര ഏജന്‍സികളും റെയ്ഡിനുള്ള ഒരുക്കത്തിലാണെന്നും നാളത്തെ ദിവസം പ്രധാനമാണെന്നും ആര്‍ജെഡി വക്താവ് ചൊവ്വാഴ്ച രാത്രി ട്വീറ്റ് ചെയ്തിരുന്നു.

ബിഹാറില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ ആര്‍ജെഡി നേതാക്കളുടെ വീട്ടില്‍ സിബിഐ റെയ്ഡ്
ബിഹാര്‍ മുഖ്യമന്ത്രി പദത്തില്‍ എട്ടാംതവണയും നിതീഷ്; ആഭ്യന്തരം ആവശ്യപ്പെട്ട് ആര്‍ജെഡി, സത്യപ്രതിജ്ഞ ഇന്ന്

ഈ വര്‍ഷം മെയിലാണ് ലാലു പ്രസാദിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ 2004നും 2005നുമിടയില്‍ റെയില്‍വേ നിയമനത്തില്‍ അഴിമതി കാട്ടിയതിന് കേസെടുത്തത്. റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നും ലാലുവും കുടുംബാംഗങ്ങളും കൈക്കൂലിയായി സ്ഥലവും വസ്തുക്കളും കൈപ്പറ്റിയെന്നാണ് കേസ്. ജൂണില്‍ കേസുമായി ബന്ധപ്പെട്ട് ലാലുവിന്റെ സഹായി ഭോല യാദവിനെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in