മണിപ്പൂരിൽ വീണ്ടും സംഘർഷം; മൂന്നുപേര്‍ കൊല്ലപ്പെട്ടു, രണ്ടുപേർക്ക് പരുക്ക്
മണിപ്പൂരിൽ വീണ്ടും സംഘർഷം. ഖോകെൻ ഗ്രാമത്തിലുണ്ടായ ആക്രമണത്തിൽ സ്ത്രീ ഉൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടു. രണ്ടുപേർക്ക് പരുക്കേറ്റു. മേയ്തികളാണ് കലാപത്തിന് പിന്നിലെന്ന് കുകികൾ ആരോപിച്ചു.
കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്ത് സംഘർഷങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സംസ്ഥാന സർക്കാരിന്റെ സുരക്ഷാ ഉപദേശ്ടാവായ കുൽദീപ് സിങ് പറഞ്ഞതിനുപിന്നാലെയായിരുന്നു ആക്രമണം. അഞ്ച് താഴ്‌വര ജില്ലകളിൽ 12 മണിക്കൂറും സമീപ മലയോര ജില്ലകളിൽ എട്ട് മുതൽ പത്ത് മണിക്കൂർ വരെ കർഫ്യൂവിൽ ഇളവ് നൽകിയതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്.
സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ആറ് കേസുകളിൽ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. കേസന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. ആറ് കേസുകൾ സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് സംസ്ഥാന സർക്കാർ നേരത്തെ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഒരു മാസത്തോളമായി മണിപ്പൂരിൽ മെയ്തികളും കുകികളും തമ്മിൽ തുടരുന്ന സംഘർഷത്തിൽ നൂറോളം പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 35000 പേർ പലായാനം ചെയ്യേണ്ടിയും വന്നിരുന്നു.
സിബിഐ അന്വേഷണത്തിനായി മണിപ്പൂർ സർക്കാർ തിരഞ്ഞെടുത്ത ആറ് കേസുകളിൽ വംശീയ അക്രമം മുൻകൂട്ടി ആസൂത്രണം ചെയ്‌തതാണോയെന്ന് അറിയാനുള്ള പൊതു ഗൂഢാലോചന കേസും ഉൾപ്പെടുന്നു. അക്രമം പൊട്ടിപ്പുറപ്പെട്ടശേഷം സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത 3,700 ലധികം എഫ്‌ഐആറുകളിൽ നിന്നാണ് ഈ ആറ് കേസുകൾ സംസ്ഥാന സർക്കാർ തിരഞ്ഞെടുത്തത്. ഇംഫാൽ വെസ്റ്റ് ജില്ലയിലാണ് ഏറ്റവുമധികം കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കാങ്പോക്പിയും ബിഷ്ണുപുരുമാണ് തൊട്ടുപിന്നിൽ.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മേയ് 29ന് മണിപ്പൂർ സന്ദർശിക്കുകയും സമാധാനം പുനഃസ്ഥാപിക്കാനുളള ഇടപെടലുകൾ നടത്തുകയും ചെയ്തിരുന്നു. തുടർന്ന് അക്രമ സംഭവങ്ങളിൽ ജുഡീഷ്യൽ അന്വേഷണത്തിനും കേന്ദ്ര സർക്കാർ ഉത്തരവിട്ടു. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലുളള സംഘമായിരിക്കും അന്വേഷണം നടത്തുകയെന്ന് സന്ദർശനത്തിന് പിന്നാലെ അമിത് ഷാ പറഞ്ഞു. ആറ് കേസുകൾ സിബിഐ അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അമിത് ഷായുടെ സന്ദർശനം കാര്യമായി ഫലം കണ്ടിരുന്നില്ല. അമിത് ഷായുടെ ഡൽഹിയിലെ വസതിക്ക് മുന്നില്‍ പ്രതിഷേധവുമായി കുക്കി സമുദായാംഗങ്ങൾ രംഗത്തുവന്നിരുന്നു. മണിപ്പുരില്‍ സമാധാനവും സുരക്ഷിതത്വവും പുനഃസ്ഥാപിക്കുക, ഗോത്രവിഭാഗക്കാര്‍ക്ക് സംരക്ഷണം നല്‍കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
അമിത് ഷാ, നാഗാ നിയമസഭാംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിൽ, കുക്കി - മെയ്തി സമുദായങ്ങൾ തമ്മിലുള്ള സംഘർഷം പരിഹരിക്കുന്നതിന് ഇടനിലക്കാരായി പ്രവർത്തിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ, പ്രത്യേക ഭരണത്തിനായുള്ള കുക്കി എംഎൽഎമാരുടെ ആവശ്യങ്ങളോട് മുഖം തിരിച്ചുളള സമീപനമാണ് നാഗാ എംഎൽഎമാർ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. കർഫ്യൂ ഏർപ്പെടുത്തിയിട്ടില്ലാത്ത ആറ് മലയോര ജില്ലകൾ നാഗാ ആധിപത്യമുള്ള പ്രദേശങ്ങളാണ്.
മെയ് മൂന്നിന് കലാപം തുടങ്ങിയത് മുതൽ മണിപ്പൂരിലെ പോലീസ് ക്യാമ്പുകളിൽനിന്ന് 4,000 ആയുധങ്ങൾ കൊള്ളയടിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം, 896 ആയുധങ്ങളും 11,763 വെടിക്കോപ്പുകളും 200 വ്യത്യസ്ത തരം ബോംബുകളും സുരക്ഷാ സേന കണ്ടെടുത്തിരുന്നു. അതേസമയം, മണിപ്പൂരിൽനിന്ന് കുടിയിറക്കപ്പെട്ടവരെ സഹായിക്കാൻ 101.75 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജിന് ആഭ്യന്തര മന്ത്രാലയം അംഗീകാരം നൽകിയതായി കുൽദീപ് സിങ് പറഞ്ഞു.