ഷാരൂഖ് ഖാന്റെ മകനെ അറസ്റ്റ് ചെയ്ത കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ സമീർ വാങ്കഡെയ്‌ക്കെതിരെ സിബിഐ കേസ്
ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ ലഹരിമരുന്ന് കേസിൽ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥൻ സമീർ വാങ്കഡെക്കെതിരെ അഴിമതി കേസ് രജിസ്റ്റർ ചെയ്ത് സിബിഐ. കോർഡേലിയ ക്രൂയിസ് എന്ന ആഡംബര കപ്പലിൽ നിന്ന് 2021 ഒക്ടോബറിലാണ് ആര്യൻ ഖാനെ സമീർ വാങ്കഡെയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞയാഴ്ച, കോർഡെലിയ ക്രൂയിസ് കപ്പൽ റെയ്ഡ് ചെയ്ത് ആര്യൻ ഖാനെ അറസ്റ്റ് ചെയ്ത സംഘത്തിലെ അംഗമായിരുന്ന സൂപ്രണ്ട് വിശ്വ വിജയ് സിങ്ങിനെ നാർക്കോട്ടിക്സ് ബ്യൂറോ പിരിച്ചുവിട്ടിരുന്നു
സമീർ വാങ്കഡെയും മറ്റുള്ളവരും ചേർന്ന് ആര്യൻ ഖാന്റെ കേസിൽ 25 കോടി രൂപ ആവശ്യപ്പെട്ടുവെന്നും 50 ലക്ഷം രൂപ തട്ടിയെടുത്തുവെന്നും സിബിഐ എഫ്‌ഐആറിൽ ആരോപിക്കുന്നു. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ മുംബൈ, റാഞ്ചി, കാൺപൂർ, ഡൽഹി എന്നിവിടങ്ങളിലായി 28 ഇടങ്ങളിൽ സിബിഐ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. നാർകോട്ടിക്‌സ് കൺട്രോൾ ബ്യുറോയുടെ മുംബൈ സോണൽ മുൻ മേധാവിയായിരുന്നു സമീർ വാങ്കഡെ. ആര്യൻ ഖാന്റെ അറസ്റ്റോടെയാണ് അദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. നവി മുംബൈയിലെ ഒരു ബാർ ഹോട്ടലിന് വേണ്ടി വ്യാജ ലൈസൻസ് വാങ്ങിയെന്നൊരു കേസ് താനെ പോലീസ് സമീർ വാങ്കഡെയ്ക്കെതിരെ നേരത്തെ ചുമത്തിയിരുന്നു.
ലഹരിമരുന്ന് കേസിൽ നാലാഴ്ച ജയിലിൽ കഴിഞ്ഞ ആര്യൻ ഖാനെ തെളിവുകളുടെ അഭാവത്തിൽ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. കഴിഞ്ഞ വർഷം മേയിൽ കേസിലെ പോരായ്മകളെ കുറിച്ചന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം വാങ്കഡെയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ വീഴ്ചയുണ്ടായാതായി കണ്ടെത്തിയിരുന്നു.
കോർഡെലിയ ക്രൂയിസ് കപ്പൽ റെയ്ഡ് ചെയ്ത് ആര്യൻ ഖാനെ അറസ്റ്റ് ചെയ്ത സംഘത്തിലെ അംഗമായിരുന്ന പോലീസ് സൂപ്രണ്ട് വിശ്വ വിജയ് സിങ്ങിനെ കഴിഞ്ഞയാഴ്ച നാർക്കോട്ടിക്സ് ബ്യൂറോ പിരിച്ചുവിട്ടിരുന്നു. മറ്റൊരു കേസുമായി ബന്ധപ്പെട്ട് 2022 ഏപ്രിൽ മുതൽ സിങ് സസ്പെൻഷനിലായിരുന്നു. തുടർന്നാണ് പിരിച്ചുവിട്ടതും സിങ്ങിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടതും. അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ കണക്കിലെടുത്താണ് സിങ്ങിനെ പിരിച്ചുവിട്ടതെന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചു.