538 കോടിയുടെ ബാങ്ക് തട്ടിപ്പ്: ജെറ്റ് സ്ഥാപകൻ നരേഷ് ഗോയലിന്റെ വീട്ടിലും ഓഫീസുകളിലുമടക്കം സിബിഐ റെയ്ഡ്
ബാങ്ക് തട്ടിപ്പ് കേസിൽ ജെറ്റ് എയർവെയ്‌സ് ഓഫീസുകളിലും സ്ഥാപകനും ചെയർമാനുമായ നരേഷ് ഗോയലിന്റെ വീട്ടിലും സിബിഐ റെയ്ഡ്. കാനറ ബാങ്കിൽ 538 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലാണ് റെയ്ഡ്.
നരേഷ് ഗോയലിന്റെ വീട്ടിലും ജെറ്റിന്റെ പഴയ ഓഫീസുകളിലും ഉൾപ്പെടെ മുംബൈയിലെയും ഡൽഹിയിലെയും ഏഴ് സ്ഥലങ്ങളിലാണ് സിബിഐ റെയ്ഡ് നടത്തിയത്. കമ്പനി മുൻ ഡയറക്ടർ ഗൗരംഗ് ആനന്ദ ഷെട്ടിയുടെ ഓഫീസിലും റെയ്ഡ് നടത്തിയിട്ടുണ്ട്.
ഗോയൽ, ഭാര്യ അനിത, ഗൗരംഗ് ആനന്ദ ഷെട്ടി തുടങ്ങിയവർക്കെതിരെ പണം വകമാറ്റി ബാങ്കിന് നഷ്ടമുണ്ടാക്കിയെന്ന ആരോപണത്തിലാണ് സിബിഐ കേസെടുത്തിരിക്കുന്നത്. വഞ്ചന, ക്രിമിനൽ ഗൂഢാലോചന, ക്രിമിനൽ ലംഘനം തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് കാനറ ബാങ്ക് രേഖാമൂലമുള്ള പരാതി നൽകിയത്. സാമ്പത്തിക പ്രതിസന്ധികൾക്ക് പിന്നാലെ കമ്പനി ഏറ്റെടുത്ത പുതിയ ഉടമകളായ ജലൻ കൽറോക്ക് കൺസോർഷ്യവുമായി റെയ്ഡുകൾക്ക് ബന്ധമില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധികൾക്ക് പിന്നാലെ കമ്പനി ഏറ്റെടുത്ത പുതിയ ഉടമകളായ ജലൻ കൽറോക്ക് കൺസോർഷ്യവുമായി റെയ്ഡുകൾക്ക് ബന്ധമില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്
ഇന്ത്യയിലെ ഏറ്റവു വലിയ സ്വകാര്യ വിമാനക്കമ്പനിയായിരുന്ന ജെറ്റ് എയർവേസ് സാമ്പത്തിക പ്രതിസന്ധികൾ കാരണം 2019 ഏപ്രിലിൽ പ്രവർത്തനങ്ങൾ നിർത്തിവച്ചിരുന്നു. കടത്തിൽ മുങ്ങിയ വിമാനക്കമ്പനിയെ വായ്‍പ നല്‍കിയ ബാങ്കുകളും കയ്യൊഴിഞ്ഞതോടെ മുഴുവന്‍ വിമാനങ്ങളും ജെറ്റ് എയര്‍വെയ്‍സ്‍ നിലത്തിറക്കി.
"വായ്പ നൽകുന്നവരുമായും അധികൃതരുമായുമുള്ള ദീർഘവും സുസ്ഥിരവുമായ ശ്രമങ്ങൾ ആഗ്രഹിച്ച ഫലം നൽകാത്തതിനാൽ എല്ലാ വിമാനങ്ങളും നിർത്താൻ നിർബന്ധിതരായതായിരിക്കുകയാണ്,''എന്നാണ് ജെറ്റ് എയർലൈൻസ് പ്രസ്താവനയിൽ അറിയിച്ചത്.
പിന്നീട് ലണ്ടന്‍ ആസ്ഥാനമായ കാര്‍ലോക് ക്യാപ്പിറ്റല്‍, യു.എ.ഇ ബിസിനസുകാരന്‍ മുരാരി ലാൽ ജലാന്‍ എന്നിവരുടെ സംയുക്ത സംരംഭത്തിൽ 2021 ൽ കമ്പനി ഏറ്റെടുത്തു. പാപ്പരത്തം പ്രഖ്യാപിച്ച ജെറ്റ് എയര്‍വെയ്‍സിന്റെ എൻ.സി.എൽ.ടി നടപടികൾക്ക് ശേഷമാണ് ഇവർ ഏറ്റെടുത്തത്.
കഴിഞ്ഞ മാസം ജെറ്റ് എയർവേസ് സി.ഇ.ഒ.യായി പ്രഖ്യാപിച്ചിരുന്ന സഞ്ജീവ് കപൂർ സ്ഥാനം രാജിവെച്ചിരുന്നു. കമ്പനിയുടെ പുനരുജ്ജീവന പ്രവർത്തനങ്ങൾ വൈകുന്ന സാഹചര്യത്തിലായിരുന്നു നടപടി. രാജിയുടെ കാരണം വ്യക്തമാക്കിയിട്ടില്ല.