ഡല്‍ഹിയില്‍ 12 ഐഎഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം ; നടപടി മനീഷ് സിസോദിയയുടെ വസതിയിലെ സിബിഐ റെയ്ഡിന് പിന്നാലെ
ഡല്‍ഹിയില്‍ 12 ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനുള്ള ഉത്തരവിറക്കി ലഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന. പുതിയ മദ്യനയവുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയുമായ മനീഷ് സിസോദിയയുടെ വസതിയില്‍ സിബിഐ റെയ്ഡ് നടത്തി മണിക്കൂറുകള്‍ക്കകമാണ് നിര്‍ണായക നടപടി. സിസോദിയയുള്‍പ്പെടെ 15 പേരെ ഉള്‍പ്പെടുത്തി സിബിഐ എഫ്‌ഐആര്‍ തയ്യാറാക്കിയിരുന്നു.
എക്‌സൈസ് നയം രൂപീകരിക്കുന്നതില്‍ സിസോദിയ ഉള്‍പ്പെടെയുള്ളവരുടെ തെറ്റായ ഇടപെടലിന് വ്യക്തമായ തെളിവുകളുണ്ടെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. 11 പേജുള്ള കുറ്റപത്രത്തില്‍ ഇവര്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന, കൃത്രിമ രേഖ ചമയ്ക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കേസില്‍, കഴിഞ്ഞ മാസം സിബിഐ അന്വേഷണം ആവശ്യപ്പെട്ടത് ലഫ്റ്റനന്റ് ഗവർണറാണ്. സ്വകാര്യ മദ്യശാല ഉടമകള്‍ക്ക് സഹായകരമാകുന്ന രീതിയില്‍ പുതിയ എക്‌സൈസ് നയം രൂപീകരിച്ചെന്ന് ആംആദ്മിയെ വിനയ് കുമാര്‍ സക്‌സേന വിമര്‍ശിച്ചിരുന്നു.
14 മണിക്കൂറാണ് മനീഷ് സിസോദിയയുടെ വീട്ടില്‍ സിബിഐ റെയ്ഡ് നടത്തിയത്. സിസോദിയയെ ചോദ്യം ചെയ്യാനാണ് അടുത്ത നീക്കം. അതിനിടെ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങി. സിബിഐയില്‍ നിന്ന് ഇ ഡി വിശദാംശങ്ങള്‍ തേടി. കള്ളപ്പണം വെളുപ്പിക്കല്‍ നടന്നോ എന്നതിലാകും ഇ ഡി അന്വേഷണം.
തന്റെ ഫോണും കമ്പ്യൂട്ടറും ചില ഫയലുകളും സിബിഐ പിടിച്ചെടുത്തെന്ന് റെയ്ഡിന് ശേഷം മനീഷ് സിസോദിയ പറഞ്ഞു. ബിജെപി കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് തുടരുകയാണ്. എങ്ങിനെയൊക്കെ പ്രതിരോധത്തിലാക്കാന്‍ ശ്രമിച്ചാലും, ആം ആദ്മി സര്‍ക്കാര്‍ ജനോപകാരപ്രദമായ പദ്ധതികളില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും മനീഷ് സിസോദിയ വ്യക്തമാക്കി. ഇതിന് മുൻപും റെയ്ഡ് നടന്നിട്ടുണ്ടെന്നും ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ഡൽഹി മനീഷ് സിസോദിയ പറഞ്ഞു.
മദ്യശാല ഉടമകള്‍ക്ക് അനുകൂലമാകുന്ന വിധം നയത്തില്‍ ഭേദഗതികള്‍ വരുത്താന്‍ ശ്രമിച്ചെന്നാണ് എഫ്ഐആർ. സിസോദിയയുടെ അടുത്ത കൂട്ടാളികളായ അമിത് അറോറ, ദിനേഷ് അറോറ, അര്‍ജുന്‍ പാണ്ഡെ എന്നിവര്‍ കമ്മീഷന്‍ വാങ്ങി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് എത്തിച്ചെന്നും സിബിഐ ആരോപിക്കുന്നുണ്ട്. ദില്ലി എക്‌സൈസ് വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരും പ്രതികളാണ്. മുംബൈ മലയാളിയും വ്യവസായിയുമായ വിജയ് നായരാണ് അഞ്ചാം പ്രതി.
മദ്യനയം നടപ്പാക്കിയതിൽ ക്രമക്കേടുകളുണ്ടെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിനെ തുടർന്നാണ് ലഫ്റ്റനന്റ് ഗവർണർ വി കെ സക്സേന സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. പുതിയ മദ്യനയം കഴിഞ്ഞ വര്‍ഷം നവംബറിലാണ് നടപ്പിലാക്കിയത്. എന്നാല്‍ വിവാദമായതിനെത്തുടര്‍ന്ന് സിബിഐ അന്വേഷണം പ്രഖ്യാപിച്ചതോടെ ഇക്കഴിഞ്ഞ ജൂലൈ 30-ന് പിന്‍വലിച്ചിരുന്നു.
ആം ആദ്മി പാര്‍ട്ടിയിലെ രണ്ടാമനും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വലംകൈയുമായ സിസോദിയയ്ക്കെതിരായ ആരോപണം പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. ആം ആദ്മി പാര്‍ട്ടിയെ തകര്‍ക്കാന്‍ അന്വേഷണ സംഘത്തെ കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കുകയാണെന്നാണ് പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാട്. വിദ്യാഭ്യാസ മന്ത്രിയെന്ന നിലയില്‍ സിസോദിയ നടത്തിയ പരിഷ്‌കാരങ്ങള്‍ രാജ്യത്തിന് അകത്തും പുറത്തും ശ്രദ്ധപിടിച്ചു പറ്റിയ സാഹചര്യത്തില്‍ അദ്ദേഹത്തെ കരിവാരിത്തേക്കാന്‍ കേന്ദ്രം നടത്തുന്ന ഹീനമായ നീക്കമാണിതെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. ഡല്‍ഹി സര്‍ക്കാര്‍ നടത്തിയ വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പടെയുള്ള രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.