1984ലെ സിഖ് വിരുദ്ധ കലാപം: കോൺഗ്രസ് നേതാവ് ജഗദിഷ് ടൈറ്റ്ലറിനെതിരെ സിബിഐ കുറ്റപത്രം
ഇന്ത്യ കണ്ട ഏറ്റവും വലിയ കൂട്ടക്കൊലകളിൽ ഒന്നായ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവിനെതിരെ കുറ്റപത്രം. പാർലമെന്റ് അംഗമായ ജഗദിഷ് ടൈറ്റ്ലറിനെതിരെയാണ് റോസ് അവന്യു ജില്ലാ കോടതിയിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചത്. ഡൽഹിയിലെ പുൽ ബംഗഷ് മേഖലയിൽ അക്രമിസംഘം നടത്തിയ മൂന്ന് കൊലപാതകവുമായി ബന്ധപ്പെട്ടാണ് കേസ്.
1984 നവംബർ ഒന്നിന് ഡൽഹി ബാഡ ഹിന്ദു റാവിലെ ആസാദ് മാർക്കറ്റിലെ പുൽ ബംഗഷ് ഗുരുദ്വാരയ്‌ക്ക് ജനക്കൂട്ടം തീവയ്ക്കുകയും സർദാർ താക്കൂർ സിങ്, ബാദൽ സിങ്, ഗുർചരൺ സിങ് എന്നിവർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ 2005 നവംബർ 22ന് സിബിഐ കേസെടുത്തിരുന്നു. ക്രൂരകൃത്യത്തിന് പിന്നിൽ ടൈറ്റ്ലറിന് പങ്കുണ്ടെന്നതാണ് സിബിഐയുടെ കണ്ടെത്തൽ. പ്രദേശത്തെ കടകൾ കത്തിക്കുകയും കൊള്ളയടിക്കുകയും ചെയ്തതിന് പുറമെ ഗുരുദ്വാര കത്തിക്കാൻ ജനക്കൂട്ടത്തെ പ്രേരിപ്പിച്ചതിൽ ടൈറ്റ്‌ലറിന് പങ്കുണ്ടെന്ന് സിബിഐ ആരോപിച്ചു.
മുൻപ് കോൺഗ്രസ് പാർലമെൻറ് അംഗമായ സജ്ജൻ കുമാറിന് സിഖ് വിരുദ്ധ കലാപത്തിൽ പങ്കുള്ളതായി കണ്ടെത്തുകയും ശിക്ഷിക്കുകയും ചെയ്തിരുന്നു
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഐപിസി 302 (കൊലപാതകം), സെക്ഷൻ 147 (കലാപം), 109 (പ്രേരണ) എന്നീ വകുപ്പുകളാണ് ടൈറ്റ്‌ലറിനെതിരെ സിബിഐ ചുമത്തിയിരിക്കുന്നത്. ജൂൺ രണ്ടിന് കുറ്റപത്രം കോടതി പരിഗണിക്കും.
പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തെ തുടർന്ന് 1984ൽ ഡൽഹി കേന്ദ്രീകരിച്ച് നടന്ന സിഖ് വിരുദ്ധ കലാപത്തിൽ മൂവായിരത്തോളം പേരാണ് കൊല്ലപ്പെട്ടത്. സിഖ് സമുദായത്തെ ലക്ഷ്യം വച്ചായിരുന്നു ആക്രമണങ്ങൾ. ഈ കലാപത്തെ കുറിച്ചന്വേഷിക്കാൻ ജസ്റ്റിസ് നാനാവതി കമ്മിഷനെ സർക്കാർ 2000ത്തിൽ നിയോഗിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സംഭവങ്ങളെ കുറിച്ചന്വേഷിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സിബിഐക്ക് നിർദേശം നൽകിയത്.
മുൻപ് കോൺഗ്രസ് പാർലമെൻറ് അംഗമായ സജ്ജൻ കുമാറിന് സിഖ് വിരുദ്ധ കലാപത്തിൽ പങ്കുള്ളതായി കണ്ടെത്തുകയും ശിക്ഷിക്കുകയും ചെയ്തിരുന്നു. സിഖുകാരെ കൊല്ലാൻ സജ്ജൻ കുമാർ ജനക്കൂട്ടത്തെ പ്രേരിപ്പിച്ചതായാണ് സിബിഐ കണ്ടെത്തൽ. സിഖ് സമുദായത്തെ ലക്ഷ്യം വച്ചുള്ള കലാപം "കോൺഗ്രസ് സർക്കാരിന്റെയും പോലീസിന്റെയും പിന്തുണയോടെയാണ്" നടന്നതെന്ന് സിബിഐ അന്ന് കോടതിയിൽ വാദിച്ചു. കലാപകാരികളെ അടിച്ചമർത്താൻ ഭരണത്തിലുണ്ടായിരുന്ന രാജീവ് ഗാന്ധി സർക്കാർ നടപടി സ്വീകരിച്ചില്ലെന്ന ആക്ഷേപം അക്കാലത്ത് തന്നെ ഉയർന്നിരുന്നു. ചില സ്വതന്ത്ര ഏജൻസികൾ നടത്തിയ കണക്കെടുപ്പിൽ സിഖ് വിരുദ്ധ കൂട്ടക്കൊലയിൽ മരണസംഖ്യ 17,000 വരെ ആയിരുന്നെന്ന് റിപ്പോർട്ടുകളുണ്ട്.