കൊല്‍ക്കത്ത ബലാത്സംഗക്കൊല: സംഭവദിവസം രാത്രി പ്രതി ആശുപത്രിയിൽ എത്തി, നിർണായക സിസിടിവി തെളിവുകൾ പുറത്തുവിട്ട് പോലീസ്
കൊൽക്കത്തയിൽ യുവഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് കൽക്കത്ത പോലീസ്. സംഭവം നടന്ന ദിവസം രാത്രി ഒരു മണിയോടെ ആശുപത്രിയിൽ എത്തിയ പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ ആണ് പൊലീസിന് ലഭിച്ചത്.
ഇയാളുടെ കഴുത്തിൽ ബ്ലൂടൂത്ത് ഇയർഫോൺ ചുറ്റിയിരിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. യുവതിയുടെ മൃതദേഹം കണ്ടെത്തിയ ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെമിനാർ ഹാളിൽ നിന്ന് പ്രാഥമിക അന്വേഷണത്തിൽ ബ്ലൂടൂത്ത് ഇയർഫോണുകൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞിരുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സഞ്ജയ് റോയിയെ കൊൽക്കത്ത പോലീസ് അറസ്റ്റ് ചെയ്തത്.
പുലർച്ചെ 1.03 ന് സഞ്ജയ് റോയ് ആശുപത്രിയിൽ പ്രവേശിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. ചോദ്യം ചെയ്യലിനിടയിൽ പോലീസ് പ്രതിയെ സിസിടിവി ദൃശ്യങ്ങൾ കാണിച്ചതായും, തുടർന്ന് സഞ്ജയ് റോയ് കുറ്റം സമ്മതിച്ചതായും അടുത്ത വൃത്തങ്ങൾ അറിയിച്ചു.
ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ദിവസം രാത്രി 1.03 ന് ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് സഞ്ജയ് റോയ് രണ്ട് ലൈംഗികത്തൊഴിലാളികളെ സന്ദർശിച്ചിരുന്നതായി പോലീസ് പറഞ്ഞു. ആഗസ്ത് എട്ടിന് രാത്രി സോനാഗച്ചി റെഡ് ലൈറ്റ് ഏരിയയിൽ പോയ ഇയാൾ മദ്യം കുടിച്ച് രണ്ട് വേശ്യാലയങ്ങൾ ഒന്നിന് പിറകെ ഒന്നായി സന്ദർശിച്ചിരുന്നു. തുടർന്ന് അർദ്ധരാത്രിക്ക് ശേഷം ആശുപത്രിയിലേക്ക് പോയി.
ജൂനിയർ ഡോക്ടർ ഉറങ്ങാൻ കിടന്നിരുന്ന സെമിനാർ ഹാളിലേക്ക് ഇയാൾ പ്രവേശിക്കുന്നതും പുറത്തിറങ്ങുന്നതും സിസിടിവിയിൽ കാണാവുന്നതാണ്.
സഞ്ജയ് റോയിയെ നുണപരിശോധന നടത്താൻ കൊൽക്കത്തയിലെ പ്രത്യേക കോടതി ഇന്നലെ അനുമതി നൽകിയിരുന്നു. മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെയും ആഗസ്ത് 8-9 നും ഇടയ്ക്ക് രാത്രിയിൽ ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് നാല് ഡോക്ടർമാരെയും നുണപരിശോധന നടത്താൻ കോടതി അനുമതി നൽകിയിട്ടുണ്ട്.
രാജ്യത്തുടനീളം വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ച കേസ് നിലവിൽ സിബിഐ അന്വേഷണത്തിലാണ്. കേസിൽ അറസ്റ്റിലായ പോലീസ് വോളന്റീർ സഞ്ജയ് റോയ്‌ക്ക് ലൈംഗിക വൈകൃതവും മൃഗതുല്യവുമായ മനോഭാവമാണെന്ന് സിബിഐയുടെ സൈക്കോ അനലറ്റിക്ക് ടീം നേരത്തെ വ്യക്തമാക്കിയിരുന്നു. കുറ്റകൃത്യം സംഭവിച്ച സ്ഥലത്തെത്തി ഒരു വികാരവ്യത്യാസവുമില്ലാതെ എല്ലാ കാര്യങ്ങളും സഞ്ജയ് വിവരിച്ചതായാണ് റിപ്പോർട്ടുകള്‍.
സിബിഐ കേസ് ഏറ്റെടുക്കുന്നതിന് മുൻപ് സഞ്ജയ്‌യുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന തെളിവുകള്‍ പോലീസ് കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ട ഡോക്ടറുടെ നഖത്തിനടിയില്‍ കണ്ടെത്തിയ രക്തത്തിന്റേയും ചർമത്തിന്റേയും അംശങ്ങള്‍ സഞ്ജയിയുടെ കൈകളിലെ മുറിവുകളുമായി പൊരുത്തപ്പെടുന്നതായായിരുന്നു പോലീസിന്റെ കണ്ടെത്തല്‍.