സെന്‍സസിന് അടുത്ത വര്‍ഷം തുടക്കമാകും; ലോക്‌സഭ മണ്ഡലങ്ങളുടെ അതിര്‍ത്തിനിര്‍ണയം 2028ലെന്നും സൂചന
നാല് വര്‍ഷത്തിനുശേഷം ജനസംഖ്യയുടെ ഔദ്യോഗിക സര്‍വേ ആയ സെന്‍സസ് സര്‍ക്കാര്‍ ആരംഭിക്കുന്നതായി റിപ്പോര്‍ട്ട്. അടുത്ത വര്‍ഷത്തോടെ കണക്കെടുപ്പ് ആരംഭിച്ച് 2026-ല്‍ പൂര്‍ത്തിയാക്കുമെന്നാണ് കരുതുന്നത്. സെന്‍സസിനുശേഷം ലോക്‌സഭ മണ്ഡലങ്ങളുടെ അതിര്‍ത്തിനിര്‍ണയം ആരംഭിക്കുമെന്നും 2028ഓടെ ഇത് പൂര്‍ത്തിയാക്കുമെന്നും വൃത്തങ്ങള്‍ പറയുന്നു.
ജാതിസെന്‍സസ് നടത്തണമെന്ന് നിരവധി പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെടുന്നതിനിടയിലാണ് പുതിയ സംഭവവികാസം. എന്നാല്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. സെന്‍സസിന്‌റെ വിശദാംശങ്ങള്‍ പരസ്യമാക്കേണ്ടതുമുണ്ട്.
ദേശീയ ജനസംഖ്യ രജിസ്റ്റര്‍(എന്‍പിആര്‍) അപ്‌ഡേറ്റ് ചെയ്യുന്നതിനായി സാധാരണ പത്ത് വര്‍ഷം കൂടുമ്പോഴാണ് ജനസംഖ്യ കണക്കെടുപ്പ് നടത്തുന്നത്. ഇത് 2021-ല്‍ തീരുമാനിച്ചിരുന്നതാണെങ്കിലും കോവിഡ് മഹാമാരിയെത്തുടര്‍ന്ന് നീട്ടിവെയ്ക്കുകയായിരുന്നു. ഇതോടെ സെന്‍സസ് സൈക്കിളിലും മാറ്റം വന്നു.
വരാനിരിക്കുന്ന സെന്‍സസില്‍ മതത്തെയും സാമൂഹിക വിഭാഗത്തെയും കുറിച്ചുള്ള സാധാരണ സര്‍വേകളും ജനറല്‍, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ എണ്ണവും ഉള്‍പ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ജനറല്‍, എസ് സി എസ്ടി വിഭാഗങ്ങളിലെ ഉപവിഭാഗങ്ങള്‍ എന്നിവയേയും സര്‍വേ ചെയ്‌തേക്കുമെന്ന് ഉറവിടങ്ങള്‍ സൂചിപ്പിക്കുന്നു. പട്ടികജാതി (എസ് സി), പട്ടികവര്‍ഗം (എസ് ടി) എന്നിവയൊഴികെ, സെന്‍സസിന്റെ ഭാഗമായി ജനസംഖ്യയുടെ ജാതി തിരിച്ചുള്ള കണക്കെടുപ്പ് സ്വതന്ത്ര ഇന്ത്യയില്‍ ഇതുവരെയും നടന്നിട്ടില്ല.
'അത് ഉചിതമായ സമയത്ത് നടപ്പിലാക്കുമെന്ന്്' സെന്‍സസ് നടത്താനുള്ള സാധ്യതയെക്കുറിച്ച് ഓഗസ്റ്റില്‍ കേന്ദ്രമന്ത്രി അമിത് ഷാ പ്രതികരിച്ചിരുന്നു. തീരുമാനിച്ചതിനുശേഷം അതെങ്ങനെ നടത്തുമെന്ന് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അടുത്ത ദേശീയ സെന്‍സസ് ഒരു മൊബൈല്‍ഫോണ്‍ ആപ്ലിക്കേഷന്‍ വഴി പൂര്‍ണമായും ഡിജിറ്റലായി നടത്തുമെന്നും ഷാ പറഞ്ഞു.
കഴിഞ്ഞ സെന്‍സസില്‍ ഇന്ത്യയില്‍ ജനസംഖ്യ 121 കോടിയിലധികം രേഖപ്പെടുത്തിയിരുന്നു. ഇത് 17.7 ശതമാനം വളര്‍ച്ചാനിരക്ക് പ്രതിഫലിപ്പിക്കുന്നു.