നിർമ്മല സീതാരാമൻ
നിർമ്മല സീതാരാമൻ

പണപ്പെരുപ്പം കേന്ദ്രത്തിന് മാത്രം കൈകാര്യം ചെയ്യാൻ കഴിയില്ല: നിർമ്മല സീതാരാമൻ

സംസ്ഥാനങ്ങൾ കേന്ദ്രവുമായി ഒരുമിച്ച് പ്രവർത്തിക്കണം
Updated on
1 min read

രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് മാത്രം കഴിയില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. സംസ്ഥാനങ്ങളും സഹകരിച്ച് പ്രവർത്തിക്കണമെന്നും കേന്ദ്ര ധനമന്ത്രി ആവശ്യപ്പെട്ടു. പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കുന്നതില്‍ നിർണായകമാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെന്നും ഇന്ത്യൻ കൗൺസിൽ ഫോർ റിസർച്ച് ഓൺ ഇന്റർനാഷണൽ ഇക്കണോമിക് റിലേഷൻസ് (ICRIER) സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് നിര്‍മ്മല സീതാരാമൻ പറഞ്ഞു.

രാജ്യത്ത് ഓരോ സംസ്ഥാനത്തും പണപ്പെരുപ്പം വ്യത്യസ്തമാണ്. ഇന്ധനവില കുറയ്ക്കാത്ത സംസ്ഥാനങ്ങളിൽ പണപ്പെരുപ്പം ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്. ആഗോളതലത്തിൽ ഇന്ധനവില കൂടുമ്പോഴും രാജ്യത്തിനകത്തെ ഉപഭോക്താവിനെ അത് ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും അവർ പറഞ്ഞു.

പണപ്പെരുപ്പം രാജ്യത്തിനകത്തെ ഭൂരിഭാ​ഗം ഭക്ഷ്യധാന്യങ്ങളുടെയും വില നിലവാരത്തെ സ്വാധീനിക്കുന്നുണ്ട്. വില കുറയ്ക്കാൻ സംസ്ഥാനങ്ങൾ കേന്ദ്രവുമായി ഏകോപിച്ച് പ്രവർത്തിക്കണം. പണപ്പെരുപ്പം കേന്ദ്രം മാത്രം കൈകാര്യം ചെയ്യേണ്ടതല്ല. സംസ്ഥാനങ്ങൾ വേണ്ടത്ര നടപടികൾ കൈക്കൊള്ളാത്തപ്പോൾ, പണപ്പെരുപ്പത്തിന്റെ സമ്മർദത്തിൽ കേന്ദ്രം ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടേണ്ടി വരും. പണപ്പെരുപ്പം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ കേന്ദ്രത്തെയും സംസ്ഥാനങ്ങളെയും ഒരു പോലെയാണ് ബാധിക്കുന്നതെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. സമ്പദ്‌വ്യവസ്ഥയെ സാധാരണനിലയിലേക്ക് കൊണ്ടുവരണമെങ്കിൽ പണപ്പെരുപ്പത്തെ നിയന്ത്രിക്കുകയെന്നതാണ് ഇന്ത്യയ്ക്ക് മുന്നിലുളള പരിഹാരം. രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് നിരവധി ഘടകങ്ങളുണ്ടെന്നും അവയിൽ ഭൂരിഭാഗവും പണനയത്തിന് പുറത്താണെന്നും സീതാരാമൻ പറഞ്ഞു.

logo
The Fourth
www.thefourthnews.in