സവാളയ്ക്ക് 40 ശതമാനം കയറ്റുമതി തീരുവ ചുമത്തി കേന്ദ്രം; തീരുമാനം വില കൂടിയ പശ്ചാത്തലത്തിൽ
സവാളയുടെ കയറ്റുമതി തീരുവ ചുമത്തി കേന്ദ്രം. 40 ശതമാനമാണ് സവാള കയറ്റുമതിക്ക് തീരുവ ഏര്‍പ്പെടുത്തിയത്. സവാള വില കുത്തനെ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടിയെന്ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം. 2023 ഡിസംബര്‍ 31 വരെയാണ് കയറ്റുമതി തീരുവ ചുമത്തിയിരിക്കുന്നത്. സെപ്റ്റംബറില്‍ സവാള വില ഉയരാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അതിന്റെ അടിസ്ഥാനത്തിലാണ് വില വര്‍ധനവ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കയറ്റുമതി തീരുവ വര്‍ധിപ്പിക്കുന്നതിലൂടെ സവാളയുടെ ആഭ്യന്തര ലഭ്യത മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് ധനകാര്യമന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
സവാളയുടെ ശരാശരി വില ശനിയാഴ്ച 30.72 രൂപയായിരുന്നു. ഒരു കിലോ സവാളയ്ക്ക് പരമാവധി ഏര്‍പ്പെടുത്താവുന്ന വില 63 രൂപയാണ്. കുറഞ്ഞത് 10 രൂപയും. പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് നടപടിയെന്ന് സിബിഐസി അറിയിച്ചു. ഗോതമ്പിന്റെയും അരിയുടെയും കയറ്റുമതിക്കും സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഈ സാമ്പത്തിക വര്‍ഷത്തില്‍ ഏപ്രില്‍ ഒന്നിനും ഓഗസ്റ്റ് നാലിനുമിടയില്‍ 9.75 ലക്ഷം ടണ്‍ സവാളയാണ് രാജ്യത്ത് നിന്ന് കയറ്റുമതി ചെയ്തത്. ബംഗ്ലാദേശ്, മലേഷ്യ, യുഎഇ എന്നീ രാജ്യങ്ങളിലേക്കാണ് ഏറ്റവും അധികം കയറ്റുമതി ചെയ്തിട്ടുള്ളത്.
വരാനിരിക്കുന്ന ഉത്സവ സീസണുകളെ അടിസ്ഥാനമാക്കിയാണ് കയറ്റുമതി തീരുവ ഏര്‍പ്പെടുത്താനുള്ള തീരുമാനം കൈക്കൊണ്ടതെന്ന് ഉപഭോക്തൃതകാര്യ സെക്രട്ടറി രോഹിത് കുമാര്‍ സിങ് പറഞ്ഞു. അടുത്ത കാലത്ത് കയറ്റുമതിയിലുണ്ടായ വര്‍ധനവാണ് ഈ നടപടിക്ക് പ്രേരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ജൂലൈയിലെ മൊത്തവില സൂചിക അനുസരിച്ച് ജൂണില്‍ 4.31 ശതമാനം ഉണ്ടായിരുന്ന പണപ്പെരുപ്പം 7.13 ശതമാനത്തിലേക്ക് ഉയര്‍ന്നിരുന്നു. ഡല്‍ഹി, അസം, ഹിമാചല്‍ പ്രദേശ്, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് ഏകദേശം 2000 ടണ്‍ സവാളയാണ് ഇതിനകം വിറ്റഴിച്ചിട്ടുള്ളത്. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന, തുടങ്ങിയ പ്രധാന സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് ഈ വര്‍ഷം അവസാനം നടക്കാനിരിക്കെയാണ് സവാളയുടെ കയറ്റുമതിയിലുള്ള നിയന്ത്രണം.