കോവിഡ് പ്രതിരോധം; ആരോഗ്യകേന്ദ്രങ്ങളില്‍ മോക്ക് ഡ്രിൽ
ആഗോളതലത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ, മാസ്ക് നിർബന്ധമാക്കിയതിന് പിന്നാലെ, രാജ്യത്തുടനീളമുള്ള എല്ലാ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും മോക്ക് ഡ്രിൽ നടത്താൻ കേന്ദ്രം. ഇത് സംബന്ധിച്ച് ഡിസംബർ 27 ന് എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും മോക്ക് ഡ്രിൽ നടത്താൻ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ശനിയാഴ്ച തീരുമാനിച്ചു. സംസ്ഥാന- കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തിയശേഷം, അതത് ജില്ലാ കളക്ടർമാരുടെയും ജില്ലാ മജിസ്‌ട്രേറ്റുകളുടെയും മാർഗനിർദേശപ്രകാരം മോക്ക് ഡ്രിൽ നടത്താമെന്ന് മന്ത്രാലയം അറിയിച്ചു. രാജ്യത്തെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഓക്സിജൻ, ഐസിയു കിടക്കകള്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കുകയാണ് ഇതിലൂടെ സര്‍ക്കാർ ലക്ഷ്യമിടുന്നത്.
എല്ലാ ആശുപത്രികളിലും ഓക്സിജൻ, ഐസിയു, വെന്റിലേറ്റർ, കിടക്ക തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം
ഇത് സംബന്ധിച്ച്, എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഏത് അടിയന്തിര സാഹചര്യവും നേരിടുന്നതിന് കോവിഡ് ആരോഗ്യ സൗകര്യങ്ങൾ ഒരുക്കണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ ഒപ്പിട്ട കത്തിൽ മന്ത്രാലയം പറഞ്ഞു. കേസുകളില്‍ വർധനവുണ്ടായാല്‍, എല്ലാ സംസ്ഥാനങ്ങളിലും ക്ലിനിക്കല്‍ സൗകര്യങ്ങൾ വേഗത്തില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.കോവിഡ് പ്രതിരോധ സംവിധാനങ്ങളുടെ പ്രവർത്തന സന്നദ്ധത ഉറപ്പാക്കുന്നതിനും മോക്ക് ഡ്രിൽ സഹായകമാകുമെന്നും കത്തില്‍ വ്യക്തമാക്കി.
ഡോക്ടർമാർ, നേഴ്സ്, ആംബുലൻസ്, പാരാമെഡിക്കൽ ജീവനക്കാർ എന്നിവർക്ക് പുറമെ, ആയുഷ് ഡോക്ടർമാർ, ആശാപ്രവർത്തകർ, അംഗൻവാടി ജീവനക്കാർ എന്നിവരുടെയും സേവനം ഉറപ്പാക്കും
ആശുപത്രികളിലെ കിടക്ക സൗകര്യങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകുക. ഐസൊലേഷൻ റൂമുകളിൽ ഓക്സിജൻ സൗകര്യവും, ഐസിയുവും വെന്റിലേറ്റർ സംവിധാനവും ഉറപ്പാക്കണം. കൂടാതെ മനുഷ്യവിഭവശേഷിയിലും ശ്രദ്ധ കേന്ദ്രീകരിക്കും. ഡോക്ടർമാർ, നേഴ്സ്, ആംബുലൻസ്, പാരാമെഡിക്കൽ ജീവനക്കാർ എന്നിവർക്ക് പുറമെ, ആയുഷ് ഡോക്ടർമാർ, ആശാപ്രവർത്തകർ, അംഗൻവാടി ജീവനക്കാർ എന്നിവരുടെയും സേവനം ഉറപ്പാക്കും. കൂടാതെ, RT-PCR, RAT കിറ്റുകളുടെ ടെസ്റ്റിംഗ് ശേഷിയും ലഭ്യതയും വർദ്ധിപ്പിക്കുക, ടെസ്റ്റിംഗ് ഉപകരണങ്ങളുടെയും റിയാക്ടറുകളുടെയും ലഭ്യത ഉറപ്പാക്കൽ എന്നിവ പ്രധാനമാണ്. അവശ്യ മരുന്നുകളുടെയും പിപിഇ കിറ്റുകൾ, N-95 മാസ്കുകൾ, ഓക്സിജൻ സിലിണ്ടറുകൾ, പിഎസ്എ പ്ലാന്റുകൾ, ലിക്വിഡ് ഓക്സിജൻ സ്റ്റോറേജ് ടാങ്കുകൾ, മെഡിക്കൽ ഗ്യാസ് പൈപ്പ്‌ലൈൻ സിസ്റ്റം തുടങ്ങിയവയും സജ്ജീകരിക്കും.
ചൈന ഉൾപ്പെടെ അഞ്ച് രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് വിമാനത്താവളങ്ങളിൽ ആർടി-പിസിആർ ടെസ്റ്റ് നിർബന്ധമാക്കിയതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോംഗ്, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള രാജ്യാന്തര യാത്രക്കാർക്കാണ് ആർടി-പിസിആർ പരിശോധന നിർബന്ധമാക്കിയത്. സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ, അഡീഷണൽ ചീഫ് സെക്രട്ടറിമാർ, ഇൻഫർമേഷൻ കമ്മീഷണർമാർ എന്നിവരുമായി വെള്ളിയാഴ്ച വിർച്യുൽ മീറ്റിങ്ങിൽ അദ്ദേഹം പങ്കെടുത്തു. കോവിഡിനെ പ്രതിരോധിക്കാൻ എല്ലാ സംസ്ഥാനങ്ങളും സജ്ജമായിരിക്കണമെന്നും ഒരുമിച്ച് നിൽക്കണമെന്നും മാണ്ഡവ്യ നിർദേശിച്ചു.