തൊഴിലുറപ്പ് പദ്ധതിയില്‍ ഡിജിറ്റല്‍ ഹാജര്‍ സംവിധാനവുമായി കേന്ദ്രം
തൊഴിലുറപ്പ് പദ്ധതിയില്‍ ഡിജിറ്റല്‍ ഹാജര്‍ സംവിധാനവുമായി കേന്ദ്രം

തൊഴിലുറപ്പ് പദ്ധതിയില്‍ ഇനിമുതൽ ഡിജിറ്റല്‍ ഹാജര്‍ ; സംവിധാനം ജനുവരി ഒന്നുമുതൽ

ആപ്പ് വഴി ഹാജര്‍ രേഖപ്പെടുത്തുന്നതില്‍ ഉയര്‍ന്ന പരാതികള്‍ പരിഹരിക്കാതെയാണ് പുതിയ പരിഷ്കാരം
Updated on
2 min read

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ഹാജർ ഡിജിറ്റലായി രേഖപ്പെടുത്താന്‍ നിര്‍ദേശവുമായി കേന്ദ്രം. ഇത് സംബന്ധിച്ച് ഡിസംബര്‍ 23ന് ഇറക്കിയ ഉത്തരവില്‍, രാജ്യത്തുടനീളം എല്ലാ വര്‍ക്ക് സൈറ്റുകളിലും ഡിജിറ്റല്‍ ഹാജര്‍ നിര്‍ബന്ധമാക്കുമെന്ന് കേന്ദ്രം അറിയിച്ചു. 2023 ജനുവരി1 മുതൽ ഇത് നിലവില്‍ വരും. തൊഴിലുറപ്പ് പദ്ധതിയില്‍ സുതാര്യതയും ഉത്തരവാദിത്തവും ഉണ്ടാകണമെന്ന് 2021 മെയ് മാസത്തിൽ ഉത്തരവിറക്കിയ കേന്ദ്ര സര്‍ക്കാര്‍, നാഷണൽ മൊബൈൽ മോണിറ്ററിംഗ് സിസ്റ്റം (എൻഎംഎംഎസ്) എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെ ഹാജർ രേഖപ്പെടുത്തുന്നതിനുള്ള പ്രോജക്റ്റ് പരീക്ഷണാര്‍ത്ഥം ആരംഭിച്ചിരുന്നു.

തൊഴിലുറപ്പ് പദ്ധതിയില്‍ സുതാര്യതയും ഉത്തരവാദിത്തവും കൊണ്ടുവരുകയാണ് ലക്ഷ്യമെന്ന് സര്‍ക്കാര്‍

2022 മെയ് 16 മുതൽ, ഇരുപതോ അതിലധികമോ തൊഴിലാളികളുള്ള എല്ലാ വർക്ക്‌സൈറ്റുകളിലും ആപ്പ് വഴി ഹാജർ രേഖപ്പെടുത്തുന്നത് നിർബന്ധമാക്കിയിരുന്നു. ഇതിന് തൊഴിലാളികള്‍ ജോലിക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും സ്റ്റാമ്പ് ചെയ്ത ഫോട്ടോകൾ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. ഓരോ സൈറ്റിലെയും സൂപ്പർവൈസർമാര്‍ക്കാണ് ഈ ചുമതല. എന്നാല്‍, സാങ്കേതിക പിന്തുണയുടെ അഭാവം, സ്മാർട്ട്‌ഫോണിന്റെ ആവശ്യകത, ഇന്റർനെറ്റ് കണക്ഷനായി പണം നൽകൽ, ക്രമരഹിതമായ ഇന്റർനെറ്റ് കണക്റ്റിവിറ്റിയിലെ പ്രശ്നങ്ങൾ എന്നിവയിൽ വ്യാപകമായ പരാതികൾ ഇതില്‍ ഉയര്‍ന്നിട്ടുണ്ട്. ഇവയൊന്നും പരിഹരിക്കപ്പെടാത്ത സാഹചര്യത്തിലാണ് പുതിയ പരിഷ്ക്കരണവും വന്നിരിക്കുന്നത്.

പേപ്പര്‍ മസ്റ്റര്‍ റോളിന് പകരം കൊണ്ടുവന്ന ഇലക്ട്രോണിക് മസ്റ്റർ റോളുകള്‍ മമ്പോട്ട് വയ്ക്കുന്ന പ്രതിസന്ധി പരിഹരിക്കാന്‍ ഈ സംവിധാനം സഹായകമാകില്ലെന്നാണ് ഉപയോക്താക്കളുടെ പ്രതികരണം

ഡിജിറ്റല്‍ ആപ്പുകള്‍ വഴിയുള്ള സംവിധാനം പദ്ധതിയില്‍ ഉണ്ടാക്കുന്ന പ്രധാന പ്രശ്നങ്ങള്‍ എടുത്തുപറഞ്ഞ് ജാർഖണ്ഡിലെ എൻആർഇജിഎ സംഘർഷ് മോർച്ചയുമായി ബന്ധമുള്ള സിറാജ് ദത്ത രംഗത്തെത്തി. പേപ്പര്‍ മസ്റ്റര്‍ റോളിന് പകരം കൊണ്ടുവന്ന ഇലക്ട്രോണിക് മസ്റ്റർ റോളുകള്‍ മുമ്പോട്ട് വയ്ക്കുന്ന പ്രതിസന്ധി പരിഹരിക്കാന്‍ ഈ സംവിധാനം സഹായകമാകില്ലെന്നാണ് അദ്ദേഹം പറയുന്നത്.

ഇലക്ട്രോണിക് മസ്റ്റർ റോളില്‍ ഒരു തൊഴിലാളിക്കും ഇടയ്ക്ക് വർക്ക്സൈറ്റിൽ എത്താനോ ജോലിയില്‍ പ്രവേശിക്കാനോ കഴിയില്ല. ഇലക്‌ട്രോണിക് മസ്റ്റർ റോളിലെ പത്ത് തൊഴിലാളികളിൽ രണ്ട് പേർ മാത്രമാണ് വരുന്നതെങ്കിൽ, സാധാരണയായി വർക്ക്‌സൈറ്റ് ലഭ്യമാകില്ലെന്നതിനാല്‍, അന്നേദിവസം അവർക്ക് ജോലി നിഷേധിക്കപ്പെടും. രണ്ടാമത്തെ വലിയ പ്രശ്നം രണ്ട് തവണ സ്റ്റാമ്പ് ചെയ്ത ഫോട്ടോഗ്രാഫുകളാണ്. തൊഴിലാളികൾ അവരുടെ ജോലി പൂർത്തിയാക്കിയശേഷവും രണ്ടാമത്തെ ഫോട്ടോയ്ക്കായി വർക്ക്സൈറ്റിലേക്ക് മടങ്ങാൻ നിർബന്ധിതരാകുന്നു എന്നത് പ്രയോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതായും സിറാജ് ദത്ത ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ തൊഴിലാളികള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വ്യവസ്ഥകൾ സ്കീമില്‍ നിന്ന് അവരെ പിന്തിരിപ്പിക്കാന്‍ കാരണമാകുന്നുണ്ട്. ഇത് പദ്ധതി പരാജയപ്പെടാന്‍ കാരണമാകുമെന്നും സിറാജ് ദത്ത പറഞ്ഞു.

ഓരോ തവണയും സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള പരിഷ്കാരങ്ങള്‍ കൊണ്ടുവരുമ്പോൾ, പദ്ധതി സുതാര്യമാകുമെന്ന് കരുതുന്നത് തെറ്റാണെന്ന് മസ്ദൂർ കിസാൻ ശക്തി സംഘടനയുടെ സ്ഥാപക അംഗം നിഖിൽ ഡേ പറഞ്ഞു. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി രേഖപ്പെടുത്തുമ്പോള്‍ അഴിമതി ഉണ്ടാകില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള പരിഷ്കാരങ്ങള്‍ പ്രോഗ്രാമിന്റെ വ്യാപനവും ഫലപ്രാപ്തിയും കുറയ്ക്കുന്നതിന് കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in