പ്രണയദിനത്തിൽ പശുക്കളെ ആലിംഗനം ചെയ്യാം; കൗ ഹഗ് ആചരിക്കാൻ കേന്ദ്ര മൃഗ സംരക്ഷണ ബോർഡിൻ്റെ ആഹ്വാനം
ഫെബ്രുവരി 14 ന് കൗ ഹഗ് ഡേ ആയി ആചരിക്കാൻ ആഹ്വാനം ചെയ്ത് കേന്ദ്ര മൃഗസംരക്ഷണ ബോർഡ്.പാശ്ചാത്യ സംസ്കാരത്തിൻ്റെ അതിപ്രസരം, പൈതൃകം മറന്നുപോകാൻ ഇടയാക്കിയെന്നും പശുക്കളെ കെട്ടിപ്പിടിച്ച് ആഘോഷിക്കുന്നത് വൈകാരികമായ സമൃദ്ധിക്ക് കാരണമാകുമെന്നും വകുപ്പ് വ്യക്തമാക്കി. മൃഗങ്ങളെ സ്നേഹിക്കുന്നവരൊക്കെ പശുവിനെ കെട്ടിപ്പിടിച്ച് ഈ ദിനം ആചരിക്കണമെന്നാണ് ആഹ്വാനം.
പാശ്ചാത്യ സംസ്കാരത്തിന്റെ വളർച്ച, വേദ പാരമ്പര്യത്തെ നാശത്തിൻ്റെ വക്കിൽ എത്തിച്ചിരിക്കുന്നു. മാനവികതയുടെ പ്രതീകമായ പശുവിനെ ഗോമാതാവായി സങ്കൽപ്പിക്കുന്നതും പശുവിനെ ആലിംഗനം ചെയ്യുന്നതും സന്തോഷമുണ്ടാക്കുമെന്ന് കേന്ദ്ര മൃഗ സംരക്ഷണ ബോർഡ് ഇറക്കിയ ഉത്തരവിൽ പറഞ്ഞു.
വാലൻ്റൈൻസ് ഡേ പ്രണയദിനമായി ആചരിക്കുന്നതിനും അതിന്റെ ആഘോഷങ്ങൾക്കും എതിരെ ചില സംഘടനകൾ പ്രതിഷേധവുമായി മുൻപും രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ വാലന്റൈൻസ് ദിനത്തിൽ കൊച്ചിയിൽ ഒന്നിച്ചുചേർന്ന കമിതാക്കൾക്ക് നേരെ തീവ്ര ഹിന്ദു സംഘടനകൾ ആക്രമണം അഴിച്ചുവിട്ടിരുന്നു. എന്നാൽ ഒരു സർക്കാർ സംവിധാനം ആദ്യമായാണ് ഇത്തരത്തിലൊരു ഉത്തരവ് ഇറക്കുന്നത്.