അദാനി വിഷയം: നിക്ഷേപക പരിരക്ഷയ്ക്ക്  റെഗുലേറ്ററി ചട്ടക്കൂടിൽ മാറ്റം വരുത്തണോ എന്ന് പരിശോധിക്കാൻ സമിതി ആകാമെന്ന് കേന്ദ്രം

അദാനി വിഷയം: നിക്ഷേപക പരിരക്ഷയ്ക്ക് റെഗുലേറ്ററി ചട്ടക്കൂടിൽ മാറ്റം വരുത്തണോ എന്ന് പരിശോധിക്കാൻ സമിതി ആകാമെന്ന് കേന്ദ്രം

നിക്ഷേപകരുടെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ച കോടതി, പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഭാവിയില്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് കേന്ദ്രത്തിന്റെയും സെബിയുടെയും അഭിപ്രായം തേടിയിരുന്നു.
Updated on
2 min read

നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കുന്നതിന് നിയന്ത്രണ ചട്ടക്കൂടിൽ മാറ്റം വരുത്തേണ്ടതുണ്ടോ എന്ന് നിർണയിക്കാൻ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തില്‍ സമിതി രൂപീകരിക്കണമെന്ന സുപ്രീംകോടതിയുടെ നിർദേശം അംഗീകരിക്കുന്നതായി കേന്ദ്ര സർക്കാർ. സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചത്. സമിതി അംഗങ്ങളെ ശുപാർശ ചെയ്യാൻ സർക്കാരിനെ അനുവദിക്കണമെന്നും എസ് ജി ആവശ്യപ്പെട്ടു. ഹിൻഡൻബർഗ് റിപ്പോർട്ടിൽ അന്വേഷണം ആവശ്യപ്പെട്ട് വിശാൽ തിവാരിയും മനോഹർ ലാൽ ശർമയും സമർപ്പിച്ച രണ്ട് പൊതുതാത്പര്യ ഹർജികൾ പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച്. ബുധനാഴ്ചയ്ക്കകം സമിതി സംബന്ധിച്ച് ശുപാർശകൾ സമർപ്പിക്കാൻ കോടതി സർക്കാരിന് നിർദേശം നൽകി. ഹർജികൾ പരിഗണിക്കുന്നത് ഫെബ്രുവരി 17 ലേക്ക് മാറ്റി.

കമ്മിറ്റിയുടെ ഘടന വളരെ നിർണായകമാണെന്നും അതിനാല്‍ അംഗങ്ങൾ അടക്കമുള്ള കാര്യങ്ങൾ നിർദേശിക്കാൻ കേന്ദ്രത്തെ അനുവദിക്കണമെന്നും സോളിസിറ്റർ ജനറൽ കോടതിയോട് അപേക്ഷിച്ചു

അദാനി വിഷയം: നിക്ഷേപക പരിരക്ഷയ്ക്ക്  റെഗുലേറ്ററി ചട്ടക്കൂടിൽ മാറ്റം വരുത്തണോ എന്ന് പരിശോധിക്കാൻ സമിതി ആകാമെന്ന് കേന്ദ്രം
നിക്ഷേപകരുടെ പണം നഷ്ടമാകാതിരിക്കാൻ നടപടിയെന്ത്? അദാനി വിഷയത്തില്‍ സുപ്രീംകോടതി

ഇന്ത്യന്‍ നിക്ഷേപകരുടെ സാമ്പത്തിക സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ച കോടതി, പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഭാവിയില്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് കേന്ദ്രത്തിന്റെയും സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെയും (സെബി) അഭിപ്രായം ഫെബ്രുവരി 10ന് തേടിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. സെബിയും മറ്റ് ഏജൻസികളും നിലവിലെ സാഹചര്യം കൈകാര്യം ചെയ്യാൻ പൂർണ സജ്ജരാണെങ്കിലും സുപ്രീംകോടതിയുടെ നിർദേശം മാനിക്കുന്നതായി സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. സമിതിയുടെ അധികാരം സംബന്ധിച്ച പരിധി വളരെ പ്രധാനപ്പെട്ടതെന്നും റെഗുലേറ്ററി അധികൃതര്‍ക്ക് സമിതിയുടെ നിരീക്ഷണം ആവശ്യമാണെന്ന തരത്തില്‍ നിക്ഷേപകര്‍ക്ക് ലഭിക്കുന്ന തെറ്റായ ഒരു സന്ദേശം പോലും നിക്ഷേപങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും എസ് ജി വ്യക്തമാക്കി. അതിനാല്‍ അംഗങ്ങളെ നിര്‍ദേശിക്കാന്‍ കേന്ദ്രത്തെ അനുവദിക്കണമെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയോട് അപേക്ഷിച്ചു. മുദ്രവെച്ച കവറില്‍ പേരുകള്‍ സമര്‍പ്പിക്കാമെന്നും അദ്ദേഹം അറിയിച്ചു.

അദാനി വിഷയം: നിക്ഷേപക പരിരക്ഷയ്ക്ക്  റെഗുലേറ്ററി ചട്ടക്കൂടിൽ മാറ്റം വരുത്തണോ എന്ന് പരിശോധിക്കാൻ സമിതി ആകാമെന്ന് കേന്ദ്രം
ഹിന്‍ഡന്‍ബര്‍ഗ് റിസർച്ചിനെതിരെ നിയമ പോരാട്ടത്തിനൊരുങ്ങി അദാനി;അമേരിക്കൻ നിയമ സ്ഥാപനത്തെ സമീപിച്ചു

ബുധനാഴ്ചയ്ക്കകം സമിതിയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ നൽകണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. സുപ്രീംകോടതി മുൻ ജഡ്ജിയുടെ നേതൃത്വത്തിൽ ഒരു സമിതി രൂപീകരിച്ച് ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ ഉള്ളടക്കം അന്വേഷിക്കണമെന്നായിരുന്നു തിവാരി സമർപ്പിച്ച പൊതുതാൽപര്യ ഹർജി. അതേസമയം, 'ഷോർട്ട് സെല്ലിങ്' വഞ്ചന കുറ്റമായി പ്രഖ്യാപിക്കണമെന്നും ഹിൻഡൻബർഗിന്റെ സ്ഥാപകനായ നഥാൻ ആൻഡേഴ്സണിനെതിരെ അന്വേഷണം വേണമെന്നുമായിരുന്നു അഭിഭാഷകനായ എം എൽ ശർമയുടെ ഹർജിയിലെ ആവശ്യം.

അദാനി ഗ്രൂപ്പ് ഓഹരി വിപണിയിൽ കൃത്രിമവും നിയമ ലംഘനങ്ങളും നടത്തിയെന്ന് ആരോപിച്ച് കഴിഞ്ഞ മാസം 24നാണ് ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നത്. 413 പേജുള്ള ഒരു മറുപടി പ്രസിദ്ധീകരിച്ചുകൊണ്ട് അദാനി ഗ്രൂപ്പ് ആരോപണങ്ങളെ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും അതൊന്നും ഫലവത്തായില്ല. റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന് പിന്നാലെ അദാനിയുടെ ഓഹരി മൂല്യം ഇടിയുകയും ലോക സമ്പന്നരുടെ പട്ടികയിലെ ആദ്യ പത്ത് പേരുടെ പട്ടികയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഒടുവിൽ വില്പനയ്ക്ക് വെച്ചിരുന്ന എഫ്പിഒ അടക്കം അദാനി പിൻവലിച്ചിരുന്നു.

logo
The Fourth
www.thefourthnews.in