2024 റിപ്പബ്ലിക് പരേഡിൽ സ്ത്രീകൾ മാത്രം; ചരിത്ര തീരുമാനവുമായി കേന്ദ്രം

2024 റിപ്പബ്ലിക് പരേഡിൽ സ്ത്രീകൾ മാത്രം; ചരിത്ര തീരുമാനവുമായി കേന്ദ്രം

ടാബ്ലോ, നൃത്തം, സൈനിക സംഘം സാസ്കാരിക പരിപാടികൾ തുടങ്ങി എല്ലാറ്റിലും സ്ത്രീകളെ മാത്രം ഉൾപ്പെടുത്താനാണ് തിരുമാനം
Updated on
1 min read

റിപ്പബ്ലിക് ദിന പരേഡ് നടത്തിപ്പിൽ നിർണായക മാറ്റവുമായി കേന്ദ്ര സർക്കാർ. അടുത്ത വര്‍ഷം സ്ത്രീകളെ മാത്രം പങ്കെടുപ്പിച്ച് റിപ്പബ്ലിക് ദിന പരേഡ് നടത്താനാണ് തീരുമാനം. ഇക്കാര്യം അറിയിച്ച് സേനയ്ക്കും മറ്റ് ബന്ധപ്പെട്ട കക്ഷികൾക്കും കേന്ദ്രം കത്തയച്ചു.

സംഘാടകര്‍ക്കും സേനയ്ക്കും അയച്ച ഒരു കുറിപ്പിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്

പരേഡിൽ സാധാരണ അണിനിരക്കുന്ന ടാബ്ലോ, നൃത്തം , സാസ്കാരിക പരിപാടികൾ, സൈനിക സംഘം, പ്രകടനങ്ങൾ തുടങ്ങി എല്ലാറ്റിലും സ്ത്രീകളെ മാത്രം ഉൾപ്പെടുത്താനാണ് ആലോചന. സൈന്യത്തിലും മറ്റ് മേഖലകളിലും സ്ത്രീ പ്രാതിനിധ്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം. പരേഡിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട സംഘാടകര്‍ക്കും സേനയ്ക്കും അയച്ച ഒരു കുറിപ്പിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.

2024 റിപ്പബ്ലിക് ദിനത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം മാത്രമേയുണ്ടാകൂ എന്നാണ് തീരുമാനം. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് സ്ത്രീകൾ മാത്രം അണിനിരക്കുന്ന റിപ്പബ്ലിക് ദിന പരേഡ് അരങ്ങേറാൻ പോകുന്നത്. ആഭ്യന്തര മന്ത്രാലയവും സാംസ്‌കാരിക, നഗരവികസന മന്ത്രാലയവും ഇക്കാര്യം അറിയിച്ചതായി ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുന്നു. അറിയിപ്പ് ലഭിച്ചെന്ന് സ്ഥിരീകരിച്ച സേന, പദ്ധതി എങ്ങനെ നടപ്പാക്കുമെന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്നും വ്യക്തമാക്കി.

2015 ലാണ് ആദ്യമായി മൂന്ന് മേഖലകളില്‍ നിന്ന് വനിതകളുടെ നേതൃത്വത്തില്‍ പരേഡ് അണിനിരക്കുന്നത്

ഇന്ത്യയുടെ സൈനിക ശക്തിയുടെയും സാസ്‌കാരിക വൈവിധ്യത്തിന്റെയും പ്രദർശനമാണ് റിപ്പബ്ലിക് ദിന പരേഡ്. ഇപ്പോൾ കർത്തവ്യപഥ് എന്നറിയപ്പെടുന്ന പഴയ രാജ്പഥിലാണ് വർഷം തോറും ജനുവരി 26 ന് പരേഡ് നടക്കുന്നത്. നിരവധിയാളുകൾ നേരിട്ടും ടെലിവിഷനിലൂടെയും ചടങ്ങിന് സാക്ഷിയാകും.

പരേഡിലെ സ്ത്രീ സന്നിധ്യം മെച്ചപ്പെടുത്താൻ സമീപ വര്‍ഷങ്ങളില്‍ കൂടുതൽ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. സായുധ സേനയിലാണ് പ്രധാനമായും മാറ്റങ്ങൾ ഉണ്ടായത്. മൂന്ന് സേനാ വിഭാഗങ്ങളില്‍ നിന്നുമായി സ്ത്രീകള്‍ മാത്രമുള്‍പ്പെട്ട കണ്ടീജന്‌റ് ആദ്യമായി പരേഡില്‍ അണിനിരന്നത് 2015 ലാണ്. കരസേനയുടെ ഡെയര്‍ഡെവില്‍സ് സംഘത്തിന്‌റെ ഭാഗമായി ആദ്യമായി ബൈക്ക് അഭ്യാസം നടത്തിയ വനിതയായി ക്യാപ്റ്റന്‍ ശിഖാ സുരഭി അഭിമാനമായത് 2019 ലും. 2020ല്‍ ക്യാപ്‌ററന്‍ താനിയ ഷെര്‍ഗില്‍ ആദ്യമായി പുരുഷ സൈനിക സംഘത്തെ പരേഡില്‍ നയിച്ചു. പരേഡിന്‌റെ ഭാഗമായി വ്യോമാഭ്യാസം നടത്തിയ ആദ്യ വനിത ഫൈറ്റര്‍ പൈലറ്റാണ് ഫ്ലൈറ്റ് ലഫ്റ്റനന്റ് ഭാവനാ കാന്ത്. 2021 ലായിരുന്നു ഇവര്‍ ചരിത്രം കുറിച്ചത്.

logo
The Fourth
www.thefourthnews.in