പോപുലർ ഫ്രണ്ടിനെ നിരോധിച്ചു

പോപുലർ ഫ്രണ്ടിനെ നിരോധിച്ചു

അഞ്ചു വര്‍ഷത്തേയ്ക്കാണ് നിരോധനം
Updated on
1 min read

പോപുലര്‍ ഫ്രണ്ടിനെ അഞ്ച് വര്‍ഷത്തേയ്ക്ക് നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. പോപുലര്‍ ഫ്രണ്ടിനേയും എട്ട് അനുബന്ധ സംഘടനകളെയും നിയമവിരുദ്ധ സംഘടനയായി കേന്ദ്രം പ്രഖ്യാപിച്ചു. രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് യുഎപിഎ നിയമപ്രകാരം ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.

രാജ്യത്ത് ഭീകര പ്രവര്‍ത്തനങ്ങളും കൊലപാതകങ്ങളും പോപുലർ ഫ്രണ്ട് നടത്തിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. പിഎഫ്‌ഐക്ക് ഇസ്ലാമിക് സ്റ്റേറ്റ് അടക്കമുള്ള ആഗോള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും നിരോധന ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ നടന്ന സഞ്ജിത്ത്, അഭിമന്യു, ബിപിന്‍ എന്നിവരുടെ കൊലപാതകങ്ങളും നിരോധനത്തിന്റ കാരണങ്ങളിലുണ്ട്.

രാജ്യത്തിന്റെ ഭരണഘടനാ സങ്കല്‍പ്പത്തെ തുരങ്കം വയ്ക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് സംഘടനയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. വിദ്യാഭ്യാസപരവും, രാഷ്ട്രീയവുമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത് എന്ന് അവകാശപ്പെടുമ്പോഴും സമൂഹത്തിന്റെ അഖണ്ഡത തകര്‍ക്കാനുള്ള രഹസ്യ അജണ്ടയുടെ പിന്‍ബലത്തിലാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെന്ന് കേന്ദ്രം വ്യക്തമാക്കുന്നു. ഉത്തർപ്രദേശ്, കര്‍ണാടക, ഗുജറാത്ത് സര്‍ക്കാരുകളാണ് നിരോധത്തിന് ശുപാര്‍ശ ചെയ്തത്.

Attachment
PDF
239179 (2).pdf
Preview

നിരോധിച്ച അനുബന്ധ സംഘടനകള്‍

റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, കേരള ജൂനിയര്‍ ഫ്രണ്ട്, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫെഡറേഷന്‍, ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട് .

അംഗത്വം വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാര്‍ത്ഥികള്‍, സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍, ഇമാമുമാര്‍, അഭിഭാഷകര്‍, സത്രീകള്‍ എന്നിവരെ ഉള്‍പ്പെടുത്താന്‍ അനുബന്ധ സംഘടനകള്‍ ഉപയോഗിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം കണ്ടെത്തി.

കഴിഞ്ഞ ദിവസങ്ങളിൽ എൻഐഎയും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും പോപുലർ ഫ്രണ്ടിൻ്റെ രാജ്യത്തെമ്പാടുമുള്ള ഓഫീസുകളിൽ റെയ്ഡ് നടത്തുകയും നിരവധി നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതിയിട്ടെന്ന് അടക്കമുള്ള ആരോപണങ്ങളാണ് അറസ്റ്റിലായ ചിലരുടെ റിമാന്‍ഡ് റിപ്പോർട്ടിൽ എൻഐഎ ആരോപിച്ചിരിക്കുന്നത്.

എൻഐഎ രാജ്യവ്യാപകമായി നടത്തിയ ഏറ്റവും വലിയ റെയ്ഡായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്. നൂറിലേറെ നോതാക്കളാണ് ഈ ദിവസങ്ങളിൽ അറസ്റ്റിലായത്.

2006ൽ രൂപികരിക്കപ്പെട്ടതുമുതൽ വിവാദങ്ങളും ദുരൂഹതകളും പോപുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് നിലനിന്ന് പോന്നു. പാർശ്വവത്ക്കരിക്കപ്പെട്ടവർക്ക് വേണ്ടി നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുമ്പോഴും, രാഷ്ട്രീയ ഇസ്ലാമിൻ്റെ ആശയടിത്തറയിൽ മുസ്ലീങ്ങളെ രാഷ്ട്രീയമായി സംഘടിപ്പിക്കുകയാണ് ഇവർ ലക്ഷ്യം വെച്ചിരുന്നത്. കേരളത്തിൽ ഇടതുപക്ഷത്തെയാണ് ഇവർ മുഖ്യമായും ശത്രുപക്ഷത്ത് നിർത്തിയത്. മുസ്ലീം സമൂദായത്തിനിടയിലെ അരക്ഷിതാവസ്ഥയെ സംഘടന മുതലെടുക്കുകയാണെന്ന ആരോപണവും ശക്തമായി.

തൊടുപുഴയിൽ ചോദ്യപേപ്പറുമായി ബന്ധപ്പെട്ട വിഷയത്തിൽ ന്യൂമാൻ കോളെജ് അധ്യാപകൻ പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയതോടെയാണ് പിഎഫ്ഐ ഏറെ വിമർശനങ്ങൾക്ക് വിധേയമാകുന്നത്. പൊതുവിൽ അതിനെ ന്യായീകരിക്കുന്ന നിലപാടുകൾ തന്നെയാണ് സംഘടന പിന്നീടും സ്വീകരിച്ചത് .

നേരത്തെ നിരോധിക്കപ്പെട്ട സിമി എന്ന സംഘടനയിൽ പ്രവർത്തിച്ചവരാണ് പിഎഫ്ഐയുടെ നേതാക്കളിൽ ചിലർ

logo
The Fourth
www.thefourthnews.in