ഹജ്ജ്: അപേക്ഷാ ഫീസ് ഒഴിവാക്കി, കേരളത്തില്‍ മൂന്ന് എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങള്‍

ഹജ്ജ്: അപേക്ഷാ ഫീസ് ഒഴിവാക്കി, കേരളത്തില്‍ മൂന്ന് എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങള്‍

ഹജ്ജ് നയത്തില്‍ കാതലായ മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍
Updated on
1 min read

ഹജ്ജ് നയത്തില്‍ കാതലായ മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍. വിഐപി ക്വാട്ടയും, 300 രൂപ രജിസ്‌ട്രേഷന്‍ ഫീസും ഒഴിവാക്കി. ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള പുറപ്പെടല്‍ കേന്ദ്രങ്ങളുടെ എണ്ണം പത്തില്‍ നിന്ന് ഇരുപത്തിയഞ്ചാക്കി ഉയര്‍ത്തുകയും ചെയ്തു. ന്യൂനപക്ഷകാര്യമന്ത്രി സ്മൃതി ഇറാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് ഹജ്ജ് നയ രൂപീകരണ യോഗത്തിലാണ് നിര്‍ണായക തീരുമാനങ്ങള്‍.

എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചതോടെ കേരളത്തില്‍ നിന്നുള്ള പുറപ്പെടല്‍ കേന്ദ്രങ്ങളുടെ എണ്ണം മൂന്നായി ഉയര്‍ന്നു. കണ്ണൂര്‍, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങള്‍ ഹജ്ജ് പുറപ്പെടല്‍ കേന്ദ്രങ്ങളാകും. വിഐപി ക്വാട്ട ഇല്ലാതാക്കിയതോടെ പ്രസിഡന്റ്, പ്രധാനമന്ത്രി, മറ്റ് മന്ത്രിമാര്‍, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എന്നിവര്‍ക്ക് അനുവദിച്ചിരുന്ന ക്വാട്ടയാണ് ഇല്ലാതായത്.

ഹജ്ജ് തീര്‍ഥാടനത്തിന്റെ സ്വകാര്യ ക്വാട്ടയും വെട്ടിക്കുറച്ചിട്ടുണ്ട്. ഹജ്ജ് ക്വാട്ട മുന്‍വര്‍ഷങ്ങളില്‍ 70 ശതമാനം ഗവണ്‍മെന്റ് ക്വാട്ടയും 30 ശതമാനം സ്വകാര്യ ക്വാട്ടയുമായിരുന്നു. എന്നാല്‍ ഇക്കുറി സ്വകാര്യ ക്വാട്ട വെട്ടിക്കുറച്ച് 20 ശതമാനമാക്കുകയും സര്‍ക്കാര്‍ ക്വാട്ട 80 ശതമാനമാക്കി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ടെന്ന് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എപി അബ്ദുള്ളക്കുട്ടി പ്രതികരിച്ചു.

തീര്‍ത്ഥാടകര്‍ കൊണ്ടുവരുന്ന ബാഗ്, കുട, ഷീറ്റുകള്‍ എന്നിവയ്ക്ക് ഇത്തവണ അധിക ചാര്‍ജ് ഈടാക്കില്ല.ഇതിലൂടെ തീര്‍ത്ഥാടകര്‍ക്ക്, കഴിഞ്ഞ വര്‍ഷത്തെക്കാള്‍ അന്‍പതിനായിരത്തോളം രൂപ ഈ വര്‍ഷം ചെലവ് കുറയുമെന്നാണ് വിലയിരുത്തല്‍.

ഇന്ത്യയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം എഴുപതിനായിരത്തോളം പേര്‍ക്ക് മാത്രം തീര്‍ത്ഥാടനത്തിന് അനുമതി ലഭിച്ചപ്പോള്‍ ഈ വര്‍ഷം 1,75,025 പേര്‍ക്കാണ് അവസരം ലഭിച്ചിരിക്കുന്നത്.

logo
The Fourth
www.thefourthnews.in