വായ്പാ തട്ടിപ്പ്; ബാങ്കുകൾക്ക് നഷ്ടം 92,570 കോടി രൂപ, വായ്പ തിരിച്ചടയ്ക്കാത്തവരിൽ മുന്നിൽ മെഹുൽ ചോക്‌സി
ശതകോടീശരന്മാരായ 50 പേർ രാജ്യത്തെ ബാങ്കുകൾക്ക് വരുത്തിയ നഷ്ടം 92,570 കോടി രൂപയെന്ന് കേന്ദ്ര സർക്കാർ. 2022 മാർച്ച് 31 വരെയുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഇക്കാര്യം പാർലമെന്റിനെ അറിയിച്ചത്. വമ്പന്മാരുടെ പട്ടികയിൽ ഒന്നാമതുള്ളത് വജ്രവ്യാപാരിയായ മെഹുൽ ചോക്‌സിയാണ്. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഗീതാഞ്ജലി ജെംസ് 7,848 കോടി രൂപയുടെ വായ്പയാണ് തിരിച്ചടയ്ക്കാനുളളത്. ധനകാര്യ സഹമന്ത്രി ഭഗവത് കരാദാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകളെ മുൻനിർത്തി ലോക്‌സഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്.
മെഹുൽ ചോക്‌സിയ്ക്ക് പിന്നാലെ രണ്ടും മൂന്നും സ്ഥാനങ്ങളിൽ എറ ഇൻഫ്ര (5879 കോടി രൂപ), റെയ്‌ഗോ അഗ്രോ (4803 കോടി രൂപ) എന്നിവരാണ് വായ്പാ കുടിശ്ശികക്കാരുടെ പട്ടികയിൽ ഉളളത്. കോൺകാസ്റ്റ് സ്റ്റീൽ ആൻഡ് പവർ (4,596 കോടി രൂപ), എബിജി ഷിപ്പ്‌യാർഡ് (3,708 കോടി രൂപ), ഫ്രോസ്റ്റ് ഇന്റർനാഷണൽ (3,311 കോടി), വിൻസം ഡയമണ്ട്‌സ് ആൻഡ് ജ്വല്ലറി (2,931 കോടി), റോട്ടോമാക് ഗ്ലോബൽ (2,893 കോടി രൂപ), കോസ്റ്റൽ പ്രോജക്ട്സ് (2311 കോടി രൂപ), സൂം ഡെവലപ്പേർസ് (2,147 കോടി രൂപ) എന്നീ കമ്പനികളാണ് പട്ടികയിലുള്ള മറ്റു കുടിശ്ശികക്കാർ.
ബാങ്കുകളിൽ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാൻ സാധിക്കുമെങ്കിലും മനഃപ്പൂർവം അതു ചെയ്യാത്തവരെ വിശേഷിപ്പിക്കുന്ന 'വിൽഫുൾ ഡിഫോൾട്ടർ'മാരുടെ ഗണത്തിൽ പെടുന്നവരാണ് ഈ 50 പേർ. ഇവർക്ക് രാജ്യത്തെ ബാങ്കുകളിൽ നിന്ന് പിന്നെ വായ്പ എടുക്കുന്നതിനോ പുതിയ ബിസിനസ് സംരംഭങ്ങൾ ആരംഭിക്കുന്നതിനോ സാധിക്കില്ല.
കുടിശ്ശിക കൂടിയതോടെ, 10.1 ലക്ഷം കോടി രൂപയുടെ വായ്പ ബാങ്കുകൾ എഴുതിത്തള്ളിയതായി ധനകാര്യ സഹമന്ത്രി പാർലമെന്റിൽ പറഞ്ഞു. ഇതിൽ, രണ്ട് ലക്ഷം കോടി രൂപ എഴുതിത്തള്ളി ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ 67,214 കോടി രൂപയുമായി പഞ്ചാബ് നാഷണൽ ബാങ്ക് രണ്ടാം സ്ഥാനത്തുണ്ട്. ഇവർക്ക് പുറമെ, സ്വകാര്യ വായ്പ നൽകുന്ന ബാങ്കുകളായ ഐസിഐസിഐ ബാങ്ക് 50,514 കോടി രൂപയും എച്ച്‌ഡിഎഫ്‌സി 34,782 കോടി രൂപയുമാണ് എഴുതിത്തളളിയത്.
എന്നാൽ, വായ്പ തിരിച്ചടയ്ക്കാത്തവർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കുമെന്നും വായ്പാ തുക തിരിച്ചുപിടിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും ഭഗവത് കരാദ് സഭയിൽ വ്യക്തമാക്കി. അതേസമയം, പഞ്ചാബ് നാഷണൽ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞയാഴ്ച സിബിഐ ഒളിവിൽ കഴിഞ്ഞുവരുന്ന മെഹുൽ ചോക്‌സിക്കെതിരെ മൂന്ന് പുതിയ എഫ്‌ഐആറുകൾ കൂടി രജിസ്റ്റർ ചെയ്തു. പഞ്ചാബ് നാഷനൽ ബാങ്കിൽനിന്നു 6,746 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ചോക്സിക്കെതിരെയുളള പരാതി. നേരത്തെ, പഞ്ചാബ് നാഷനൽ ബാങ്കിൽനിന്നും വ്യാജരേഖകൾ ചമച്ച് 14,000 കോടി രൂപയുടെ വായ്പയെടുത്തു നീരവ് മോദിയും മെഹുൽ ചോക്സിയും രാജ്യം വിട്ടിരുന്നു.