കയറ്റുമതിക്ക് മുൻപ് സർക്കാർ ലാബുകളിൽ പരിശോധിക്കണം; കഫ് സിറപ്പുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ കേന്ദ്ര നടപടി
കയറ്റുമതി ചെയ്യുന്നതിന് മുന്‍പ് ഇന്ത്യന്‍ കഫ് സിറപ്പുകള്‍ സര്‍ക്കാര്‍ ലാബുകളിൽ പരിശോധിക്കും. ഇന്ത്യന്‍ കമ്പനികളുടെ കഫ് സിറപ്പുകളുടെ ഗുണനിലവാരം സംബന്ധിച്ച് വ്യാപകമായി പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെടല്‍. ഗാംബിയയിലും ഉസ്ബെകിസ്ഥാനിലും നിരവധി കുട്ടികളുടെ മരണത്തിന് ഇന്ത്യന്‍ നിര്‍മിത കഫ് സിറപ്പുകള്‍ കാരണമായിരുന്നു.
സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്‍ നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നടപടി സ്വീകരിക്കുന്നത്. മെയ് ആദ്യവാരമാണ് ഇതുസംബന്ധിച്ച നിര്‍ദേശം മന്ത്രാലയത്തിന് കൈമാറിയത്. പൂര്‍ത്തിയായ സിറപ്പുകള്‍ സര്‍ക്കാര്‍ ലാബുകളില്‍ പരിശോധിക്കാനാണ് നിര്‍ദേശം. കയറ്റുമതിക്കയുള്ള രേഖകള്‍ക്കൊപ്പം ഇനി പരിശോധനാ ഫലവും ഹാജരാക്കണം. അതത് കമ്പനികളാണ് പരിശോധന നടത്തേണ്ടത്.
ഇന്ത്യന്‍ ഫാര്‍മോകോപ്പിയ കമ്മീഷനിലോ സര്‍ക്കാരിന് കീഴിലുള്ള ആറ് സിഡിഎസ്സിഒ ലാഹുകളിലോ പരിശോധന നടത്താനാണ് നിര്‍ദേശം. ചണ്ഡീഗഡ് , കൊല്‍ക്കത്ത, ചെന്ന ഹൈദരബാദ്, മുംബൈ, ഗുവഹത്തി, എന്നിവിടങ്ങളിലാണ് ഈ ലാഗുകള്‍. ഇവയ്ക്ക് പുറമെ നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിങ് ആന്‍ഡ് കാലിബറേഷന്‍ ലബോറട്ടറി (എന്‍എബിഎല്‍)യുടെ അംഗീകാരം ഉള്ള സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലുള്ള ലാബുകളിലും പരിശോധന നടത്താം.
ഉസ്‌ബെക്കിസ്ഥാന്‍, ഗാംബിയ, മാര്‍ഷല്‍ ദ്വീപുകള്‍, മൈക്രോനേഷ്യ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യന്‍ കഫ് സിറപ്പുകള്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിന്‌റെ നടപടി.
ഇന്ത്യയില്‍ നിര്‍മിച്ച കഫ് സിറപ്പുകള്‍ കഴിച്ച് ഗാംബിയയില്‍ 66 കുട്ടികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇന്ത്യന്‍ കമ്പനി മെയ്ഡന്‍ നിര്‍മിച്ച മരുന്നുകളായിരുന്നു ഇത്. ഇതിനു പിന്നാലെ കമ്പനിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയര്‍ന്നത്. മെയ്ഡന്‍ സ്ഥിരം നിയമലംഘകരാണെന്നും, കമ്പനിയുടെ ഭാഗത്ത് നിന്ന് മുന്‍പും വീഴ്ചയുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു.
ഇതിന് പിന്നാലെ ഇന്ത്യന്‍ നിര്‍മിത കഫ് സിറപ്പ് കഴിച്ച് രാജ്യത്ത് 18 കുട്ടികള്‍ മരിച്ചതായി ആരോപിച്ച് ഉസ്‌ബെകിസ്ഥാന്‍ സര്‍ക്കാര്‍ രംഗത്തെത്തി. ഇന്ത്യന്‍ മരുന്നു നിര്‍മാണ കമ്പനിയായ മരിയോണ്‍ ബയോടെകിനെതിരെയായിരുന്നു പരാതി. സ്ഥാപനം നിര്‍മിച്ച ഡോക് -1 മാക്‌സ് എന്ന കഫ് സിറപ്പ് അമിത അളവില്‍ ഉപയോഗിച്ച 21 കുട്ടികളില്‍ 18 പേര്‍ മരിച്ചതായി ഉസ്‌ബെക്കിസ്ഥാന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.