ഡൽഹി സർക്കാരിന്  കടിഞ്ഞാണിട്ട് പുതിയ ഓർഡിനൻസിറക്കി കേന്ദ്രം; നീക്കം സുപ്രീംകോടതി വിധി മറികടക്കാൻ

ഡൽഹി സർക്കാരിന് കടിഞ്ഞാണിട്ട് പുതിയ ഓർഡിനൻസിറക്കി കേന്ദ്രം; നീക്കം സുപ്രീംകോടതി വിധി മറികടക്കാൻ

കഴിഞ്ഞയാഴ്ച സുപ്രീം കോടതി പുറപ്പെടുവിച്ച സുപ്രധാന വിധിയിൽ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും നിയമനവും ഉൾപ്പെടെയുള്ള സേവന കാര്യങ്ങളിൽ ഡൽഹി സർക്കാരിന് എക്സിക്യൂട്ടീവ് അധികാരം നൽകിയിരുന്നു.
Updated on
1 min read

ഭരണപരമായ അധികാരം ഡൽഹി സർക്കാരിനാണെന്ന സുപ്രീംകോടതി വിധിക്ക് പിന്നാലെ പുതിയ ഓർഡിനൻസുമായി കേന്ദ്ര സർക്കാർ. ജീവനക്കാരുടെ സ്ഥലമാറ്റം,നിയമനം വിജിലൻസ് എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഡൽഹി ലെഫ്റ്റനന്റ് ഗവർണർക്ക് ശുപാർശകൾ നൽകുന്നതിനായി നാഷണൽ ക്യാപിറ്റൽ സർവീസ് അതോറിറ്റി രൂപീകരിച്ച് സർക്കാർ ഓർഡിനൻസ് ഇറക്കി. നാഷണൽ ക്യാപിറ്റൽ ടെറിട്ടറി ഓഫ് ഡൽഹി (ജിഎൻസിടിഡി) നിയമത്തെ ഭേ​ദ​ഗതി ചെയ്യാനാണ് ഓർ‍‍ഡിനൻസ് കൊണ്ട് സർക്കാർ ലക്ഷ്യമിടുന്നത്.

കഴിഞ്ഞയാഴ്ച സുപ്രീംകോടതി പുറപ്പെടുവിച്ച സുപ്രധാന വിധിയിൽ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും നിയമനവും ഉൾപ്പെടെയുള്ള സേവന കാര്യങ്ങളിൽ ഡൽഹി സർക്കാരിന് എക്സിക്യൂട്ടീവ് അധികാരം നൽകിയിരുന്നു. പോലീസ്, ഭൂമി, പൊതുസമാധാനം എന്നിവ ഒഴികെയുള്ള അധികാരങ്ങൾ സംസ്ഥാനത്തിനാണെന്നും മന്ത്രിസഭയുടെ നിർദേശ പ്രകാരമാണ് ലഫ്റ്റനന്റ് ഗവർണർ ​പ്രവർത്തിക്കേണ്ടതെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഏകകണ്ഠമായി വിധിച്ചത്.

ഡൽഹി സർക്കാരിന്  കടിഞ്ഞാണിട്ട് പുതിയ ഓർഡിനൻസിറക്കി കേന്ദ്രം; നീക്കം സുപ്രീംകോടതി വിധി മറികടക്കാൻ
ഡൽഹി അധികാരത്തർക്കം: കേന്ദ്രത്തിന് തിരിച്ചടി; ഭരണപരമായ അധികാരം സംസ്ഥാന സർക്കാരിനെന്ന് സുപ്രീംകോടതി

ദേശീയ തലസ്ഥാനമെന്ന നിലയിലുള്ള പ്രത്യേക പദവി കണക്കിലെടുത്ത്, പ്രാദേശികവും ദേശീയവുമായ ജനാധിപത്യ താൽപ്പര്യങ്ങൾ സന്തുലിതമാക്കുന്നതിന് നിയമപ്രകാരം ഒരു ഭരണസംവിധാനം രൂപപ്പെടുത്തേണ്ടതുണ്ടെന്നാണ് പുതിയ ഓർഡിനൻസിൽ പറയുന്നത്. ഉദ്യോ​ഗസ്ഥരുടെ സ്ഥലമാറ്റം, നിയമനം, വിജിലൻസ് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ലെഫ്റ്റനന്റ് ഗവർണർക്ക് ശുപാർശകൾ നൽകാൻ ഡൽഹി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഒരു സ്ഥിരം അതോറിറ്റി രൂപീകരിക്കുന്നുവെന്നും ഓർഡിനൻസിൽ പറയുന്നു.

ഡൽഹി സർക്കാരിന്  കടിഞ്ഞാണിട്ട് പുതിയ ഓർഡിനൻസിറക്കി കേന്ദ്രം; നീക്കം സുപ്രീംകോടതി വിധി മറികടക്കാൻ
ഡൽഹിയിലെ അധികാരത്തർക്കം: എന്താണ് കേസിന്റെ പശ്ചാത്തലം?

ഡൽഹി മുഖ്യമന്ത്രി, ജിഎൻസിടിഡി ചീഫ് സെക്രട്ടറി, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരടങ്ങുന്നതാണ് പുതിയ അതോറിറ്റി. ഓർഡിനൻസ് അനുസരിച്ച്, അതോറിറ്റി തീരുമാനിക്കേണ്ട എല്ലാ കാര്യങ്ങളും ഹാജരുള്ളവരുടെയും വോട്ടുചെയ്യുന്നവരുടെയും ഭൂരിപക്ഷം വോട്ടുകളാൽ തീരുമാനിക്കപ്പെടും. സംസ്ഥാന സർക്കാരിന്റെ അധികാരം വെട്ടിക്കുറയ്ക്കാനാണ് പുതിയ ഓർഡിനൻസ് കൊണ്ട് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. പുതിയ അതോറിറ്റിയുടെ രൂപീകരണത്തോടെ, എന്തെങ്കിലും കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസം വന്നാൽ ലഫ്റ്റനന്റ് ഗവർണർക്ക് തീരുമാനം എടുക്കാം. സേവന കാര്യങ്ങളിൽ തീരുമാനത്തിൽ വ്യത്യാസം വരുത്താൻ ലഫ്റ്റനന്റ് ഗവർണർക്ക് അധികാരമുണ്ട്. കൂടാതെ ഫയലുകൾ പുനഃപരിശോധിക്കാനും തിരികെ അയയ്ക്കാനും ഗവർണർക്ക് കഴിയും.

സേവന കാര്യങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാർ എക്സിക്യൂട്ടീവിന് അധികാരം നൽകുന്ന സുപ്രീം കോടതി വിധി ഓർഡിനൻസിലൂടെ മാറ്റാൻ സർക്കാർ ഗൂഢാലോചന നടത്തുകയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ആരോപിച്ചിരുന്നു. ഓർഡിനൻസ് കൊണ്ടുവന്ന് സുപ്രീം കോടതിയുടെ വിധി മറികടക്കാൻ ലഫ്റ്റനന്റ് ഗവർണറും കേന്ദ്രവും ഗൂഢാലോചന നടത്തുകയാണെന്ന് മന്ത്രി സൗരഭ് ഭരദ്വാജും ആരോപണം ഉയർത്തിയിരുന്നു.

ഭരണ നിർവഹണം സംബന്ധിച്ച തർക്കത്തിൽ അനുകൂലമായ വിധി വന്നതിന് പിന്നാലെ സർവീസസ് സെക്രട്ടറിയായിരുന്ന ആശിഷ് മോറയെ അരവിന്ദ് കെജ്‌രിവാൾ മാറ്റിയിരുന്നു. തുടർന്ന്‌, ഡൽഹിയുടെ പുതിയ സർവീസസ് സെക്രട്ടറിയായി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ എ കെ സിങ്ങിനെ നിയമിക്കുന്നതിന് അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ഡൽഹി സർക്കാർ അയച്ച നിർദ്ദേശം ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി കെ സക്സേന അംഗീകരിച്ചു.

logo
The Fourth
www.thefourthnews.in