ഇന്ത്യയിൽ  കോവിഡ് കേസുകൾ കൂടുന്നു; മാർഗനിർദേശം പുതുക്കി കേന്ദ്രസർക്കാർ

ഇന്ത്യയിൽ കോവിഡ് കേസുകൾ കൂടുന്നു; മാർഗനിർദേശം പുതുക്കി കേന്ദ്രസർക്കാർ

രോഗനിർണയം നടത്താതെ ആൻറിബയോട്ടിക്കുകൾ ഉപയോഗിക്കരുതെന്ന് കേന്ദ്രസർക്കാർ
Updated on
1 min read

ഇന്ത്യയിൽ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ മാർഗനിർദേശം പുതുക്കി കേന്ദ്രസർക്കാർ. രോഗ ബാധയെ പ്രതിരോധിക്കാൻ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് ചില സംസ്ഥാനങ്ങൾക്ക് കേന്ദ്രം കത്തെഴുതിയതിന് പിന്നാലെയാണ് മാർഗനിർദേശം പുതുക്കിയത്. രോഗനിർണയം നടത്താതെ ആൻറിബയോട്ടിക്കുകൾ ഉപയോഗിക്കരുതെന്നും മറ്റ് അണുബാധയുമായി കോവിഡ് സംയോജിക്കാനുള്ള സാധ്യതയുണ്ടെന്നും പുതുക്കിയ മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു. ചെറിയ രീതിയിൽ രോഗ ലക്ഷണങ്ങളുള്ളവർക്ക് കോർട്ടികോ സ്റ്റിറോയിഡുകൾ ശുപാർശ ചെയ്യുന്നത് ഒഴിവാക്കണമെന്നും പറയുന്നു.

അതേസമയം കോവിഡ് ബാധയ്ക്ക് ഉപയോഗിക്കാത്ത ഹൈഡ്രോക്‌സിക്ലോറോക്വിൻ, ഐവർമെക്റ്റിൻ, മോൾനുപിരാവിർ, ഫാവിപിരാവിർ തുടങ്ങിയ മരുന്നുകൾ ഇത്തവണ മാർഗനിർദ്ദേശത്തിൽ ഉൾപ്പെടുത്തിട്ടുണ്ട്.രോഗലക്ഷണം പ്രകടമാകുന്നവർക്ക് 5 ദിവസം വരെ റെംഡെസിവിർ നൽകാനും ശുപാർശ ചെയ്യുന്നു. രോഗപ്രതിരോധത്തിനായി കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക,ശാരീരിക അകലം പാലിക്കുക, മാസ്‌ക് ഉപയോഗിക്കുക,ശരീരത്തിലെ താപനിലയും ഓക്‌സിജൻ സാച്ചുറേഷനും നിരീക്ഷിക്കുക തുടങ്ങിയ കാര്യങ്ങളും മാർഗ്ഗനിർദേശത്തിൽ പറയുന്നു.കഠിനമായ പനി,ശ്വാസംമുട്ട്,ചുമ തുടങ്ങിയ രോഗലക്ഷണങ്ങൾ 5 ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുകയാണെങ്കിൽ ഉടൻ വൈദ്യസഹായം തേടണമെന്നും ഡോക്ടറുമായി എപ്പോഴും സമ്പർക്കം പുലർത്തണമെന്നും വ്യക്തമാക്കി.

അതിനിടെ രാജ്യത്തെ ദിനംപ്രതിയുള്ള പുതിയ കോവിഡ് കേസുകള്‍ 1000 കടന്നു. 1071 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് പുതുതായി കോവിഡ് ബാധിച്ചത്. ഒരു മാസത്തിനുള്ളില്‍ പത്ത് മടങ്ങ് വര്‍ധനവാണ് കോവിഡ് കേസുകളിലുണ്ടായത്. ഫെബ്രുവരി 21ന് 100 ല്‍ താഴെ (95) എത്തിയ കേസുകളാണ് ഇന്ന് ആയിരത്തിലേറെയായി ഉയര്‍ന്നത്. ഇതിനുമുമ്പ് നവംബര്‍ 10നാണ് ആയിരത്തിലേറെ പുതിയ കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്ര (249), ഗുജറാത്ത് (179), കേരളം (163), കര്‍ണാടകം (121) എന്നീ സംസ്ഥാനങ്ങളിലാണ് എറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. തമിഴ്നാട് (64), ഡല്‍ഹി (58), ഹിമാചല്‍ പ്രദേശ് (52) തുടങ്ങിയ സംസ്ഥാനങ്ങളിൽ കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്.

logo
The Fourth
www.thefourthnews.in