ചെങ്കോട്ടയിൽ കുകി - മെയ്തി വിഭാഗങ്ങളുടെ പ്രതിഷേധത്തിന് സാധ്യത; മുന്നറിയിപ്പുമായി രഹസ്യാന്വേഷണ ഏജൻസി
മണിപ്പൂരിലെ സംഘർഷം കണക്കിലെടുത്ത് ചെങ്കോട്ടയിൽ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളിൽ കുകി- മെയ്തി വിഭാഗങ്ങളുടെ പ്രതിഷേധത്തിനുളള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയുടേതാണ് റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ സർക്കാർ വിരുദ്ധ പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളും ഉയരാനുള്ള സാധ്യതയുമുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് രഹസ്യാന്വേഷണ ഏജൻസി മുന്നറിയിപ്പ് നൽകിയത്.
അതിനിടെ, ചെങ്കോട്ടയിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷങ്ങളിലേക്ക് ക്ഷണിക്കപ്പെട്ട വിശിഷ്‌ടാതിഥികളുടെ പട്ടിക പുറത്തിറക്കി. രാജ്യത്തിന്റെ വികസനത്തിൽ സുപ്രധാന പങ്ക് വഹിച്ചിട്ടുളളതും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളതും വ്യത്യസ്‌ത ജീവിത മേഖലകളിൽ നിന്നുള്ളതുമായ 1800 പേരെയാണ് സർക്കാർ പരിപാടിയിലേക്ക് ക്ഷണിച്ചിരിക്കുന്നത്. വൈബ്രന്റ് വില്ലേജസ് പ്രോഗ്രാമിലെ വിദഗ്ദർ, അധ്യാപകർ, നഴ്‌സുമാർ, കർഷകർ, മത്സ്യത്തൊഴിലാളികൾ, ന്യൂഡൽഹിയിലെ സെൻട്രൽ വിസ്ത പദ്ധതിയുടെ നിർമ്മാണത്തിന് സംഭാവന നൽകിയ തൊഴിലാളികൾ, ഖാദി മേഖലയിലെ തൊഴിലാളികൾ, ദേശീയ അവാർഡുകൾ നേടിയ സ്കൂൾ അധ്യാപകർ, ബോർഡർ റോഡ്‌സ് ഓർഗനൈസേഷനിലെ ജീവനക്കാർ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടപ്പാക്കിയ 'അമൃത് സരോവർ', 'ഹർ ഘർ ജൽ യോജന' പദ്ധതികളിൽ പങ്കാളികളായവർ അടക്കമുളളവരാണ് ചടങ്ങിൽ പങ്കെടുക്കുന്നത്.
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ (പിഎം-കിസാൻ) ഭാഗമായ 50 കുടുംബങ്ങളും ചടങ്ങിൽ പങ്കെടുക്കും. 50 നഴ്സുമാർക്കാണ് ചടങ്ങിലേക്ക് ക്ഷണമുള്ളത്. കോവിഡ് സമയത്ത് മികച്ച പ്രവർത്തനം നടത്തിയ ആരോഗ്യപ്രവർത്തകരുൾപ്പെടെയാണ് പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്.